ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളിലും വലിയ വ്യത്യാസങ്ങൾ വരുന്നുണ്ടാകാം. കേൾക്കാനുള്ള ഇന്പം, ഒന്ന് അടിച്ചുപൊളിക്കാനുള്ള താളം- മലയാളത്തിൽ സൂപ്പർഹിറ്റുകളായ പാട്ടുകൾ കേട്ടാൽ മനസിലാകും പൊതുവേ ആസ്വാദകരുടെ ടേസ്റ്റ്. ഇതാ 2022ൽ മലയാളികൾ കൂടുതൽ കേട്ട പാട്ടുകൾ...
ഒരു പാട്ടിന്റെ വീഡിയോയ്ക്കു താഴെ ആയിരക്കണക്കിനുപേർ ഒരേ വികാരത്തോടെ കമന്റുകൾ എഴുതുക! ഒരൊറ്റയാൾ പോലും ഡിസ് ലൈക് ബട്ടണ് അമർത്താതിരിക്കുക! സീതാരാമം എന്ന ചിത്രത്തിലെ കണ്ണിൽ കണ്ണിൽ എന്നു തുടങ്ങുന്ന പാട്ടാണ് ശ്രോതാക്കളിലൊന്നാകെ സന്തോഷവും സങ്കടവും പ്രണയവും നിറയ്ക്കുന്നത്.
റീമേക്ക് ചിത്രങ്ങളിലെ മലയാളം പാട്ടുകൾ പൊതുവേ മനുഷ്യരാരും കേൾക്കാത്തവിധം തല്ലിപ്പൊളികളാവുകയാണ് പതിവ്. എന്നാൽ ഈ പാട്ട് ആ ധാരണകളെയെല്ലാം തകർത്തുകളഞ്ഞു. രണ്ടു വീഡിയോകളിലായി യുട്യൂബിൽ ഒരു കോടി 40 ലക്ഷത്തിലേറെ തവണ ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടു.
കംപോസിംഗ്, അറേഞ്ചിംഗ് എന്നിവ നിർവഹിച്ചത് വിശാൽ ചന്ദ്രശേഖറാണ്. ആറാം വയസിൽ കീബോർഡ് വായിച്ചുതുടങ്ങുകയും പത്താം വയസിൽ ആദ്യത്തെ സോളോ ഷോ നടത്തുകയും ചെയ്ത വിശാൽ 450ലേറെ ഷോർട്ട് ഫിലിമുകൾക്കും 250 പരസ്യ ജിംഗിളുകൾക്കും ഈണമിട്ട പരിചയസന്പത്തുമായാണ് സിനിമാലോകത്തെത്തിയത്.
കണ്ണിൽ കണ്ണിൽ എന്ന പാട്ടിന് മലയാളത്തിൽ അരുണ് ആലാട്ടാണ് സുന്ദരമായ വരികൾ എഴുതിയത്. കെ.എസ്. ഹരിശങ്കറിന്റെയും എസ്. സിന്ദൂരിയുടെയും ശബ്ദങ്ങളിൽ പാട്ട് സുന്ദരാനുഭവമായി മാറിയിരിക്കുന്നു.
ഇക്കൊല്ലം ഏറ്റവുമധികംപേർ കേൾക്കുകയും ഏറ്റുപാടുകയും ചെയ്ത പാട്ടിലേക്കു വന്നാൽ ആവോ ദാമാനോ എന്നൊരു വായ്ത്താരി കേൾക്കാം. അതുൽ നറുകരയും സംഘവും അത്യുത്സാഹത്തോടെ പാടിയ ആ പാട്ട് കടുവ എന്ന ചിത്രത്തിലേതാണ്.
സന്തോഷ് വർമയും ശ്രീഹരി തറയിലും ചേർന്നൊരുക്കിയ വരികൾക്ക് ഈണമിട്ടത് ജേക്സ് ബിജോയ്. ആഘോഷങ്ങൾക്ക് അലുക്കു ചാർത്തുന്നുവെന്നു വിശേഷിപ്പിക്കാം പാലാ പള്ളി തിരുപ്പള്ളി എന്ന പാട്ടിനെ. എന്നാൽ ആ ഈണം ചില്ലറ വിവാദങ്ങൾക്കുകൂടി തിരികൊളുത്തി.
മലബാറിലെ ഒരു വിഭാഗക്കാർ മരണാനന്തര ചടങ്ങിന്റെ ഭാഗമായി പാടുന്ന ആയേ ദാമാലോ എന്ന പാട്ടിന്റെ വരികൾ മാറ്റി ആഘോഷപ്പാട്ടാക്കിയെന്നായിരുന്നു ആരോപണം. പാട്ടിന്റെ സ്വത്വം വരുംകാലത്ത് ഭിന്നരീതിയിൽ അടയാളപ്പെടുത്തുമോ എന്ന ആശങ്ക പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അതല്പം ഗൗരവത്തോടെ കാണണമെന്നു പറയാതെവയ്യ., പാട്ടാസ്വദിക്കുന്നവർക്ക് ഇതൊന്നും വിഷയമല്ലെങ്കിൽപ്പോലും. രണ്ടു ചാനലുകളിലായി യുട്യൂബിൽ ഏതാണ്ട് എട്ടു കോടി തവണയാണ് ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടത്.
എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ... -സിനിമയിൽ ഇല്ലാത്ത ട്രെൻഡിംഗ് പാട്ട്. തച്ചുണ്ടാക്കിയ ചങ്ങായിമാരുടെ കഥപറഞ്ഞ തല്ലുമാലയിലെ മണവാളൻ തഗ്ഗ് എന്ന പ്രമോ സോംഗ് ഏതാണ്ടു നാലുകോടി തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു.
റീലുകളിലും റിയാക്ഷൻ വീഡിയോകളിലും പാട്ട് നിറഞ്ഞുനിൽപ്പുണ്ട്. മനുഷ്യർ എന്ന ബാൻഡ് അംഗമായ ഹിപ്ഹോപ് ഗായകൻ മുഹമ്മദ് ഫാസിൽ എന്ന ഡബ്സീയും റാപ്പർ എസ്എയും ബേബിജീനുമാണ് ഈ പാട്ടിനുപിന്നിൽ. എത്ര കേട്ടാലും പാട്ടിലുള്ള കൗതുകം നഷ്ടമാകില്ല എന്നതാണ് ഒരു പ്രത്യേകത.
ഇക്കൊല്ലത്തെ സൂപ്പർ ഹിറ്റുകളിലൊന്ന് നടൻ ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിലാണ്- പറുദീസാ. മമ്മൂട്ടിച്ചിത്രമായ ഭീഷ്മപർവത്തിലേതാണ് ചുവടുകൾക്കു വേഗംകൂട്ടുന്ന ഈ പാട്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടത് സുഷിൻ ശ്യാം. എണ്പതുകളുടെ മൂഡാണ് പാട്ട് നൽകുന്നതെന്ന് ചിലർ പറയുന്നു.
ശ്രീനാഥ് ഭാസിയുടെ ശബ്ദത്തോടുള്ള ഇഷ്ടം പങ്കുവയ്ക്കുകയും ചെയ്യുന്നു കേൾവിക്കാർ. സുഷിൻ ശ്യാമിന്റെ ഈണത്തിനും ഗാനരംഗത്തിൽ സൗബിൻ ഷാഹിറിന്റെ ഡാൻസിനും ആരാധകരേറെ. യുട്യൂബിൽ പാട്ടു പ്ലേ ചെയ്യപ്പെട്ടത് നാലു കോടിയിലേറെ തവണയാണ്.
മൂന്നുകോടിയിലേറെ വ്യൂസുമായി ഒരു പാട്ടുപുഷ്പം വിടർന്നു നിൽപ്പുണ്ട്. അതും ഭീഷ്മപർവത്തിലേതുതന്നെ. ഉണ്ണിമേനോൻ എന്ന ഗായകന്റെ ശക്തമായ, സുന്ദരമായ തിരിച്ചുവരവാണ് രതിപുഷ്പം എന്ന പാട്ടിൽ കേട്ടത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമൊരുക്കിയത് സുഷിൻ ശ്യാം.
ഉണ്ണി മേനോന്റെ ശബ്ദംകൂടിയായപ്പോൾ ശരിക്കും 80കളിലെ ഫീൽ എന്നു സാക്ഷ്യപ്പെടുത്തുന്നു ഭൂരിഭാഗം കേൾവിക്കാരും. ലിറിക്കൽ വീഡിയോ എത്തിയപ്പോൾതന്നെ പാട്ട് ശ്രോതാക്കൾ ഹൃദയത്തിലേറ്റുവാങ്ങി. ഡാൻസർ റംസാൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഉൾപ്പെടുന്ന ഗാനരംഗം ഏറെ ശ്രദ്ധനേടി.
ഒൗസേപ്പച്ചൻ എന്ന സംഗീതസംവിധായകൻ 37 വർഷം മുന്പു ചെയ്തുവച്ച ഒരു പാട്ട് ഇന്നും മലയാളികൾ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിനു തെളിവാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനരംഗം. കുഞ്ചാക്കോ ബോബൻ തകർത്താടിയ ദേവദൂതർ പാടി എന്നുതുടങ്ങുന്ന പാട്ടിന്റെ ഒറിജിനൽ 1985ൽ പുറത്തിറങ്ങിയ കാതോടു കാതോരം എന്ന ചിത്രത്തിലേതാണ്.
