ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചന്ദ്രയാന്‍ 3ന്‍റെ വിജയത്തിന് പിന്നാലെയാണ് രാജ്യത്തിന്‍റെ ആദ്യ സൗരദൗത്യമായ ആദിത്യ ശനിയാഴ്ച ശ്രീഹിക്കോട്ടയില്‍ നിന്നും പറന്നുയര്‍ന്നത്. വിക്രം ലാന്‍ഡറിന്‍റെയും പ്രഗ്യാന്‍ റോവറിന്‍റെയും ചിത്രങ്ങളും വീഡിയോയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ വൈറലാകുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ "കുഞ്ഞുകരങ്ങളാല്‍' നിര്‍മിച്ച ഒരു വിക്രം ലാന്‍ഡറും എക്‌സില്‍ തരംഗമാകുകയാണ്. ഐഎസ്ആര്‍ഒ ചീഫായ എസ്. സോമനാഥിന് അദ്ദേഹത്തിന്‍റെ അയല്‍വാസിയായ ബാലന്‍ കാര്‍ഡ് ബോര്‍ഡില്‍ നിര്‍മിച്ച വിക്രം ലാന്‍ഡറിന്‍റെ മാതൃക സമ്മാനിച്ചു. ഐഎസ്ആര്‍ഒയിലെ തന്നെ ശാസ്ത്രജ്ഞനായ പി.വി വെങ്കിടകൃഷ്ണനാണ് ഇത് എക്‌സില്‍ പങ്കുവെച്ചത്.



ശനിയാഴ്ച രാവിലെ വന്ന ചിത്രം ഇതിനോടകം 3.59 ലക്ഷം ആളുകള്‍ കണ്ടു. നിരവധി പേരാണ് കുരുന്നു ബാലന് ആശംസകളുമായി എത്തിയത്. ഐഎസ്ആര്‍ഓയുടെ നിലവിലെ ചീഫും ഭാവി ചീഫും ഒരു ഫ്രെയിമില്‍ എന്ന് വരെ നെറ്റിസണ്‍സിനിടയില്‍ നിന്നും പ്രതികരണം വന്നിരുന്നു.

"ബാലന് നല്ല ശാസ്ത്രബോധവും കലാവാസനയുമുണ്ട്', "പഠിച്ച് ഉയരങ്ങളിലെത്തണം', "ഇന്ത്യയ്ക്ക് അഭിമാനമാകുന്ന ബഹിരാകാശ ശാസ്ത്രജ്ഞനാകണം', "ഈ മോന്‍ ഐഎസ്ആര്‍ഒയിലെത്തട്ടെ' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ ചിത്രത്തെ തേടി വന്നു.