പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസിസ്കോ അമേരിക്കയിലെ സന്പന്നമായ നഗരങ്ങളിലൊന്നാണെങ്കിലും അവിടെ ദരിദ്രരും തെരുവിൽ അലയുന്നവരും ധാരാളമുണ്ട്. ഈ നഗരത്തിലെ അഞ്ചിലൊന്നു പേർക്ക് അവർക്കാവശ്യമായ ആഹാരം വാങ്ങാനുള്ള സാന്പത്തികഭദ്രത ഇല്ലെന്നു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അവിടുത്തെ ദരിദ്രർക്ക് ആഹാരം ലഭിക്കുന്നില്ലെന്നു കരുതേണ്ട. ഗവൺമെന്റും വിവിധ സാമൂഹ്യസേവന സംഘടനകളുമൊക്കെ അവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ട്. പാവങ്ങൾക്ക് അനുദിനം ആഹാരം നൽകുന്നതിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു സ്ഥാപനമാണ് അവിടെയുള്ള സെന്റ് ആന്റണീസ് ദേവാലയം. ഈ ദേവാലയത്തിന്റെ കീഴിലാണ് പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന സെന്റ് ആന്റണീസ് ഡൈനിംഗ് റൂം പ്രവർത്തിക്കുന്നത്.
1952ൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ആൽഫ്രഡ് ബൊഡീക്കർ ആരംഭിച്ചതാണ് ഈ ഡൈനിംഗ് റൂം. ചെറുതായി തുടങ്ങിയ ഈ പ്രസ്ഥാനം വളരെ വിപുലമായ രീതിയിൽ ഇന്നു പ്രവർത്തിക്കുന്നു. ദിവസംതോറും ആയിരത്തിലധികം പേർക്കാണ് ഇവിടെനിന്നു സൗജന്യമായി ഭക്ഷണം വിളന്പിക്കൊടുക്കുന്നത്. രാവിലെ ഏഴു മുതൽ പ്രഭാതഭക്ഷണം നൽകുന്നു. പത്തു മുതൽ ഉച്ചകഴിഞ്ഞ് ഒന്നര വരെ ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഡിന്നറും നൽകുന്നു.
കുട്ടികളും പ്രായമായവരുമുൾപ്പെടെ ആർക്കും ഇവിടെനിന്നു ഭക്ഷണം കഴിക്കാം. കോവിഡ്-19 മാരകഭീതി വിതച്ച കാലഘട്ടത്തിലും ഇവിടെ അനുദിനം ഭക്ഷണം വിളന്പിയിരുന്നു. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 83 ശതമാനം പേരും തനിച്ചുതാമസിക്കുന്നവരാണ്.
ഭക്ഷണം തയാറാക്കി വിളന്പിക്കൊടുക്കുന്നതു കൊണ്ടു മാത്രം ഈ ഡൈനിംഗ് റൂമിന്റെ ഭാരവാഹികൾ തൃപ്തരാകുന്നില്ല. ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്ന എല്ലാവരെയും അതിഥികളായി സ്വീകരിച്ചാണ് ഭക്ഷണം നൽകുന്നത്. ഇവിടെ ഭക്ഷണം തയാറാക്കാൻ ആവശ്യമായി വരുന്ന വിവഭവങ്ങളിൽ 75 ശതമാനവും ദാനമായി ലഭിക്കുന്നതാണ്. സേവനം ചെയ്യുന്നവരിൽ ഭൂരിഭാഗവും വോളണ്ടിയേഴ്സാണ്. അവരിൽ വിദ്യാർഥികളും സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നവരുമൊക്കെ ഉൾപ്പെടുന്നു.
സെന്റ് ആന്റണീസ് ഡൈനിംഗ് റൂമിൽ ആവശ്യക്കാർക്ക് ഭക്ഷണം വിളന്പുന്നതോടൊപ്പം മറ്റു സേവനങ്ങളും ഇവിടെനിന്നു ലഭ്യമാണ്. താഴ്ന്ന വരുമാനക്കാർക്കു വേണ്ടി സൗജന്യമായി ആഴ്ചയിലൊരിക്കൽ ഭക്ഷണം പാകംചെയ്യാനുള്ള ഗ്രോസറി സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. അതുപോലെ, ആരോഗ്യ പരിപാലനത്തിനുള്ള സേവനവും ആളുകളെ വിവിധ ജോലികൾക്കായി ഒരുക്കുന്ന ട്രെയിനിംഗും സൗജന്യമായി നൽകുന്നു.