ഒ.എൻ.വി കുറുപ്പിന്റെ അതിസുന്ദരമായ വരികൾക്ക് ഒൗസേപ്പച്ചൻ കാലത്തിനു മുന്പേ നടന്ന സംഗീതമാണ് നൽകിയത്. യേശുദാസിനൊപ്പം ലതികയും കൃഷ്ണചന്ദ്രനും ശബ്ദംനൽകിയ ഗാനത്തെ ഇന്നും മലയാളികൾ സ്നേഹിക്കുന്നു. ഡോണ് വിൻസന്റ്, ജാക്സണ് അരൂജ എന്നിവർ ചേർന്നാണ് പാട്ടിന്റെ പുതുരൂപം ഒരുക്കിയത്. ശബ്ദം നൽകിയത് ബിജു നാരായണൻ. രണ്ടരക്കോടിയിലേറെ തവണ ഈ പാട്ട് യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു.
ഇങ്ങനെയൊക്കെ പാട്ടിന്റെ വരികൾ എഴുതാനാകുമോയെന്ന് അത്ഭുതപ്പെടുത്തും സൂപ്പർ ശരണ്യയിലെ അശുഭ മംഗളകാരി എന്ന പാട്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ പൊളി വരികൾ. പാട്ടൊഴിഞ്ഞ ആകാശവാണി, കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ വേദന സംഹാരി എന്നൊക്കെ പാട്ടിൽ കൊണ്ടുവരാൻ സുഹൈൽ കോയ എന്ന ഗാനരചയിതാവിനേ സാധിക്കൂ!
മലയാളം റാപ്പിന്റെ ഗണത്തിൽ പെടുത്താവുന്ന കിടിലൻ ഈണം നൽകി പുതുതലമുറയിലെ ശ്രദ്ധേയനായ സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ്. ജസ്റ്റിനും സുഹൈലും ഹിറ്റ് കൂട്ടുകെട്ടാണെന്ന് ഈ പാട്ടിലൂടെ വീണ്ടും തെളിഞ്ഞു. ശരത് ചേട്ടൻപടി, മീര ജോണി എന്നിവർ ചേർന്നാണ് ഈ പാട്ടുപാടിയത്. രണ്ടരക്കോടിയോളം വ്യൂസ് ഈ പാട്ടും നേടി.
തല്ലുമാലയിൽ മുഹ്സിൻ പരാരി എഴുതി വിഷ്ണു വിജയിന്റെ സംഗീതത്തിൽ ഹരിചരണ്, ബെന്നി ദയാൽ, സലിം കുമാർ തുടങ്ങിയവർ പാടിയ ഓളെ മെലഡി ഒന്നരക്കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ട പാട്ടാണ്. വേറെ ലെവൽ തിയറ്റർ എക്സ്പീരിയൻസ് എന്നാണ് പാട്ടിനെക്കുറിച്ച് കേൾവിക്കാരുടെ വിശേഷണം. വരികളിലെ വ്യത്യസ്തത തന്നെയാണ് പ്രധാനം. എത്രതവണ കേട്ടുവെന്ന് ഒരുപിടിയുമില്ലെന്ന് കമന്റെഴുതിയവർ ധാരാളം.
ഒരുപാടുപേർക്ക് കംപ്ലീന്റ് എന്റർടെയ്നർ ആയിരുന്നു ബ്രോ ഡാഡി എന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം. പറയാതെ വന്നെൻ എന്ന പാട്ട് പരക്കേ സ്വീകരിക്കപ്പെട്ടു. ലക്ഷ്മി ശ്രീകുമാർ എഴുതി ദീപക് ദേവ് ഈണമിട്ടതാണ് ഈ പാട്ട്. എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനുമാണ് ശബ്ദം നൽകിയത്. എനർജി തരുന്ന, സന്തോഷം നിറയ്ക്കുന്ന പാട്ട് എന്നാണ് കേൾവിക്കാരുടെ പക്ഷം.
പുഷ്പ എന്ന മൊഴിമാറ്റ ചിത്രത്തിലെ ശ്രീവല്ലി, സാമി സാമി, വിജയിന്റെ ബീസ്റ്റ് എന്ന ചിത്രത്തിലെ ഹലമിത്തി ഹബീബോ (അറബിക് കുത്ത്) തുടങ്ങിയ പാട്ടുകൾ മലയാളത്തിലും സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇക്കൊല്ലം ഇടംനേടി. ഹൃദയം എന്ന ചിത്രത്തിലെ 2021ൽ പുറത്തിറക്കിയ പാട്ടുകളും ഇക്കൊല്ലം ഹൃദയങ്ങൾ ഏറ്റുപാടിയവയിൽ ഉൾപ്പെടും- പ്രത്യേകിച്ച് ദർശനാ എന്ന പാട്ട്. എന്തായാലും പ്രതീക്ഷയോടെ മുന്നോട്ടാണ് പാട്ടുമലയാളം.
ഹരിപ്രസാദ്