പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരിചയക്കാരനായിരുന്ന ഒരാൾ അദ്ദേഹത്തെ സമീപിച്ചു രഹസ്യസ്വഭാവം തോന്നിക്കുന്ന ഒരു കാര്യത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. അയാളെ അല്പസമയം കേട്ടിരുന്ന ശേഷം സോക്രട്ടീസ് ചോദിച്ചു: "നിങ്ങൾ പറയാൻ പോകുന്നതു സത്യമായ ഒരു കാര്യത്തെക്കുറിച്ചാണോ?'
പരിചയക്കാരൻ അല്പമൊന്നു പരുങ്ങി. "എനിക്കു നല്ല തീർച്ചയില്ല.' ജാള്യതയോടെ അയാൾ പറഞ്ഞു. "പറയാൻ പോകുന്നത് എന്തെങ്കിലും നല്ല കാര്യമാണോ? ' - സോക്രട്ടീസ് ചോദിച്ചു. അപ്പോഴും അയാൾക്കു തീർച്ചയില്ലായിരുന്നു. "നിങ്ങൾ പറയാൻ പോകുന്നത് ആർക്കെങ്കിലും ഉപകാരമുള്ള കാര്യമാണോ?'- സോക്രട്ടീസിന്റെ ചോദ്യം വീണ്ടും. അപ്പോൾ "അല്ല' എന്നായിരുന്നു അയാളുടെ മറുപടി.
ഉടനെ ഒരു പുഞ്ചിരിയോടെ സോക്രട്ടീസ് പറഞ്ഞു: "നിങ്ങൾ പറയാൻ പോകുന്ന കാര്യം സത്യമാണോ നന്മയുള്ളതാണോ ഉപകാരപ്രദമാണോ എന്നു തീർച്ചയില്ലെങ്കിൽ അതേക്കുറിച്ചു നാം സംസാരിക്കാതിരിക്കുന്നതാണു നല്ലത്.'
സോക്രട്ടീസ് പറഞ്ഞത് എത്രയോ വലിയ വാസ്തവമാണ്! എന്നാൽ, നമ്മുടെ സംസാരത്തിൽ ഇക്കാര്യങ്ങളെക്കുറിച്ചു നാം എത്രയോ കുറച്ചു മാത്രം ശ്രദ്ധിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പരദൂഷണം പറഞ്ഞുകേട്ടാൽ അതു സത്യമെന്ന രീതിയിൽ നാടൊട്ടുക്ക് പറഞ്ഞുനടക്കുന്നവരെ നാം കാണാറില്ലേ? കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം എത്രയോ പേരാണ് ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത്! അപവാദം പറഞ്ഞു നടക്കുന്നതു പലരെ സംബന്ധിച്ചിടത്തോളം വെറും നേരന്പോക്ക് പോലെയാണ്.
എന്നാൽ, ഇതെല്ലാം വഴിയുണ്ടാകുന്ന ദുഃഖവും ദുരിതവും എത്ര മാത്രമാണ്! കടിഞ്ഞാണില്ലാത്ത അവരുടെ നാക്കുവഴി എത്രയോ പേരെയാണ് ഇങ്ങനെയുള്ളവർ വ്രണപ്പെടുത്തുന്നത്? എത്രയോ കുടുംബബന്ധങ്ങളും സുഹൃദ് ബന്ധങ്ങളുമാണ് അവർ തകർക്കുന്നത്. എത്രയോ പേരുടെ ജീവിതത്തിലാണ് അവർ തീ കോരിയിടുന്നത്?
ദൈവവചനം പറയുന്നു: ’വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ തുളച്ചുകയറുന്ന വാളുപോലെയാണ്. എന്നാൽ, വിവേകിയുടെ വാക്കുകൾ മുറിവുണക്കുന്നു’ (സുഭാഷിതങ്ങൾ 12:18). നമ്മുടെ വാക്കുകൾ വീണ്ടുവിചാരമില്ലാത്തവരുടെപോലെയാണോ? എന്നാൽ, എത്രയുംവേഗം അതു വിവേകിയുടേതുപോലെ മുറിവുണക്കുന്നവയായി നാം മാറ്റണം.
സുഭാഷിതങ്ങളിൽ നാം വീണ്ടും വായിക്കുന്നു: "ജീവനെ നശിപ്പിക്കാനും പുലർത്താനും നാവിനു കഴിയും' (18:21). നമ്മുടെ നാവുകൾ മറ്റുള്ളവരുടെ നന്മയ്ക്കും വളർച്ചയ്ക്കും സഹായിക്കുന്നതോ? എങ്കിൽ നമുക്കതെക്കുറിച്ചു ദൈവത്തിനു നന്ദി പറയാം. നേരേ മറിച്ച്, നമ്മുടെ നാവ് മറ്റുള്ളവരെ നശിപ്പിക്കുന്നവയാണെങ്കിൽ നാം അവയെക്കുറിച്ചു ഭയപ്പെടുകതന്നെ വേണം.
