"പ്രതിഷേധത്തിനിടെ വനിതാ എംപിമാരെ ആക്രമിച്ചു'; കേന്ദ്രമന്ത്രിമാർക്കെതിരേ തൃണമൂൽ കോൺഗ്രസ്
Wednesday, August 20, 2025 6:01 PM IST
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്നീത് സിംഗ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്.
ലോക്സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം.
ടിഎംസി എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കവേയായിരുന്നു സംഭവമെന്ന് ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു. മന്ത്രിമാർ രാജിവയ്ക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു.
ഞങ്ങള്‍ ബില്ലിനെതിരേ പ്രതിഷേധിച്ചുകൊണ്ടിരിക്കേ, കേന്ദ്രമന്ത്രിമാരായ രവ്നീത് സിംഗ് ബിട്ടുവും കിരണ്‍ റിജിജുവും എന്നെ ആക്രമിച്ചു. അവര്‍ എന്നെ തള്ളിമാറ്റി. ഇത് അപലപനീയമാണ്. മിതാലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.
മുപ്പതുദിവസം തുടര്‍ച്ചയായി ജയിലില്‍ കഴിയുന്നപക്ഷം പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏതുമന്ത്രിയേയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു നടത്തിയത്.