പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
ഹരിപ്രസാദ്
Saturday, July 19, 2025 8:48 PM IST
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാൻകൈൻഡുമെല്ലാം വാർത്തകളിൽനിറയുന്പോൾ ഇതാ ഒരു റാപ്പർ അമേരിക്കയിൽനിന്ന് പാട്ടുമായി ഇന്ത്യയിലെത്തുന്നു- ട്രവിസ് സ്കോട്ട്. ആൾ നിസാരക്കാരനല്ല...
നിങ്ങളെക്കൊണ്ട് എന്താണു പ്രയോജനം? നിങ്ങളിവിടെ എന്തുചെയ്യും?
മാധ്യമപ്രവർത്തകർ ഇതുപോലുള്ള ചോദ്യംചോദിച്ചാൽ നമ്മുടെ നാട്ടിലെ പല സെലിബ്രിറ്റികളുടെയും പ്രതികരണം എന്താവുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അമേരിക്കൻ റാപ്പർ ട്രവിസ് സ്കോട്ടിനോട് ഒരഭിമുഖകാരൻ ഈ ചോദ്യങ്ങൾ ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു:
പ്രചോദിപ്പിക്കാനാണ് ഞാനിവിടെയുള്ളത്. പേടിയുടെ വൻമതിലുകളെ മുട്ടിത്തകർക്കാൻ. അപരിചിതമായ കാര്യങ്ങളെ തുറന്നുകാട്ടാൻ ഞാൻ എന്നും മുൻനിരയിലുണ്ട്. ആളുകൾക്ക് അവർ ചെയ്യാൻ ആഗ്രഹിക്കുന്ന ഏറ്റവും മഹത്തായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നു മനസിലാക്കിക്കാൻ ഞാൻ വഴികൾ തുറന്നിടുന്നു.
-ആഹാ, എന്തൊരു സുന്ദരമായ മറുപടി എന്നു തോന്നുന്നുണ്ടാവും. ശരിയാണ്. പ്രചോദനവും പോസിറ്റിവിറ്റിയുമൊക്കെയുണ്ട്. എന്നാൽ ദ്വേഷ്യംവന്നാൽ ആളു മഹാ അലന്പാണ്. കഴിഞ്ഞവർഷം രണ്ടുതവണയാണ് പോലീസ് അറസ്റ്റുചെയ്തത്. പാരിസിലെ ആഡംബര ഹോട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി അടിയുണ്ടാക്കിയതിനും, അതിനുമുന്പ് മദ്യപിച്ച് ലക്കുകെട്ട് ഒരു യാത്രാ ബോട്ടിൽ അതിക്രമിച്ചുകയറി ശല്യമുണ്ടാക്കിയതിനും.
കലാകാരന്മാരിൽ ചിലരൊക്കെ പെരുമാറ്റ വൈചിത്ര്യമുള്ളവരാണെന്നുപറഞ്ഞ് ആശ്വസിക്കേണ്ടിവരും. എന്നാൽ ഇതൊന്നും ട്രവിസിന്റെ പാട്ടുകളെ ബാധിക്കുന്നില്ല. ചാർട്ടുകളിൽ അവയുടെ സഞ്ചാരം മുന്നിൽതുടരുന്നു. ജാക്വിസ് ബെർമൻ വെബ്സ്റ്റെർ II എന്ന ട്രവിസ് സ്കോട്ടിന്റെ അഞ്ചു ഹിറ്റ് ഗാനങ്ങൾ ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിൽ ഒന്നാമതെത്തിയിട്ടുണ്ട്.
ചാർട്ടിൽ ഇടംപിടിച്ചത് മൊത്തം നൂറിലേറെ പാട്ടുകൾ. പത്തു ഗ്രാമി നോമിനേഷനുകൾ, ലാറ്റിൻ ഗ്രാമി അവാർഡ്, ബിൽബോർഡ് മ്യൂസിക് അവാർഡ്, എംടിവി വീഡിയോ മ്യൂസിക് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ. പരന്പരാഗത ഹിപ്-ഹോപിന്റെയും ലോ-ഫൈയുടെയും മിശ്രണമായാണ് സ്കോട്ടിന്റെ ശൈലിയെ വിശേഷിപ്പിക്കുന്നത്. കെയ്ൻ വെസ്റ്റ്, കിഡ് ക്യുഡി തുടങ്ങിയ റാപ്പർമാരാണ് സ്കോട്ടിന്റെ പ്രചോദനം.