ഒരിക്കൽ ജയിലിൽനിന്നു മോചിതനായ ഒരാൾ ഭക്ഷണം കഴിക്കാനായി ഇവിടെയെത്തി. അയാൾ ഭക്ഷണത്തിനായി കാത്തിരിക്കുന്പോൾ അവിടെ ഉണ്ടായിരുന്ന വെയ്റ്റ്റസിനോട് ചോദിച്ചു: ""ഇവിടെ ഭക്ഷണം കഴിക്കുന്നതിനു പ്രത്യുപകാരമായി ഇവിടെ എന്തെങ്കിലും പണി ചെയ്യേണ്ടേ?'' ഉടനെ ആ സ്ത്രീ പറഞ്ഞു: ""ഇല്ല, അതിന്റെ ആവശ്യമില്ല.''
എന്നാൽ, അച്ചന്മാരിലാരെങ്കിലും ഇപ്പോൾ എന്നെ ഉപദേശിച്ചു നന്നാക്കാൻ വരുന്നുണ്ടാകും, അയാൾ പറഞ്ഞു. അപ്പോൾ ഒരു പുഞ്ചിരിയോടെ വെയ്റ്ററസ് പറഞ്ഞു: ""ഇല്ല, ഇവിടെ അച്ചന്മാരാരും നിങ്ങളെ ഉപദേശിക്കാൻ വരുന്നില്ല.'' അങ്ങനെയെങ്കിൽ, മറ്റാരെങ്കിലും എന്നെ ഉപദേശിക്കാൻ വരില്ലേ. അയാൾ ചോദിച്ചു. ഇല്ല, എന്നായിരുന്നു അപ്പോൾ അയാൾക്കു ലഭിച്ച ഉത്തരം.
അല്പനേരത്തെ മനനത്തിനുശേഷം അയാൾ ചോദിച്ചു: അപ്പോൾ പിന്നെ എന്താണ് ഇതിന്റെയൊക്കെ പിന്നിൽ. ഉടനെ, അവിടെ വാതിലിനു മുകളിൽ എഴുതിവച്ചിരുന്ന രണ്ടു വാക്കുകൾ വെയ്റ്ററസ് അയാളെ ചൂണ്ടിക്കാണിച്ചു. അതിപ്രകാരമായിരുന്നു: ""കരിത്താത്തെ ദേയി.'' ദൈവത്തിന്റെ സ്നേഹം എന്നാണ് ഈ വാക്കുകളുടെ അർഥം.
നിബന്ധനകളൊന്നുമില്ലാത്ത ദൈവത്തിന്റെ സ്നേഹമാണ് സെന്റ് ആന്റണീസ് ഡൈനിംഗ് റൂമിൽ പ്രതിഫലിക്കുന്നത്. അല്ലെങ്കിൽ, അങ്ങനെയുള്ള ദൈവത്തിന്റെ സ്നേഹം പ്രതിഫലിപ്പിക്കണമെന്നാണ് ഈ സ്ഥാപനത്തിന്റെ അധികാരികൾ ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ സ്നേഹവും കരുണയും കരുതലുമെല്ലാം നല്ലവർക്കും മോശക്കാർക്കും ഒരുപോലെ ലഭ്യമാണ്. ചരടുകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റേത്.
എന്നാൽ, നാം മോശക്കാരാണെങ്കിൽ നന്നാവേണ്ട എന്നല്ല അതിന്റെ അർഥം. നിബന്ധനകളില്ലാത്ത ദൈവത്തിന്റെ സ്നേഹം നാം സ്വീകരിച്ചാൽ നാം അറിയാതെതന്നെ നന്മയുടെ വഴിയിലേക്കു തിരിഞ്ഞു നല്ലവരായി മാറും എന്നതാണ് വസ്തുത. തന്മൂലമാണ്, സെന്റ് ആന്റണീസ് ഡൈനിംഗ് റൂമും അതുപോലെയുള്ള സ്ഥാപനങ്ങളും മറ്റെന്തിനെയുംകാൾ ദൈവത്തിന്റെ സ്നേഹം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതാകട്ടെ ദൈവസ്നേഹത്തെപ്രതിയും.
ഓരോ ദിവസവും ദൈവത്തിന്റെ സ്നേഹവും കരുണയും മറ്റു നിരവധി നന്മകളുമൊക്കെ സ്വീകരിക്കുന്നവരാണ് നാമെല്ലാവരും. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്നേഹവും കരുണയും കരുതലുമൊക്കെ മറ്റുള്ളവർക്ക് അനുഭവവേദ്യമാകുന്നതിനു നാം സഹായിക്കുകയും വേണം. അപ്പോൾ മാത്രമേ നമുക്കു ദൈവത്തോട് നന്ദിയുണ്ട് എന്ന് ഉറപ്പുപറയാനാകൂ.
ചരടുകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റേത്. അതുപോലെതന്നെയായിരിക്കട്ടെ നമ്മുടെ സ്നേഹവും. അപ്പോൾ ആ സ്നേഹം ലഭിക്കുന്നവർ അവർ അറിയാതെതന്നെ നന്മയുടെ വഴിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