കുടുംബസ്നേഹിയായ സൂസമ്മ
Sunday, May 20, 2018 2:02 AM IST
ഒരു കുടക്കീഴിൽ പോയിരുന്ന റോണിയും സൂസമ്മയും ഇരുവഴിക്ക് പിരിയാൻ കാരണമെന്തെന്ന് അവരിരുവരോടും അടുപ്പവും ബന്ധവുമുള്ള ആർക്കും അറിയാവുന്നതാണ്. വിവാഹശേഷം അവർ ഒരുമിച്ചു കഴിഞ്ഞത് കഷ്ടിച്ച് ഒരു വർഷംമാത്രമാണ്. ഇരുവരുടെയും താത്പര്യങ്ങൾ ഇരുവഴിക്കായിരുന്നു. ആദ്യമൊക്കെ രണ്ടുപേരും കുറെയൊക്കെ യാഥാർത്ഥ്യബോധത്തോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ശത്രുരാജ്യത്തോടെന്നോണം അന്യോന്യം യുദ്ധംചെയ്യുകയായിരുന്നു. ഇരുവരെയും കൂട്ടിയടിപ്പിക്കുന്നതിനുപിന്നിൽ മുഖ്യപങ്കു വഹിച്ചത് അവരിരുവരുടെയും കുടുംബാംഗങ്ങൾ തന്നെയായിരുന്നു.
സൂസമ്മ വിവാഹത്തിനുമുന്പ് അഞ്ചുവർഷം ദുബായിൽ നഴ്സായിരുന്നു. വിവാഹശേഷം റോണിയുടെ ആഗ്രഹപ്രകാരമാണ് അവൾ ദുബായിലെ ജോലി നിറുത്തി കുവൈറ്റിൽ ഭർത്താവിനൊപ്പം താമസമാക്കിയത്. താമസിയാതെ സൂസമ്മയ്ക്ക് കുവൈറ്റിൽ ജോലി ലഭിക്കുകയും ചെയ്തു. ‘കുടുംബസ്നേഹി’യായ സൂസമ്മ വിവാഹത്തിനുമുന്പെന്നപോലെതന്നെ വിവാഹത്തിനുശേഷവും റോണിയോട് ഒരുവാക്ക് പോലും ചോദിക്കാതെ ശന്പളത്തിന്റെ ഏറിയപങ്കും തന്റെ വീട്ടിലേക്ക് അയയ്ക്കുമായിരുന്നു. ആദ്യമൊന്നും ഇക്കാര്യത്തിൽ അത്ര ശ്രദ്ധിക്കാതിരുന്ന റോണി പിന്നീട് ഇതിനെപ്രതി സൂസമ്മയോട് എതിർപ്പ് പ്രകടിപ്പിക്കുകയും അവസാനം അത് വലിയ കുടുംബകലഹത്തിൽ ചെന്ന് കലാശിക്കുകയും ചെയ്തു. റോണിക്ക് നാട്ടിലെ അയാളുടെ കുടുംബത്തിലേക്ക് പണം അയയ്ക്കാമെങ്കിൽ തനിക്കും അതിനവകാശമുണ്ടെന്നായിരുന്നു സൂസമ്മയുടെ വാദം. പ്രശ്നം ഗുരുതരമായത് ഇരുവരുടെയും കുടുംബാംഗങ്ങൾ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തപ്പോഴാണ്. ഇരുവരും ഇപ്പോഴും ഇരുദിശകളിൽത്തന്നെയാണ്.