ദൈവവചനം പറയുന്നു: "സ്വന്തം അധരങ്ങളെയും നാവിനെയും നിയന്ത്രിക്കുന്നവർ അത്യാപത്തിൽനിന്നു രക്ഷപ്പെടും' (സുഭാഷിതങ്ങൾ 21:23). എന്തുതരം അത്യാപത്താണ് അതെന്നു ദൈവവചനം മറ്റൊരിടത്തു പറയുന്നുണ്ട്: "ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർഥവാക്കിനും വിധിദിവസത്തിൽ കണക്കുകൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും. നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും' (മത്തായി 12:36-37).
പച്ച നുണ പറയുന്നതും അപവാദം പ്രചരിപ്പിക്കുന്നതും കിംവദന്തിയുടെ പിന്നാലെ പോകുന്നതുമൊന്നും ശരിയല്ല എന്നു നാം സമ്മതിക്കും. എന്നാൽ, അനുദിന ജീവിതത്തിൽ എത്രയോ രീതിയിലാണു നാം സംസാരത്തിൽ വീഴ്ച വരുത്തുന്നത്!
ദൈവവചനം പറയുന്നു; "ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാന്പലാക്കുക! നാവ് തീയാണ് (യാക്കോബ് 3:5). നമ്മുടെ നാവിൽനിന്നു തീപ്പൊരി ഉയരാൻ നാം അനുവദിക്കരുത്. കാരണം, അതു മറ്റുള്ളവരുടെ ജീവിതം തകർക്കും. അതോടൊപ്പം, നമുക്കു നിത്യനാശം വരുത്തുകയും ചെയ്യും.
തന്മൂലമാണ്, പൗലോസ് അപ്പസ്തോലൻ ഇപ്രകാരം എഴുതിയത്:
"നിങ്ങളുടെ അധരങ്ങളിൽനിന്നു തിന്മയുടെ വാക്കുകൾ പറപ്പെടാതിരിക്കട്ടെ. കേൾവിക്കാർക്ക് ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നതിക്ക് ഉതകുംവിധം നല്ല കാര്യങ്ങൾ സന്ദർഭമനുസരിച്ചു സംസാരിക്കുവിൻ' (എഫേസോസ് 4:29). അദ്ദേഹം വീണ്ടുമെഴുതുന്നു: ’നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ’ (കൊളോസോസ് 4:6).
നമ്മുടെ സംസാരം മറ്റുള്ളവർക്ക് ആത്മീയ ചൈതന്യം പ്രദാനംചെയ്യുന്നതും കരുണാമസൃണവും ഹൃദ്യവുമാണെങ്കിൽ നമ്മുടെ നാവ് ഒരിക്കലും തീയായി മാറില്ല. എന്നു മാത്രമല്ല, അതു മറ്റുള്ളവർക്ക് ഉന്നതിക്കു മാത്രമേ സഹായിക്കൂ. എന്നാൽ, നമ്മുടെ നാവിനു കടിഞ്ഞാണിടുക അത്ര എളുപ്പമല്ല. അതിനു ദൈവാനുഗ്രഹംതന്നെ വേണം. അതുകൊണ്ടാണ്, സങ്കീർത്തകൻ പ്രാർഥിച്ചത്: "കർത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനു കാവലേർപ്പെടുത്തണമേ!' (സങ്കീർത്തനങ്ങൾ 141:3).
സങ്കീർത്തകൻ പ്രാർഥിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹം ഉറച്ച ഒരു തീരുമാനവുമെടുത്തു: "നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ വഴികൾ ശ്രദ്ധിക്കും' (39:1). നമ്മുടെ നാവിനെ നിയന്ത്രിക്കാനുള്ള ശക്തിക്കായി നാം നിരന്തരം പ്രാർഥിക്കുകതന്നെ വേണം. അതോടൊപ്പം നാവുകൊണ്ട് ആർക്കും ഒരു ഉപദ്രവവും വരുത്താതിരിക്കാൻ നാം ഉറച്ച തീരുമാനവും എടുക്കണം.
"സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്' (യാക്കോബ് 3:2). എന്നു ദൈവവചനം പറയുന്നതു വെറുതെയല്ല. കാരണം, അത്രമാത്രം ബലഹീനതയാണു നമ്മുടെ നാവിനുള്ളത്. എന്നാൽ, നാം മനസ് വച്ചാൽ, ദൈവാനുഗ്രഹത്തോടെ നമ്മുടെ നാവിനെ നിയന്ത്രിക്കാൻ നമുക്കു സാധിക്കും എന്നത് എപ്പോഴും നമ്മുടെ ഓർമയിലുണ്ടാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