"സൗഹൃദത്തിന് മരണമില്ല'; മരിച്ചു പോയ സുഹൃത്തിന്‍റെ കാര്‍ബോര്‍ഡ് കട്ടൗട്ടുമായി കറങ്ങിയ 40 പേരെക്കുറിച്ച്
ചില ബന്ധങ്ങള്‍ അങ്ങനെയാണ് കാലത്തിനതിന്‍റെ ആഴത്തെ കുറച്ചു കളയാന്‍ കഴിയില്ല. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഈ വാര്‍ത്ത.

ഇംഗ്ലണ്ടിലുള്ള ഒരു കൂട്ടം സുഹൃത്തുക്കളുടെ കാര്യമാണിത്. ഏകദേശം അമ്പതിനടുത്ത് പ്രായമുള്ള ഇവര്‍ സൗഹൃദത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്. ഇടയ്ക്ക് കറങ്ങാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഈ കൂട്ടുകാര്‍ സമയം കണ്ടെത്തിയിരുന്നു. 40 പേരടങ്ങുന്ന ഈ സൗഹൃദ സംഘത്തിലെ ഏറ്റവും ഊര്‍ജസ്വലന്‍ ലീ ക്ലാര്‍ക്ക് എന്ന അമ്പതുകാരനായിരുന്നു. സുഹൃത്തുക്കള്‍ അദ്ദേഹത്തെ മേജര്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

ഇംഗ്ലണ്ടിലെ സ്കെഗ്നസ് എന്ന നഗരം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിടമാണ്. അവിടേക്കൊരു യാത്ര പോകണമെന്ന് കൂട്ടുകാരോട് പറഞ്ഞത് ലീ ആയിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ലീ ക്ലാര്‍ക്ക് അര്‍ബുദ ബാധിതനായി. അര്‍ബുദം കുടലിനെ ബാധിച്ചത് നിമിത്തം അദ്ദേഹത്തിന്‍റെ നില വൈകാതെ മോശമാവുകയും ചെയ്തു. ഒടുവില്‍ ഈ ഫെബ്രുവരിയില്‍ ലീ മരിച്ചു.

എന്നാല്‍ ലീയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഡാരന്‍ മക് ലീന് തന്‍റെ പ്രിയ കൂട്ടുകാരന്‍റെ ആഗ്രഹം നിറവേറ്റണമെന്ന് തോന്നി. ഇതിനായി ഡാരന്‍ ലീ ക്ലാര്‍ക്കിന്‍റെ ഒരു കാര്‍ബോര്‍ഡ് കട്ടൗട്ട് തയാറാക്കി. ലീയുടെ ഉയരത്തിനനുസരിച്ച് തയ്യാറാക്കിയ കട്ടൗട്ടില്‍ അദ്ദേഹത്തിന്‍റെ പ്രസന്നമായ ഒരു ചിത്രവും മുഖമായി അണിയിച്ചു.

ഡീന്‍ എന്നൊരു സുഹൃത്തിനു കൂടിയെ ഈ വിവരം അറിയുമായിരുന്നുള്ളു. യാത്രയ്ക്കായി എത്തിയപ്പോഴാണ് മറ്റുള്ളവര്‍ എല്ലാം ഇക്കാര്യം അറിയുന്നത്. പിന്നീടാ യാത്ര വളരെ വികാരപരമായിരുന്നെന്ന് പറയാം.

അവര്‍ ചെന്ന ഹോട്ടലുകളിലും ബീച്ചിലും പബ്ബിലുമൊക്കെ ലീ ക്ലാര്‍ക്കിന്‍റെ കട്ടൗട്ടും കൂട്ടിയിരുന്നു.ഇതു കണ്ട മറ്റാളുകള്‍ക്കും അവരുടെ സൗഹൃദത്തില്‍ വലിയ മതിപ്പുണ്ടായി. ഏറ്റവും സന്തോഷകരമായ കാര്യം മകന്‍റെ മരണത്തില്‍ ദുഃഖിതയായിരുന്ന ലീ ക്ലാര്‍ക്കിന്‍റെ അമ്മയ്ക്ക് ഈ സംഭവം കുറച്ചാശ്വാസം നല്‍കി എന്നതാണ്.

ഏതായാലും സുഹൃത്തിനെ മറക്കാതെ ഇത്തരത്തില്‍ കൂടെ നിറുത്തിയ ഇവരെ അഭിനന്ദിക്കുകയാണ് ഈ വാര്‍ത്ത അറിഞ്ഞവരൊക്കെ. സ്നേഹത്തിനും സൗഹൃദത്തിനും വിരാമമില്ലെന്നുള്ള ഇവരുടെ സന്ദേശം വായനക്കാരുടെയും സുഹൃദ് ബന്ധത്തിനും ആഴം പകരാന്‍ കഴിയുന്ന ഒന്നാണല്ലൊ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.