ക്രിമിനലുകൾക്കിടയിൽ...
സംരംഭകനും സംഗീതജ്ഞനുമായ ജാക്വിസ് വെബ്സ്റ്റെർ സീനിയറിന്റെയും കംപ്യൂട്ടർ പ്രഫഷണലായ വാൻഡയുടെയും മകനാണ് ട്രവിസ് സ്കോട്ട്. ജനനം 1991 ഏപ്രിൽ 30. ആറുവയസുവരെ മുത്തശിക്കൊപ്പം ഹൂസ്റ്റണിലെ സൗത്ത് പാർക്കിലായിരുന്നു ജീവിതം. അക്രമസംഭവങ്ങൾക്കു കുപ്രസിദ്ധമായ പ്രദേശം. ആ ചുറ്റുപാടുകൾ സ്കോട്ടിന്റെ വ്യക്തിത്വത്തെ ബാധിച്ചു.
വിചിത്രരൂപികളായ, വൃത്തികെട്ടയാളുകളെ താൻ പതിവായി കാണുമായിരുന്നെന്ന് സ്കോട്ട് ഓർമിക്കുന്നു. ആ വൈചിത്ര്യം അയാളുപയോഗിക്കുന്ന ഭാഷയിൽപ്പോലും നിഴലിക്കുന്നതു കാണാം. പിന്നീട് മിസൗറി സിറ്റിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുതുടങ്ങിയത് വഴിത്തിരിവായി. അമ്മ അന്ന് ആപ്പിളിൽ ജോലിചെയ്യുകയാണ്.
ജാസ് കംപോസറായിരുന്ന മുത്തച്ഛനിൽനിന്നും പിതാവിൽനിന്നും പകർന്നുകിട്ടിയ സംഗീതം സ്കൂൾകാലം മുതൽ സ്കോട്ടിനു കൂട്ടായി. ടെക്സസ് യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷത്തെ പഠനം ഇടയ്ക്കുവച്ചു നിർത്തി മുഴുവൻസമയ സംഗീതത്തിലേക്ക് തിരിയുകയും ചെയ്തു. അമ്മാവനായ ട്രവിസിന്റെയും റാപ്പർ കിഡ് ക്യുഡിയുടെയും (സ്കോട്ട് മെസ്ക്യുഡി) പേരുകൾ കൂട്ടിച്ചേർത്താണ് ട്രവിസ് സ്കോട്ട് എന്ന പേരു സ്വീകരിച്ചത്.
ചെറുപ്പംമുതലുള്ള കൂട്ടുകാരൻ ക്രിസ് ഹോളോവേയ്ക്കൊപ്പം ചേർന്ന് ദ ഗ്രാജ്വേറ്റ്സ് എന്ന പേരിലാണ് ആദ്യ ഇപി പുറത്തിറക്കിയത്. സോഷ്യൽ നെറ്റ് വർക്കിംഗ് വെബ്സൈറ്റായ മൈസ്പേസ് വഴിയായിരുന്നു ഇത്. തൊട്ടടുത്ത വർഷം സഹപാഠിയായ ഒജി ചെസ്സുമായി ചേർന്ന് ദ ക്ലാസ്മേറ്റ്സ് എന്ന ഗ്രൂപ്പുണ്ടാക്കി. ബഡ്ഡി റിച്ച് എന്ന പേരിലും ക്രൂയിസിംഗ് യുഎസ്എ എന്ന പേരിലും രണ്ടു പ്രോജക്ടുകൾ അവർ ചെയ്തു. 2012 വരെ ഈ ഗ്രൂപ്പ് തുടർന്നു.
കഷ്ടപ്പാടുകളുടെ ഒരു കാലമുണ്ടായിരുന്നു പിന്നീട് സ്കോട്ടിന്. ഹൂസ്റ്റണിൽനിന്ന് ന്യൂയോർക്കിലെത്തി സൂഹൃത്ത് മൈക് വാക്സിനൊപ്പമായിരുന്നു താമസം. ഏറെ സമയവും ചെലവിട്ടത് സ്റ്റുഡിയോയിൽ, രാത്രി സുഹൃത്തിന്റെ വീട്ടിൽ തറയിൽ കിടന്ന് ഉറക്കം.
