വി. എസിന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും; സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കും
Tuesday, July 22, 2025 3:55 AM IST
ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും. സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഇന്നത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വച്ചെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വി.എസിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.