ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ്ങളുടെ ഓരോ അവതരണത്തിനും പിന്നിൽ കാലങ്ങളുടെ കഠിനാധ്വാനമുണ്ട്. നിയന്ത്രണങ്ങളും പരിമിതികളും ഏറിയതോടെ സർക്കസ് കന്പനികൾ പലതും കൂടൊഴിഞ്ഞു. അവശേഷിക്കുന്ന കലാകാരൻമാരുടെ ജീവിതമാകട്ടെ പ്രതിസന്ധികളുടെ നടുവിലും.
കലാകായികരംഗം അടിമുടി ഹൈടെക് സംവിധാനങ്ങളിലേക്കു മാറുന്ന ഇക്കാലത്തും സർക്കസ് കൂടാരങ്ങളുടെ നിർമിതിക്കു രൂപമാറ്റമില്ല. കൂറ്റൻ നാല് ഇരുന്പുതൂണുകളിൽ പടുത വിതാനിച്ച് ചുറ്റും കന്പിവേലികൾ നിരത്തി കൊടിതോരണങ്ങളിൽ അലങ്കരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പണിതീർക്കുന്ന കൂടാരത്തിന് എക്കാലവും ഒരേ സ്റ്റൈൽ. പുതിയ ഇനം കളികളും ഓൺലൈൻ രസങ്ങളുമൊക്കെ വന്നുപോകുന്പോഴും സർക്കസ് അഭ്യാസം കാണാനുള്ള ജനങ്ങളുടെ കന്പത്തിന് കുറവൊന്നുമില്ല.
ജീവൻ പണയപ്പെടുത്തിയ ഈ ഞാണിൻമേൽകളിയിൽ ഓരോരോ കാലത്ത് ചട്ടങ്ങളും വേലിക്കെട്ടുകളും ഏറിവന്നതോടെ പേരെടുത്ത സർക്കസ് കന്പനികൾ പലതും കർട്ടൻതാഴ്ത്തി. ജംബോ, ജെമിനി, ഗ്രാൻഡ്, ഗ്ലോബൽ, റോയൽ, ഭാരത്, ജൂബിലി, രാജ്കമൽ, ബോംബെ, മഹാരാജ തുടങ്ങി എത്രയെത്ര കന്പനികൾ നാടും മറുനാടും ചുറ്റിക്കളിച്ചു. മലയാളികളുടേതായി മാത്രം ഇരുപതിലേറെ സർക്കസ് കന്പനികളുണ്ടായിരുന്നതിൽ ശേഷിക്കുന്നത് ഇനി രണ്ടോ മൂന്നോ മാത്രം.
മുൻപ് ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലമായിരുന്നു തലശേരി. ഒന്നേ കാൽനൂറ്റാണ്ട് മുൻപ് സർക്കസ് പരിശീലനശാലയും അവിടെയുണ്ടായിരുന്നു. തലശേരിയിൽനിന്നു മാത്രം വിവിധ സർക്കസ് കന്പനികളിലായി രണ്ടായിരത്തിലേറെ കലാകാരൻമാർ. നിലത്തും അന്തരീക്ഷത്തിലും നെറ്റിലും വടത്തിലും തുണിയിലുമൊക്കെയായി അഭ്യാസങ്ങളുടെ വിസ്മയക്കാഴ്ചകൾ. കാൽ നൂറ്റാണ്ടിനപ്പുറം ഒരു കാഴ്ചബംഗ്ളാവുതന്നെയായിരുന്നു സർക്കസ് കൂടാരം.
ആന, കുതിര, പുലി, ഒട്ടകം, സിംഹം, കടുവ, ജിറാഫ്, ഹിപ്പോ തുടങ്ങി മൃഗങ്ങളുടെ പരേഡും കളികളുമായിരുന്നു സർക്കസ് സ്റ്റാറ്റസ് സിംബൽ. മൃഗങ്ങൾക്കും പക്ഷികൾക്കും നിയന്ത്രണം വരുത്തിയതോടെ പ്രതാപം ഏറെ മങ്ങി. രണ്ടര മണിക്കൂർ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭ്യാസങ്ങൾ. അപാരമായ മെയ് വഴക്കത്തിനൊപ്പം ശ്രദ്ധയും ജാഗ്രതയും സാഹസികതയും ഒന്നുപോലെ വേണ്ട കലാരൂപം. ഓരോ സർക്കസുകാരും ഓരോ വർഷവും പുതുമയുള്ള ഇനങ്ങളുമായാണ് കളംപിടിച്ചിരുന്നത്.
