തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ജീവനക്കാരന്റെ മുഖം മുക്കുന്ന ഉദ്യോഗസ്ഥൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Tuesday, November 27, 2018 12:01 PM IST
ഓഫീസിൽ വച്ചു നടത്തിയ പാർട്ടിക്കിടയിൽ ജീവനക്കാരന്റെ മുഖം തിളച്ചു മറിയുന്ന വെള്ളത്തിൽ ഉയർന്ന ഉദ്യോഗസ്ഥൻ ബലംപ്രയോഗിച്ച് മുക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന് മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ജീവനക്കാരൻ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.
ജപ്പാനിലാണ് ഈ ക്രൂരത അരങ്ങേറിയത് എന്ന് കരുതുന്നു. 2015ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
ഭക്ഷണങ്ങൾ വച്ചിരിക്കുന്ന മേശയ്ക്കു ചുറ്റും കുറച്ചാളുകൾ ഇരിക്കുന്നത് വീഡിയോയിൽ കാണാം. പെട്ടന്ന് എഴുന്നേറ്റ് നിൽക്കുന്ന ഒരാൾ, കസേരയിൽ ഇരിക്കുന്ന ജീവനക്കാരന്റെ മുഖം ബലംപ്രയോഗിച്ച് മുമ്പിൽ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് മുക്കുകയായിരുന്നു.
ഈ സംഭവം കണ്ട് സമീപമിരുന്നവർ പൊട്ടിച്ചിരിക്കുകയായിരുന്നു. മാത്രമല്ല ഇപ്രകാരം ചെയ്തയാളോട് മറുത്ത് ഒരക്ഷരം പോലും ആരും പറഞ്ഞുമില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഈ യുവാവ് തന്നോട് ക്രൂരത കാട്ടിയയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണ്. എന്നാൽ വർഷങ്ങൾക്കു മുമ്പ് സംഭവം നടന്നിട്ടും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ ജീവനക്കാരൻ താമസിച്ചത് എന്താണെന്ന് വ്യക്തമല്ല.