ചോദ്യങ്ങളുമായി പ്രതിപക്ഷം; പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
Monday, July 21, 2025 4:06 AM IST
ന്യൂഡൽഹി: ഒരുമാസം നീണ്ടു നിൽക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെ 21 സിറ്റിംഗാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും.
ജിഎസ്ടി ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ, ജൻ വിശ്വാസ് ബിൽ, മൈനസ് ആൻഡ് മിനറൽസ് ബിൽ, നാഷണൽ ആന്റി ഡോപ്പിംഗ് ബില്ലടക്കം പുതുയ എട്ടു ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ആദായനികുതി ബിൽ, ഇന്ത്യൻ പോർട്സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചർച്ച നടത്തും.
സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തിന് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ - പാക് സംഘർഷത്തിൽ ട്രംപിന്റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എംപിമാർ തയാറാക്കിയിട്ടുണ്ട്. പാർലമെന്റ് സമ്മേളന കാലയളവിൽ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കും.