വിലങ്ങിട്ട കോവിഡ്
കോവിഡ് മഹാമാരിയുടെ കൂച്ചുവിലങ്ങിൽ നിരവധി സർക്കസ് കന്പനികളാണ് നാടുനീങ്ങിയത്. ജീവൻ പണയംവച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനെക്കാൾ വലിയ പ്രതിസന്ധിയാണ് ഈ കലാകാരൻമാർ കോവിഡിൽ നേരിട്ടത്. തന്പുകൾ അടച്ചതോടെ കുരുങ്ങിപ്പോയ ഇടങ്ങളിൽ പ്രദേശവാസികളും സന്നദ്ധസംഘടനകളും ഭക്ഷണം വരെ നൽകിയാണ് ഈ കലാകാരൻമാരെ നിലനിറുത്തിയത്.
തലശേരി കേന്ദ്രമായ ജെമിനി, ജംബോ തുടങ്ങി വിരലിലെണ്ണാവുന്ന കന്പനികൾ മാത്രമേ മഹാമാരിക്കുശേഷം വീണ്ടും കൂടാരംകെട്ടി കളി തുടങ്ങിയിട്ടുള്ളു. വൃത്താകൃതിയിലുള്ള കൊട്ടിലിനുള്ളിൽ ബ്യൂഗിൾ സംഗീതത്തിന്റെയും ഡ്രംസെറ്റ് താളങ്ങളുടെയും വർണപ്രഭയുടെയും അകന്പടിയിൽ ഒന്നിനുപിന്നാലെ കടന്നുവരുന്ന പ്രകടനങ്ങൾ കാണികളുടെ നെഞ്ചിടിപ്പുയർത്തും. ഇടവേളകളിൽ കോമാളി വേഷധാരികളും ഉയരത്തിലെ ചെറിയവരും രസക്കൂട്ടുകളുമായി വേദിയിലെത്തും.
സർക്കസിലെ പല അഭ്യാസങ്ങളും കാലങ്ങളായി തുടരുന്ന ഇനങ്ങളാണെങ്കിലും ഓരോ അവതരണവും പുതുമ നിറഞ്ഞതാണ്. 40 അടി ഉയരത്തിൽ പറന്നും തിരിഞ്ഞും മറിഞ്ഞുമുള്ള ഉൗഞ്ഞാലാട്ടം, റിംഗ് ഓഫ് ഡെക്ക്, റഷ്യൻ അഭ്യാസമായ ഉല്ലാഹു, റിംഗ് ബാലൻസ്, മരണക്കൂട്ടിലെ ബൈക്ക് റേസിംഗ്, സൈക്കിൾ അഭ്യാസങ്ങൾ, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങൾ. ഒപ്പം തീക്കളിയും കത്തിയേറും വെടിവയ്പും.
നെഞ്ചിടിപ്പുയർത്തുന്ന കാർ റേസിംഗും പന്തമേറുമൊക്കെ നിലച്ചുപോയി. സാഹസിക ഇനങ്ങൾ തുടർന്നും അവതരിപ്പിക്കാൻ പുതിയ തലമുറ കടന്നുവരുന്നില്ല. അതിനാൽ പുതുമയേറിയ ഇനങ്ങളുമായി വിദേശതാരങ്ങളെ എത്തിക്കുകയാണ് സർക്കസ് കന്പനികൾ. മലയാളി താരങ്ങളുടെ എണ്ണം തന്പുകളിൽ വിരലിലെണ്ണാനോളം ചുരുങ്ങിയതോടെ ഇതര സംസ്ഥാനക്കാരും നേപ്പാൾ, റഷ്യ, ബംഗ്ളാദേശ്, എത്യോപ്യ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഏറെപ്പേരും.
