തെറ്റ് തിരുത്താൻ അപേക്ഷിച്ചു; കിട്ടിയത് നായയുടെ പടമുള്ള വോട്ടർ ഐഡി
Thursday, March 5, 2020 11:25 AM IST
പശ്ചിമബംഗാളിൽ വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച വ്യക്തിക്ക് കിട്ടിയത് നായയുടെ പടമുള്ള ഐഡി കാര്‍ഡ്. മൂർഷിദാബാദിലെ രാംനഗർ സ്വദേശിയായ സുനില്‍ കര്‍മാക്കറുടെ ഐഡി കാർഡിലാണ് അധികാരികൾക്ക് അമളി പിണഞ്ഞത്.
ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് സുനിൽ അപേക്ഷ നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. തിരുത്തി ലഭിച്ച കാർഡ് അദ്ദേഹത്തിനു കൈമാറി. കവർ തുറന്നുനോക്കിയ സുനിൽ ശരിക്കും ഞെട്ടി. തന്റെ ചിത്രത്തിന് പകരം നായയുടെ ചിത്രമാണ് ഇതിലുള്ളത്.
തന്നെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ഉത്തരവാദിത്വപ്പെട്ടവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സുനില്‍ ആവശ്യപ്പെട്ടു. അതേസമയം, സുനിലിന് നല്‍കിയിരിക്കുന്ന കാര്‍ഡ് അന്തിമമല്ലെന്നാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നൽകുന്ന വിശദീകരണം.