വിവാഹത്തിനുമുന്പ് വിവാഹാർത്ഥികൾക്ക് ഇരുവരുടേതുമായ താത്പര്യങ്ങളും ആഭിമുഖ്യങ്ങളും കണ്ടേക്കാം. അതിൽ തെറ്റില്ല. പക്ഷേ, വിവാഹശേഷം ഒരേ ദിശയിലേക്ക് നീങ്ങേണ്ട അവരിരുവരുടെയും താത്പര്യങ്ങൾ ഏകോപിപ്പിക്കേണ്ടതാണ്. അതിന് ഇരുവർക്കും തുറന്ന മനോഭാവവും തുറന്നുള്ള സംസാരവും അത്യന്താപേക്ഷിതമാണ്. രണ്ടസ്തിത്വങ്ങൾ മാനസികമായി ഒരസ്തിത്വമായി രൂപാന്തരപ്പെടേണ്ടതാണെന്ന വിചാരവും അവർക്കുണ്ടാകണം. റോണിക്കും സൂസമ്മയ്ക്കും ഇല്ലാതെപോയത് അതുതന്നെയാണ്. സൂസമ്മയുടെ പ്രവൃത്തിയെ തി·യെന്നോ തെറ്റെന്നോ പറയാനാവില്ല; പക്ഷേ അതിനെ വിവേകശൂന്യമായ പ്രവൃത്തി എന്നു പറയേണ്ടിവരും. വിവാഹത്തോടെ മാതാപിതാക്കളെയും സഹോദരങ്ങളെയുമൊന്നും ആരും മറക്കേണ്ടതില്ല. എന്നാൽ അപ്പോഴും അവരുടെ ജീവിതത്തിൽ ഓർക്കേണ്ട ചില കാര്യങ്ങളുണ്ടെന്നുമാത്രം.
ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തിൽ അവരിരുവരുടെയും അശ്രദ്ധമൂലം ഉണ്ടാകുന്ന വിള്ളലുകൾ പിന്നീട് പുറംലോകത്തിന്റെ ഇടപെടലുകൾമൂലം വലിയ ഗർത്തങ്ങളായി മാറിയേക്കാം. അത്തരം വിള്ളലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വിളക്കിച്ചേർക്കുവാൻ ദന്പതികൾതന്നെ ശ്രദ്ധിക്കേണ്ടതാണ്. അതസാധ്യമെങ്കിൽ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടിയും പക്ഷം ചേർന്നും നിലകൊള്ളില്ല എന്നുറപ്പുള്ളവരെ പ്രശ്നപരിഹാരത്തിന് സമീപിക്കാം.
മക്കളെ വിവാഹജീവിതത്തിലേക്ക് നയിക്കുന്ന മാതാപിതാക്കൾ, എല്ലാം ശുഭമായി എന്നു കരുതി അവരെ പിന്നീട് തനിച്ചുവിട്ടാൽ അതു ശരിയാവില്ല. ആ ബന്ധം വേരുപിടിച്ചു വളരുവോളം കരുതലും ശ്രദ്ധയും നൽകണം. മണ്ണിൽ നട്ട ചെറുചെടിക്ക് വളവും ജലവുമെന്നോണം അതിന് വേണ്ടുന്നതൊക്കെ നൽകണം. വിവാഹത്തോളം മക്കളെ വളർത്തിയ അവർക്ക് അവരിൽനിന്ന് പ്രതിഫലം കിട്ടണം എന്നതിനേക്കാൾ തങ്ങളുടെ ജീവിതാന്ത്യംവരെ അവർക്ക് നൽകേണ്ടതൊക്കെ നൽകാൻ മാതാപിതാക്കൾ തയ്യാറാവണം.
ഇതിന്റെയൊക്കെ അർത്ഥം മക്കൾ വിവാഹശേഷം മാതാപിതാക്കളെ സ്മരിക്കേണ്ടതില്ലെന്നും, മാതാപിതാക്കൾ ഉള്ളതൊക്കെ മക്കൾക്ക് നൽകിയാൽമാത്രം മതിയെന്നുമല്ല. ജീവിതമാകുന്ന മരുഭൂമിയിൽ തളർന്നുവീഴാതെ മക്കളെ താങ്ങിയ ആ കരങ്ങൾക്ക് പിന്നീട് കരുത്തുപകരേണ്ടത് മക്കൾതന്നെയാണ്. ഈ ബോധ്യം മക്കളായ ഭാര്യാഭർത്താക്കന്മാരിരുവർക്കും ഉണ്ടാകണം. പക്ഷേ ഇക്കാര്യം അന്യോന്യമുള്ള അറിവോടെ ഇരുവരും നിർവ്വഹിക്കണം എന്നുമാത്രം. ‘എന്റെ മാതാപിതാക്കളും സഹോദരരും’ എന്ന ചിന്തയേക്കാൾ ‘നമ്മുടെ മാതാപിതാക്കളും സഹോദരരും’ എന്ന ചിന്തയായിരിക്കണം ഇക്കാര്യത്തിൽ അവരിരുവരെയും നയിക്കേണ്ടത്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]