പഠനമൊക്കെ കഴിഞ്ഞാല്‍ ഒരു ജോലി തരപ്പെടുത്തി ജീവിതം സുരക്ഷിതമാക്കുക എന്നാണ് എല്ലാവരും ചിന്തിക്കുക. എന്നാല്‍ ഒരു ജോലി തപ്പിയിറങ്ങുമ്പോഴാണ് തൊഴിലില്ലായ്മയുടെ ഭീകരത ശരിക്കും മുന്നിലേക്കെത്തുക. പല കമ്പനികളും "നോ' എന്നു പറയുമ്പോള്‍ മനസ് മടുക്കുന്നവരാണ് നമ്മളില്‍ പലരും.

പക്ഷെ അമാന്‍ ഖന്‍ഡെല്‍വാള്‍ എന്ന യുവാവ് അങ്ങനെയല്ല. തന്‍റെ ജോലിയപേക്ഷ ചവറ്റുകുട്ടയിലേക്ക് പോകാതിരിക്കാന്‍ വ്യത്യസ്തമായ ഒരു ആശയം ഉപയോഗിച്ചിരിക്കുകയാണ് ഈ യുവാവ്.

ജയ്പുരില്‍ നിന്നുള്ള മാനേജ്മെന്‍റ് ട്രെയ്നിയായ അമാന്‍ ഓണ്‍ലൈന്‍ ആഹാര വിതരണ ആപ്പായ സൊമാറ്റോയുടെ യൂണിഫോമിലാണ് കമ്പനികളില്‍ എത്തിയത്. പേസ്ട്രീ കേക്ക് വച്ചിട്ടുള്ള ഒരു കവറിലായിട്ടാണ് ഇദ്ദേഹം തന്‍റെ ബയോഡേറ്റയും വയ്ക്കുന്നത്.


മിക്ക അപേക്ഷകളും ചവറ്റുകുട്ടയിലേക്ക് പോകുമെങ്കിലും തന്‍റേത് ജോലി നല്‍കേണ്ട ആളുടെ ഉദരത്തിലേക്കാണ് എത്തുകയെന്ന രസകരമായ കുറിപ്പും അമാന്‍ പേസ്ട്രീ പെട്ടിയില്‍ എഴുതിവച്ചിട്ടുണ്ട്.

ഏതായാലും അമാന്‍റെ ഈ വേറിട്ട ആശയം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധിയാളുകള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കമന്‍റുകളിടുന്നുണ്ട്. മാത്രമല്ല അമാന്‍റെ ഈ "മാര്‍ക്കറ്റിംഗ് സ്കില്‍’ ബോധ്യപ്പെട്ട ഡിജിറ്റല്‍ ഗുരുകുല്‍ മെറ്റാവേഴ്സിറ്റി എന്ന കമ്പനി അദ്ദേഹത്തെ ഇന്‍റന്‍ഷിപ്പിനായി ക്ഷണിച്ചിരിക്കുകയാണ്.