പരോപകാരിയുടെ പരിതാപകരമായ കുടുംബം
Sunday, April 29, 2018 2:20 AM IST
ആധാരം എഴുത്തുകാരനായ ആന്റപ്പനെ നാട്ടുകാർക്ക് നന്നായി അറിയാം. ആന്റപ്പൻ ഒരു പരോപകാരിയാണ്. അയാൾ വിവാഹിതനാണ്; രണ്ടു മക്കളുടെ അപ്പനുമാണ്. ഭാര്യ ലീലാമ്മ മണിമലക്കാരിയാണ്. ആന്റപ്പന് ആധാരമെഴുതി കിട്ടുന്നതുകൊണ്ടുമാത്രം കുടുംബം കഴിഞ്ഞുപോകില്ലെന്നു കണ്ടതിനാൽ അയാളുടെ ദുബായിലുള്ള അളിയന്റെ താത്പര്യപ്രകാരവും അയാളുടെ സഹായത്താലുമാണ് വീടിനോടു ചേർന്നുതന്നെ ചെറിയ തോതിൽ ഒരു പലചരക്കുകട അയാൾ തുടങ്ങിയത്. പക്ഷേ കടതുടങ്ങി വർഷമൊന്നാകുന്നതിനുമുന്പുതന്നെ അത് പൂട്ടിക്കെട്ടേണ്ടിവന്നു. കാരണം ആന്റപ്പന്റെ താത്പര്യക്കുറവും ശ്രദ്ധയില്ലായ്മയുംതന്നെ. മക്കൾ രണ്ടുപേരും ടൗണിലുള്ള ഇംഗ്ലീഷ്മീഡിയം സ്കൂളിലാണ് പഠിക്കുന്നത്. സ്കൂൾഫീസും ട്യൂഷൻ ഫീസുമൊക്കെയായി വേണ്ടിവരുന്നത് ഭാരിച്ചൊരു തുകതന്നെയാണ്.
അയൽക്കൂട്ടത്തിൽനിന്ന് ലോണെടുത്ത് പശുവിനെയും ആടിനെയുമൊക്കെ വളർത്തി ലീലാമ്മതന്നെയാണ് അക്കാര്യം പിഴവുകൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. ആന്റപ്പന്റെ ഈയൊരു മനോഭാവം മൂലം ലീലാമ്മയ്ക്ക് ആന്റപ്പനോട് ഇത്തിരി നീരസമുണ്ട്. മാത്രമല്ല, അതിന്റെ പേരിൽ ഇരുവരും തമ്മിൽ ഇടയ്ക്കൊക്കെ കോലാഹലങ്ങൾ ഉണ്ടാകാറുമുണ്ട്. ആന്റപ്പന്റെ അപ്പൻ ജീവിച്ചിരിപ്പുണ്ട്. ഒരിക്കൽ ആന്റപ്പനോട് അപ്പൻ പറഞ്ഞു: ""മോനേ, നിന്റെ കുടുംബം നോക്കാതെയും കുടുംബാംഗങ്ങളെ സ്നേഹിക്കാതെയും നീ ആർക്കുപകാരം ചെയ്തിട്ടെന്താ കാര്യം. ആദ്യം ഭാര്യയേയും മക്കളേയും സ്നേഹിക്കാൻ പഠിക്ക്. അപ്പോൾ നിനക്കു ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഉണ്ടാകും.’’
അപ്പന്റെ ഉപദേശം ആന്റപ്പൻ കേട്ടെങ്കിലും അയാളുടെ പെരുമാറ്റത്തിൽ സാരമായ മാറ്റമുണ്ടാക്കാൻ ആ ഉപദേശം ഗുണപ്പെട്ടില്ല. പഴഞ്ചൊല്ലുപോലെതന്നെ ആന്റപ്പന്റെ അവസ്ഥ ; ""ചങ്കരൻ പിന്നെയും...’’
ഒരുമനസും ഒരുമെയ്യുമായി ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചുകൊണ്ടുപോകേണ്ട ദൈവികസംവിധാനമാണ് കുടുംബം. സൃഷ്ടിക്കുന്ന മക്കളെ എല്ലാവിധത്തിലും നേരാംവണ്ണം വളർത്താനുള്ള ദൗത്യം ഭാര്യാഭർത്താക്കന്മാർക്കിരുവർക്കും ഉള്ളതാണ്. സൃഷ്ടിക്കുന്നവൻ പരിപാലിക്കുകകൂടി ചെയ്യുന്പോഴാണ് സൃഷ്ടിയെന്ന പ്രക്രിയ പൂർണമാകുന്നത്. ഏറ്റെടുക്കുന്ന തൊഴിലിനോട് ഒരുവന് ആത്മാർഥത കാട്ടാൻ കഴിയണമെന്നുണ്ടെങ്കിൽ ദൈവം അയാളെ വിശ്വസ്തതാപൂർവം ഭരമേല്പിച്ച കുടുംബത്തോട് അയാൾക്ക് ആത്മാർഥതയും സ്നേഹവും ഉണ്ടാകണം. ഭാര്യാഭർത്താകന്മാരുടെ പങ്കുവെക്കൽ മറ്റേതൊരുതലത്തിലുമെന്നതുപോലെ കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുന്നതിലും ഉണ്ടാവേണ്ടതാണ്. ഒരുമിച്ച് അധ്വാനിക്കുന്പോഴാണ് കുടുംബജീവിതത്തിന്റെ സന്തോഷം ഇരുവർക്കും ഒന്നുപോലെ ആസ്വാദ്യകരമായിത്തീരുന്നത്.
എനിക്ക് നന്നേ അടുപ്പമുള്ള ഒരു കുടുംബനാഥനുണ്ട്. കക്ഷി വിവാഹിതനായത് മുപ്പത്തിയഞ്ചാമത്തെ വയസിലാണെങ്കിലും തന്റെ ഭാര്യയോടും വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളോടും മക്കളോടും കാട്ടുന്ന കരുതലും സ്നേഹവും കണ്ടാൽ ഇയാളെപ്പോലെ മറ്റൊരു മാതൃകാ കുടുംബനാഥനുണ്ടാവില്ലെന്ന് തോന്നും. പ്രസ്തുത തോന്നലിൽ തെറ്റില്ലെന്ന് അയാളോട് സംസാരിക്കുന്നവർക്കും അടുത്തിടപഴകുന്നവർക്കും ബോധ്യമാകും എന്നത് ഉറപ്പാർന്ന കാര്യമാണ്. ഒരു മനുഷ്യന് തന്നോടും തന്റെ ജീവിതത്തോടുതന്നെയും സ്നേഹവും ആത്മാർഥതയും ഉണ്ടെങ്കിൽ ഇതൊക്കെ തനിക്കെന്നല്ല ആർക്കും സാധ്യമാണെന്ന് അയാൾ വിനീതനായി പറയുന്നു.
സിറിയക് കോട്ടയിൽ