നടപടികൾ അതിവേഗം പൂർത്തിയാക്കി; ഷെറിൻ ജയിൽ മോചിതയായി
Thursday, July 17, 2025 5:31 PM IST
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. നിലവിൽ പരോളിലായിരുന്ന ഇവർ അതീവ രഹസ്യമായി കണ്ണൂർ വനിതാ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
ഷെറിനടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഷെറിൻ ഉൾപ്പടെയുള്ളവരെ മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
2009ൽ ഭര്‍ത്തൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്. ഷെറിന്റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശേരി സ്വദേശി നിഥിന്, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇവർക്ക് 500 ദിവസം പരോള്‍ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ഷെറിനെ മോചിപ്പിക്കണമെന്ന് ജയില്‍ ഉപദേശകസമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.