വെള്ളിത്താഴ്വര പൂത്തിറങ്ങി, ആ പാട്ട്
Sunday, February 27, 2022 12:03 AM IST
അന്പതാണ്ടു ചെറുപ്പമാണ് കല്യാണീ കളവാണി എന്ന പാട്ടിന്. അതീവ ഹൃദ്യമായ വരികളും ഈണവും ആലാപനവും മാത്രമല്ല ആ പാട്ടിന്റെ ചന്തം കൂട്ടുന്നത്- കെപിഎസി ലളിതയുടെ സാന്നിധ്യംകൂടിയാണ്. പാട്ടും ലളിതയും പരസ്പരം അടയാളപ്പെടുത്തുന്ന സുന്ദരാനുഭവം...
നാട്ടിൽ ടെലിവിഷൻ പ്രചാരത്തിലായിത്തുടങ്ങിയ കാലം. കളർ ടിവി കഷ്ടിയാണ്. അതുള്ളവർക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും പാട്ടുകളും ടിവിയിൽ വന്നാൽ ചെറുതല്ലാത്ത ഇഷ്ടക്കേടാണുതാനും. അങ്ങനെയിരിക്കെയാണ് അത്തരമൊരുപാട്ട് ഇടയ്ക്കിടെ സ്ക്രീനിൽ തെളിഞ്ഞത്. ലാളിത്യമുള്ള വരികളും ഈണവും.., സുന്ദരമായ ആലാപനം.. ഇതിനൊക്കെപ്പുറമേ നല്ല കണ്ടുപരിചയമുള്ള ചിരിയുമായി ഒരു നടിയും...
അയ്യോ..! ഇതുനമ്മുടെ കേപ്പീയേസീ ലളിതയല്ലേ എന്ന് അതിശയിച്ച ഒരുപാടു കാഴ്ചക്കാരുണ്ട്. ലളിതയുടെ ചിരിയും ശരീരഭാഷയും പിൽക്കാലത്ത് ഒട്ടും മാറ്റമില്ലാതെ നിലനിന്നിരുന്നു. അഭിനയത്തിലെ സൗന്ദര്യത്തിനു സമം. അതുകൊണ്ടുതന്നെ തിരിച്ചറിയാൻ അത്രവലിയ പ്രയാസമുണ്ടായിരുന്നില്ല. കല്യാണീ കളവാണീ.., ചൊല്ലമ്മിണി ചൊല്ല് എന്നു തുടങ്ങുന്നതായിരുന്നു ആ പാട്ട്.
പാളിച്ചയില്ലാത്ത അനുഭവങ്ങൾ
തകഴിയുടെ കഥയ്ക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. അരനൂറ്റാണ്ടു കഴിഞ്ഞു ചിത്രം പുറത്തിറങ്ങിയിട്ട്. നാലേനാലു പാട്ടുകളേയുള്ളൂ സിനിമയിൽ. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്ററുടെ സംഗീതം. ആദ്യത്തേതാണ് മാധുരിയുടെ ശബ്ദത്തിലുള്ള കല്യാണി കളവാണി. പ്രവാചകന്മാരേ പറയൂ (യേശുദാസ്), സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ (യേശുദാസ്, മാധുരി, പി. ലീല, കോറസ്), അഗ്നിപർവതം പുകഞ്ഞൂ (യേശുദാസ്) എന്നിങ്ങനെയുള്ള എല്ലാ പാട്ടുകളും ഇന്നും ജനപ്രിയമാണ്.
കമ്യൂണിസ്റ്റുകളെ വേട്ടയാടുന്ന കാലത്തെ കഥയാണ് സിനിമ പറയുന്നത്. ഒളിവിൽ കഴിയുന്ന പാർട്ടി പ്രവർത്തകനായ ചെല്ലപ്പന് (സത്യൻ) അഭയംനൽകുകയാണ് പാർട്ടി പ്രവർത്തകരായ മറ്റൊരു കുടുംബം. ആ വീട്ടിലെ പെണ്കുട്ടിയായ പാർവതി (കെപിഎസി ലളിത) യുടെ പ്രേമവിവശതയാണ് കല്യാണി കളവാണി എന്ന പാട്ടിൽ നിറയുന്നത്.
വരിയിലും ഈണത്തിലുമുണ്ട് നാടൻ ഭംഗി. നായികമാർ പോലും കൊതിച്ചുപോകുന്നൊരു പാട്ട്! ചിത്രത്തിലെ നായിക ഷീലയായിട്ടും ഈ ഗാനരംഗത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം ലളിതയ്ക്കു കിട്ടി. ആ അവസരം അവർ അതിസുന്ദരമായി ഉപയോഗിക്കുകയും ചെയ്തു. മാധുരിയുടെ ശബ്ദം ലളിതയുടെ തൊണ്ടയിൽനിന്നാണോ എന്നുപോലും തോന്നിക്കുന്ന ഇണക്കവും. പാട്ട് ഒരനുഭവമാകാൻ മറ്റെന്തുവേണം!
