മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മുങ്ങി മരിച്ചു
Wednesday, July 9, 2025 8:39 PM IST
പാലാ: കോട്ടയം അരുവിത്തുറയിൽ മിനിച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മുങ്ങി മരിച്ചു. ഐറിൻ ജിമ്മി (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നിന് വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു.
അഗ്നിശമനസേനയെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐറിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് കാണിച്ചിരുന്നു. പിന്നീട് ഐറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മി-അനു ദന്പതികളുടെ മകളാണ് ഐറിൻ.