സർക്കസ് നഷ്ടക്കളിയായി കൂടാരങ്ങൾ അടച്ചുകൊണ്ടിരിക്കെയാണ് കോവിഡിന്റെ വിളയാട്ടം. രണ്ടു വർഷത്തോളം കലാകാരൻമാർ ഒറ്റപ്പെട്ട തുരുത്തിൽപ്പെട്ടവരെപ്പോലെ ദുരിതപ്പെട്ടു. സർക്കസ് വരുമാനത്തിൽനിന്നുമാത്രം വീടു പോറ്റുന്നവരാണ് ഇവരേറെയും. ജെമിനി സർക്കസിലെ ഇരുനൂറിൽപ്പരം കലാകാരൻമാർക്കും കോവിഡ് വറുതിക്കാലത്തും പകുതി ശന്പളം നല്കിയതായി ജെമിനി സർക്കസ് മാനേജർ തലശേരി സ്വദേശി സേതുമോഹനൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ ട്രെയിനുകൾ ഓടിതുടങ്ങിയതോടെ വീടുകളിലേക്ക് അയച്ചു. വിദേശതാരങ്ങളെ ഫ്ളൈറ്റുകൾ ആരംഭിച്ചതോടെ തിരികെ അയച്ചു.
വിലക്കുവീണ കളി
അപ്രതീക്ഷിതമായ തടസങ്ങളും അപകടങ്ങളും ഏതു നിമിഷവും സംഭവിക്കാവുന്ന രംഗമാണിത്. ഹർത്താലോ പ്രളയമോ പകർച്ചവ്യാധിയോ സംഭവിച്ചാൽ നഷ്ടം പെരുകും. പരിമിതികൾ പലതെങ്കിലും ഈ കലയോടുള്ള കന്പവും ഇതിലെ മുതൽമുടക്കും പരിഗണിച്ച് ഉടമകൾ കന്പനി നിലനിറുത്തുന്നുവെന്നു മാത്രം. ദിവസം നാലഞ്ചു ലക്ഷം രൂപയെങ്കിലും വരുമാനമില്ലാതെ കളിയും കന്പനിയും മുന്നോട്ടുപോകില്ല.
ജീവനക്കാരുടെ ശന്പളത്തിന് പുറമെ കുടിവെള്ളം, സ്ഥലം വാടക, ഇൻഷുറൻസ്, ചികിത്സ, ഭക്ഷണം, വൈദ്യുതി, ഗതാഗതം തുടങ്ങി ചെലവുകൾ വേറെ. രാജ്യത്ത് ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള പ്രതികരണമാണ് സർക്കസിന് ലഭിക്കുക. ഓരോ സംസ്ഥാനത്തും കളിക്കാൻ അനുയോജ്യമായ കാലാവസ്ഥയും സീസണും മൈതാനവുമൊക്കെ ഒത്തുകിട്ടണം. ഇത്തരം സൗകര്യങ്ങൾ ക്രമീകരിക്കാൻ മാത്രം ഒരു ടീം കൂടാരത്തിനു പുറത്തുണ്ടാകും.
മൃഗങ്ങളും പക്ഷികളും ഉൾപ്പെടെയുള്ള കാലമായിരുന്നു സർക്കസുകളുടെ സുവർണകാലം. 25 വർഷമായി സർക്കസിൽ മൃഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. മൃഗങ്ങളെ കൈകാര്യം ചെയ്തിരുന്നതൊക്കെ സാഹസികമായിരുന്നെങ്കിലും തന്പിനുള്ളിലെ ഇരുന്പുവേലിക്കെട്ടിനുള്ളിൽ മൃഗങ്ങൾ തീക്കുണ്ഠത്തിലൂടെ പായുന്നതും ചാടുന്നതും അവയുടെ മുകളിലൂടെ സവാരി നടത്തുന്നതുമൊക്കെ ശ്വാസമടക്കി ഇരുന്നു കണ്ടവരാണ് പ്രേക്ഷകർ.