ലളിതയുടെ വേവലാതി
വെള്ളിത്തിരയിൽ പാട്ടിനൊപ്പമുള്ള തന്റെ പ്രകടനം വേണ്ടത്ര നന്നായോ എന്നൊരു പേടിയുണ്ടായിരുന്നു ലളിതയ്ക്ക്. ഏതാനും മണിക്കൂറുകൾ മാത്രമെടുത്ത് ചിത്രീകരിച്ച ഗാനരംഗം തീർന്നപ്പോൾ കാമറാമാൻ മെല്ലി ഇറാനി അഭിനന്ദനവുമായെത്തി. പ്രശംസ പതിവില്ലാത്ത സംവിധായകൻ സേതുമാധവന്റെ ചിരിയും ലളിതയ്ക്ക് ആശ്വാസമായി. എന്നാൽ അവരുടെ ആശങ്ക അവിടെയായിരുന്നില്ല.
ലളിതയുടെ വാക്കുകൾ സംഗീതനിരൂപകൻ രവി മേനോൻ എഴുതിയതിങ്ങനെ: സംഗീതസംവിധായകൻ ദേവരാജൻ മാഷ് ആ സീൻ കണ്ടാൽ എന്തുപറയും എന്നതിനെക്കുറിച്ചായിരുന്നു എന്റെ വേവലാതി മുഴുവൻ. അഭിനയജീവിതത്തിൽ തുടക്കംമുതൽ കാണുന്നയാളാണ്. ഇന്ന് നിങ്ങളറിയുന്ന കെപിഎസി ലളിതയാക്കി എന്നെ വളർത്തിയ മഹാരഥന്മാരിൽ ഒരാൾ. നല്ലൊരു പാട്ട് ഞാൻ അഭിനയിച്ചു കുളമാക്കി എന്നെങ്ങാനും പറഞ്ഞാലോ?
അങ്ങനെയല്ല സംഭവിച്ചത്. പിന്നീട് ഒരു ചടങ്ങിൽവച്ച് ലളിതയെ കണ്ടപ്പോൾ ദേവരാജൻ മാസ്റ്റർ പറഞ്ഞത് ഇങ്ങനെയത്രേ: കൊള്ളാം, മാധുരിയുടെ ശബ്ദവുമായി നല്ല ചേർച്ച തോന്നുന്നുണ്ട്. അഭിനയജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അംഗീകാരങ്ങളിലൊന്നായി ലളിതയ്ക്ക് ആ വാക്കുകൾ.
നീലാംബരിയുടെ ഭംഗി
മനസുകളെ താലോലിക്കാൻ സുന്ദരമായ കഴിവുള്ള രാഗമാണ് നീലാംബരി. താരാട്ടുപാടി ശാന്തവിലോലമായ ഉറക്കത്തിലേക്ക് കൈപിടിച്ചു നടത്തുന്ന രാഗമെന്നു വിശേഷണം (പഠനങ്ങൾ അങ്ങനെയൊന്നു സ്ഥിരീകരിക്കുന്നില്ലെങ്കിൽപ്പോലും). കാരുണ്യം, ഭക്തി, വാത്സല്യം എന്നീ രസങ്ങളാണ് ഈ രാഗം ജനിപ്പിക്കുന്നത്. ശങ്കരാഭരണത്തിന്റെ ജന്യരാഗമായ നീലാംബരിയിലാണ് ദേവരാജൻ മാസ്റ്റർ കല്യാണീ കളവാണി ചിട്ടപ്പെടുത്തിയത്. രാഗഭംഗി പാട്ടിൽ വിടരുന്നത് കേട്ടറിയാമല്ലോ.
ത്യാഗരാജസ്വാമികളുടെ ഉയ്യാല ലൂഗവൈയാ, ദീക്ഷിതരുടെ അംബാ നീലദയാക്ഷി, ശ്യാമശാസ്ത്രികളുടെ ബ്രോവാവമ്മാ തുടങ്ങിയ അതിമനോഹര കൃതികൾ നീലാംബരിയിലാണ്. മറ്റൊരു കൃതിയും ഈ രാഗം കേട്ടാൽ ഓർമവരും- ഇരയിമ്മൻ തന്പിയുടെ ഓമനത്തിങ്കൾ കിടാവോ... ഒപ്പം മനസുകളിൽ സ്നേഹവും വാത്സല്യവും നിറയുകയും ചെയ്യും.
ഏതാനും സിനിമാപ്പാട്ടുകൾകൂടി കേട്ടാൽ നീലാംബരി ഹൃദയത്തെ തഴുകുന്നതെങ്ങനെയെന്നുറപ്പിക്കാം.
ഹർഷബാഷ്പം തൂകി (മുത്തശ്ശി), നിലാവിന്റെ പൂങ്കാവിൽ (ശ്രീകൃഷ്ണപ്പരുന്ത്), തങ്കമനസ്സ് അമ്മമനസ്സ് (രാപ്പകൽ), കിലുകിൽ പന്പരം (കിലുക്കം), കളഭംചാർത്തും (താളവട്ടം), മുകിലേ മുകിലേ (കീർത്തിചക്ര), കണ്മണിയേ ആരിരാരോ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), ആലോലം പൂവേ (പെരുമഴക്കാലം), തിരുവുള്ളക്കാവിലിന്നു തിരുവാതിര പൊടിപൂരം (പൊന്നും പൂവും), മൈനാകപ്പൊന്മുടിയിൽ (മഴവിൽക്കാവടി)... ഈ നിര നീളും. കേട്ടറിയുക.
ഹരിപ്രസാദ്