കള്ളന്മാരെ നമുക്ക് പലയിടങ്ങളിലും കാണാനാകുമല്ലൊ. കണ്ണുതെറ്റിയാല്‍ ആളുകളുടെ വസ്തുവകകളുമായി അവര്‍ പായും.

എന്നാല്‍ അപൂര്‍വം സമയങ്ങളില്‍ കള്ളന്മാര്‍ തങ്ങളുടെ കണക്ക് കൂട്ടലുകള്‍ തെറ്റി പിടിയലാകാറുണ്ട്. അത്തരത്തില്‍ പിടിയിലായാല്‍ മിക്കപ്പോഴും ക്രൂരമായ ശിക്ഷകളും അവര്‍ക്ക് ലഭിക്കാറുണ്ട്.

ഇത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ട്രെയിനിന്‍റെ ജനാലയില്‍ക്കൂടി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരുടെ പിടിയിലായ മോഷ്ടാവിന്‍റെ വീഡിയോ എഎന്‍ഐ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.

ബീഹാറിലെ ബെഗുസരായ് സ്വദേശിയായ പങ്കജ് കുമാര്‍ എന്ന മോഷ്ടാവാണ് ഇത്തരത്തില്‍ നെറ്റീസണ്‍ ലോകത്ത് ചര്‍ച്ചയായത്. ജനാലയിലൂടെ മൊബെെല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഇയാളുടെ കൈകളില്‍ യാത്രക്കാര്‍ പിടികൂടുകയായിരുന്നു. ട്രെയിന്‍ ഓടിത്തുടങ്ങിയിട്ടും ആളുകള്‍ ഈ പിടുത്തം വിട്ടില്ല.

ഫലത്തില്‍ ട്രെയിനിന് പുറത്തായി 15 കിലോ മീറ്ററോളമാണ് പങ്കജ് ഇത്തരത്തില്‍ തൂങ്ങിക്കിടന്നത്. ഒടുവില്‍ ട്രെയിന്‍ ഖജേറിയ റയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഇയാളെ അവര്‍ റയില്‍വേ പോലീസിന് കൈമാറി. സത്യം കുമാര്‍ എന്ന യാത്രക്കാരന്‍റെ പരാതിപ്രകാരം പങ്കജിനെതിരെ കേസെടുക്കുകയും ചെയ്തു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ ആളുകളുടെ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയകണ്.