ഒന്നും ശരിയാവുന്നില്ലെന്നുകണ്ട് ലൊസാഞ്ചലസിലേക്കു പ്രയാണം. എന്നാൽ അവിടെ സഹായിക്കാമെന്നേറ്റിരുന്ന സുഹൃത്തിന് വാക്കുമാറ്റി. തിരികേ ഹൂസ്റ്റണിലേക്കെത്തിയ സ്കോട്ടിനെ മാതാപിതാക്കൾ വീട്ടിൽനിന്നു പുറത്താക്കി. മറ്റു മാർഗമൊന്നുമില്ലാതെ വീണ്ടും ലൊസാഞ്ചലസിൽ സുഹൃത്തിന്റെ വീട്ടിൽ അഭയംതേടി.
അറ്റ്ലാന്റയിൽനിന്നുള്ള റാപ്പറും റെക്കോർഡ് ലേബൽ ഉടമയുമായ ടി.ഐ. എന്ന ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂണിയർ ഒരിക്കൽ സ്കോട്ടിന്റെ ട്രാക്ക് കേൾക്കാനിടയായത് വഴിത്തിരിവായി. 2012 മുതൽ പാട്ടുകളും അവസരങ്ങളും പെർഫോർമൻസുകളും ട്രവിസ് സ്കോട്ടിന്റെ വഴിയേയെത്തി. ഹിറ്റ് ചാർട്ടുകളിൽ ആ പേരു നിരന്നു.
ഹൈപ്പർ സ്കോട്ട്
അത്യന്തം ഭാവനാത്മകമായ, ഹൈപ്പർ ആക്ടീവ് എന്നു വിളിക്കാവുന്ന തലച്ചോറാണ് സ്കോട്ടിന്റേത് എന്നു പറയാം. ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങൾ അയാളെ പെട്ടെന്നു ബോറടിപ്പിക്കും.
ആഹ്ലാദഭരിതമായ ജീവിതത്തിൽ ലോകം ഒട്ടേറെ തടസങ്ങൾ കൊണ്ടുവയ്ക്കുന്നുവെന്നാണ് അയാളുടെ പരാതി. ഒരേതാളത്തിലുള്ള ജീവിതം പൊളിച്ചുപണിയാനുള്ള ശ്രമങ്ങളായിരിക്കണം അയാളുടെ പാട്ടുകൾ. മനുഷ്യർ യഥാർഥത്തിൽ ചെയ്യാനാഗ്രഹിക്കുന്നതെല്ലാം ചെയ്യണമെന്നാണ് സ്കോട്ടിന്റെ പക്ഷം. അത്തരമൊരു സ്പാർക് തേടിയാണ് ഓരോ പ്രഭാതത്തിലും ഉറക്കമുണരുന്നതെന്ന് അയാൾ പറയുന്നു.
സ്കോട്ടിന്റെ ശ്രമങ്ങളും ആഗ്രഹങ്ങളും വിജയംകാണുന്നുവെന്നുവേണം ആ പാട്ടുകൾ കേൾക്കുന്പോൾ കരുതാൻ. റേഡിയോയിൽ സ്വന്തം പാട്ടുകൾ ട്യൂണ് ചെയ്തു കേൾക്കുന്പോൾപോലും അയാൾ മുന്പുപറഞ്ഞ ബോറടി മറക്കും. എനിക്ക് റേഡിയോ ഇഷ്ടമാണ്, ഞാൻ എപ്പോഴും കേൾക്കും- സ്കോട്ട് പറയുന്നു.
സർക്കസ് മാക്സിമസ്
ആറു രാജ്യങ്ങളിലായി നടത്തുന്ന സർക്കസ് മാക്സിമസ് എന്ന വേൾഡ് ടൂറിന്റെ ഭാഗമായി സ്കോട്ട് ഇന്ത്യയിലെത്തുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ അടുത്ത ഒക്ടോബർ 11നാണ് ടൂറിന്റെ തുടക്കം. ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ, യുഎഇ എന്നിവിടങ്ങൾക്കൊപ്പം ഡൽഹിയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 18, 19 തീയതികളിൽ സംഗീതപരിപാടി നടക്കും.
ടിക്കറ്റുകളെല്ലാം മുൻകൂർ വിറ്റുപോയി. ഇന്ത്യൻ ആരാധകരുടെ അഭ്യർഥന മാനിച്ച് മുംബൈയിൽ മൂന്നാമതൊരു പരിപാടികൂടി ഒരുക്കുകയാണ് സ്കോട്ട് ഇപ്പോൾ. മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിൽ നവംബർ 19നായിരിക്കും ഷോ. കാതോർക്കാം.