കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
Tuesday, September 26, 2023 10:41 AM IST
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ നടപടികൾ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും.
കരുവന്നൂർ തട്ടിപ്പിന് പിന്നാലെ അതുമായി ബന്ധമുള്ള മറ്റു സഹകരണ ബാങ്കുകളിലും ഇഡി പരിശോധന തുടർന്നിരുന്നു.
അയ്യന്തോൾ ബാങ്കിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് തൃശൂർ സഹകരണ ബാങ്കിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിയത്.
കരുവന്നൂർ തട്ടിപ്പിൽ പ്രവർത്തിച്ചവർക്ക് ഈ ബാങ്കുകളിലും പണമിടപാട് ഉണ്ടായിരുന്നുവെന്നും നിക്ഷേപങ്ങൾ നടന്നിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
തിങ്കളാഴ്ച സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെ ഇഡി പത്തുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇഡി തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് കണ്ണൻ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കണ്ണൻ വെള്ളിയാഴ്ച വീണ്ടും ഇഡിയ്ക്കു മുന്നിൽ ഹാജരാകണം.
കണ്ണന് പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്.
ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്തത്.