തൊണ്ണൂറുകളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ടിവി പരിപാടിയായിരുന്നല്ലൊ ഡബ്ല്യുഡബ്ല്യുഎഫ് എന്നത്. പിന്നീടത് ഡബ്ല്യുഡബ്ല്യുഇ ആയപ്പോഴും ആരാധകര്‍ക്കത്ര കുറവൊന്നും വന്നില്ല.

ഈ ഇടിക്കൂട്ടില്‍ ഏറ്റവും ആരാധകരുള്ള ഒരു സൂപ്പര്‍സ്റ്റാറായിരുന്നു റോക്ക്. ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്. പിന്നീട് നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങളില്‍ തിളങ്ങിയ ഇദ്ദേഹത്തിന്‍റെ പുരികം ചലിപ്പിച്ചുള്ള ഒരു ആംഗ്യം ഏറെ പ്രശസ്തമാണ്. പുരികം ഉയര്‍ത്തി "റ' പോലെ നിര്‍ത്തിയുള്ള ആ നോട്ടം ആരാധകരെ ആവേശഭരിതരാക്കിയിരുന്നു.

അടുത്തിടെ ഡോക്ടര്‍ അജയിത എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഒരു വീഡിയോയില്‍ റോക്കിന്‍റെ ഈ നോട്ടം പോലെ ഒരു പശുവും പുരികം വയ്ക്കുന്നത് കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ദ റോക്കിനെയും ഡോക്ടറെയും അഭിനന്ദിച്ച് നിരവധി പേര്‍ ഇതിന് കമന്‍റിട്ടു.

ഈ വീഡിയോ റോക്കും റീട്വീറ്റ് ചെയ്തിരുന്നു. തന്‍റെ ഈ ആംഗ്യം പശു ഇങ്ങനെ അനുകരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം തന്‍റെ പോസ്റ്റില്‍ കുറിച്ചു.