സർക്കസ് മൃഗങ്ങളെ സർക്കാർ ഏറ്റെടുത്തെങ്കിലും പരിചരണം ലഭിക്കാതെ ഏറെയും പിൽക്കാലത്ത് ചത്തൊടുങ്ങി. സുന്ദരിപ്പെണ്കുട്ടികളുടെ നിർദേശമനുസരിച്ചു പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന പ്രാവുകളും വർണത്തത്തകളുമൊക്കെ കൂടൊഴിഞ്ഞു. വണ്ടികൾ ഓടിച്ചും ചാടിമറിഞ്ഞും പ്രേക്ഷകരെ രസിപ്പിച്ച നായക്കൂട്ടങ്ങളും വിസ്മൃതിയിലായി.
ഓരോ കളിയിലും പുതിയ ഇനങ്ങളുമായെത്തി പ്രേക്ഷകരെ രസിപ്പിച്ച ആനകളും കൂടാരമൊഴിഞ്ഞു. ആനകളെ വിരൽതുന്പിൽ നിയന്ത്രിക്കുകയും തുന്പിക്കൈയിൽ നൃത്തമാടുകയും ചെയ്തിരുന്ന യുവതികളും വേദിയൊഴിഞ്ഞു. ഗതകാല സ്മരണകളുയർത്തി തന്പുകളുടെ മുന്നിൽ ഇക്കാലത്ത് പോയകാല സർക്കസ് മൃഗങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഇപ്പോൾ നിർമിച്ചുവച്ചിരിക്കുന്നു.
ജീവിതം കഠിനം
2011 ഏപ്രിലിൽ സർക്കസിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് സുപ്രീം കോടതി വിലക്കി. സർക്കസ് ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളി പുതിയതാരങ്ങളുടെ കടന്നുവരവില്ലാത്തതാണ്. ചെറിയ പ്രായത്തിൽ അഭ്യാസം തുടങ്ങിയാൽ മാത്രമേ ജിംനാസ്റ്റിക്കിലെ നൂതനമായ അഭ്യാസങ്ങൾ പരിശീലിപ്പിക്കാനാകൂ. 18 വയസിനുശേഷമാണ് ഇക്കാലത്ത് പലരും സർക്കസിലെത്തുന്നത്. മാത്രവുമല്ല അൻപത് വയസിനപ്പുറം ഇനങ്ങൾ അവതരിപ്പിക്കുക എളുപ്പമല്ല. ഈ രംഗത്തെ നിലനിറുത്താൻ സർക്കസ് ഒരു സ്പോർട്്സ് ഇനമായി പരിഗണിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
എക്കാലവും എല്ലാ പ്രായക്കാരെയും ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ കലയാണ് സർക്കസ്. എന്നാൽ ഓരോ നിമിഷവും ജീവനും ജീവിതവും പണയം വച്ചാണ് കാണികളെ ഉല്ലസിപ്പിക്കുന്നതെന്ന് ആസ്വാദകർ അറിയുന്നില്ല. അക്ഷരാർഥത്തിൽ ഇവരുടെ ജീവിതം ഒരു ട്രപ്പീസ്കളിയാണ്.
നിസാരമെന്നു തോന്നാവുന്ന ഇനങ്ങൾപോലും മാസങ്ങളുടെയും വർഷങ്ങളുടെയും കഠിനപരിശീലനത്തിലാണ് സ്റ്റേജിൽ എത്തിക്കുക. കാലത്തിന്റെ കുത്തൊഴുക്കിൽ സർക്കസ് എന്ന കലാരൂപത്തിന് ചെറിയതോതിൽ മങ്ങലേറ്റിരുന്നു. പക്ഷെ സർക്കസ് പഴയ പ്രൗഢിയും പ്രതാപവുമായി തിരിച്ചെത്തിയെന്നാണ് ഈ രംഗത്ത് തുടരുന്ന കലാകാരൻമാരുടെ അഭിപ്രായം.
ഒരേ സമയം കലയും കായികവുമാണ് സർക്കസ്. ദിവസവും രാവിലെ രണ്ടു മണിക്കൂർ പതിവ് പരിശീലനത്തിനു ശേഷമാണ് താരങ്ങൾ കാണികൾക്കു മുന്നിൽ അഭ്യാസപ്രകടനങ്ങളുമായി എത്തുന്നത്.
