വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം; ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് പണിമുടക്ക്
Monday, July 21, 2025 3:17 AM IST
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല.
ചൊവ്വാഴ്ചക്ക് മുമ്പ് പ്രശ്നം വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബസ് ഉടമകൾ തീരുമാനിച്ചത്. എന്നാൽ ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.
കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കിലോമീറ്റർ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു.