സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
Thursday, July 17, 2025 9:12 AM IST
തൃശൂർ: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കുരുവിലശേരി മാരിക്കല്‍ കരിപാത്ര സഹദേവൻ(64) ആണ് മരിച്ചത്.
വേദനയ്ക്കിടയിലും സഹദേവൻ റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
വാഹനത്തില്‍ ഒമ്പത് വിദ്യാര്‍ഥികളും സ്കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന് കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു ഇതുവഴി വന്ന കാറിലാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്. മരുമകന്: കൃഷ്ണകുമാര്‍.