റിംഗ് മാസ്റ്റർമാരുടെ ശിക്ഷണത്തിൽ രാവിലെ ഏഴു മുതൽ ഒന്പതു വരെയാണ് പരിശീലനം. തുടർന്നാണ് ഓരോ പ്രദർശനത്തിലും സമയക്രമം അനുസരിച്ച് ആകർഷകമായ വേഷവിധാനത്തോടെ താരങ്ങൾ അരങ്ങിലെത്തുന്നത്.
ഒരു ദിവസം മൂന്നു ഷോകളാണ് സാധാരണയായി ഉണ്ടാവുക. കാന്പിൽ കഴിയുന്ന ഭൂരിഭാഗം പേരും യുവാക്കളും കുടുംബമായി കഴിയുന്നവരുമാണ്. ഭാര്യയും ഭർത്താവും തന്പിലെ താരങ്ങളായിരിക്കും. ഒരേ അഭ്യാസ പ്രകടന ഇനം നടത്താൻ പരിശീലനം നേടിയ മൂന്നു പേരെങ്കിലും ഒരു തന്പിലുണ്ടാകും. ഓരോ താരങ്ങളും മാറിമാറിയാണ് ഷോയിൽ പങ്കെടുക്കുന്നത്. ഓരോ ദിവസവും പുതിയ കളികൾ മാറിമാറി നടത്തിയാലേ പ്രക്ഷേകരെ ആകർഷിക്കാനാകൂ. അതിനാൽ നൂറിലേറെ ഇനങ്ങൾ പരിശീലിച്ച് അൻപതിലേറെ എണ്ണം ഓരോ കളിയിലും അവതരിപ്പിക്കുകയാണ് രീതി.
വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദേശ കലാകാരൻമാർ തങ്ങൾക്ക് ആവശ്യമായ ഭക്ഷണം തന്പിനുള്ളിൽ സ്വയം പാചകം ചെയ്യുകയാണ്. വിദേശ കലാകാരൻമാർ നിശ്ചിതകാലത്തേക്കു മാത്രമേ ഉണ്ടാവുകയുള്ളു. രണ്ടോ മൂന്നോ സ്ഥലങ്ങളിലെ കളികൾക്കുശേഷം ഇവർ മടങ്ങി മറ്റു കന്പനികളിലേക്കു പോകും. അപ്പോഴേക്കും വിദേശത്തുനിന്നു മറ്റൊരു കലാകാരൻമാരുടെ സംഘത്തെ ഏജൻസികൾ വഴി സർക്കസ് കൂടാരത്തിൽ എത്തിച്ചിട്ടുണ്ടാകും. ഇത്തരത്തിൽ സർക്കസ് രംഗം ഓരോ ദിവസവും പ്രതിസന്ധികളെ നേരിടുകയാണ്.
വൈദ്യുതി നിരക്കിൽ ചെറിയ ഇളവുകൾ ലഭിക്കുന്നതല്ലാതെ മറ്റു സഹായങ്ങളൊന്നും സർക്കാർ ഭാഗത്തു നിന്നു ലഭിക്കുന്നില്ല. സിനിമയ്ക്കും സ്പോർട്സിനും അവാർഡുകൾ നൽകുന്പോൾ സർക്കസിനെ തഴയുന്നു. ചില വിദേശരാജ്യങ്ങളിൽ സർക്കസ് പാഠ്യപദ്ധതിയാക്കിയിട്ടുണ്ട്. റഷ്യയിൽ സർക്കസിന് സ്കൂളും സർവകലാശാലയുമുണ്ട്.
സംസ്ഥാനത്ത് വിരമിച്ച സർക്കസുകാരെ അവശകലാകാരൻമാരായി പരിഗണിച്ച് 1500 രൂപ മാസപെൻഷൻ നൽകുന്നതല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. വിനോദവ്യവസായത്തിന്റെ ഏറിയഭാഗവും ഇലക്ട്രോണിക് മീഡിയകൾ കൈയടക്കിയിരിക്കുന്ന ഇക്കാലത്ത് സർക്കസിന്റെ പ്രതാപം പഴയ തോതിലേക്ക് ഉയരുമോ എന്നതാണ് ഈ രംഗത്തെ കലാകാരൻമാരുടെ ആശങ്ക.
ജെവിൻ കോട്ടൂർ
ചിത്രങ്ങൾ: അനൂപ് ടോം