ഇന്ന് പര്‍വതദിനം; ഉയരം കൂടുംതോറും യാത്രയുടെ മധുരവും കൂടും
താനൂരുകാരി വിനീതയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള എവറസ്റ്റിലേക്കുള്ള സാഹസികയാത്ര സ്ത്രീകള്‍ക്ക് ഒട്ടൊന്നുമല്ല പ്രചോദനമായത്. വിമന്‍ മൂവ് മൗണ്ടന്‍സ് എന്ന പ്രമേയത്തില്‍ ഇത്തവണത്തെ പര്‍വതദിനം ആചരിക്കുമ്പോള്‍ മലയാളികളുടെ മനസിലേക്കു ആദ്യം ഓടിയെത്തുന്നത് വിനീതയുടെ എവറസ്റ്റ് യാത്ര തന്നെയായിരിക്കും. അധികമാരോടും പറയാതെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കൊരു ഒറ്റക്കൊരു യാത്ര.

ഹിമാലയന്‍ പര്‍വതനിരകളിലെ എവറസ്റ്റ് ബേസ് ക്യാമ്പും 5500 അടി ഉയരത്തിലുള്ള കാലാ പത്ഥറും കീഴടക്കിയായിരുന്നു ഇരുപത്തെട്ടുകാരിയായ വിനീത തന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. എവറസ്റ്റ് മഞ്ഞുമലകള്‍ കീഴടക്കണമെന്ന ആഗ്രഹത്തിനു മുന്‍പില്‍ തടസങ്ങളെല്ലാം വഴിമാറുകയായിരുന്നു.

അപകടം നിറഞ്ഞ മലയിടുക്കുകളും അപരിചിതമായ കാലാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും പ്രതിസന്ധികളായി മുന്‍പന്തിയിലുണ്ടായിരുന്നു. പർവതാരോഹണത്തിനിടെ കഠിനമായ തണുപ്പും ആരോഗ്യപ്രശ്നങ്ങളും കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാനായിരുന്നു തീരുമാനം.

കൊടുംതണുപ്പില്‍ കൈകാലുകള്‍ മരവിച്ചത് യാത്ര ദുര്‍ഘടമാക്കി. കാലാ പത്ഥറില്‍ വെച്ച് അപകടത്തില്‍പ്പെട്ടപ്പോഴും പതറിയില്ല. എവറസ്റ്റ് ബേസ് ക്യാംപ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കാലാ പത്ഥര്‍. ചോലപാസും ഗോക്കിയോ റിവറും കണ്ടു. ഗോകിയോയിലെ നദിക്കാഴ്ചയും മനോഹരിതയും ഗോകിയോറിയിലെ മലകളുടെ കാഴ്ചയും വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. അവിടുത്തെ ഗ്രാമീണര്‍ ഒത്തിരി പിന്തുണ നല്‍കിയെന്നു വിനീത പറഞ്ഞു.എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നു ഉറപ്പില്ലായിരുന്നതിനാലാണ് അധികമാരോടും പറയാതിരുന്നത്. യാത്രയ്ക്കു വീട്ടുകാരുടെ പൂര്‍ണ സഹകരണവുമുണ്ടായിരുന്നു. തിരൂരില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. കാലാ പത്ഥറിലേക്കുള്ള യാത്ര സാഹസികമായിരുന്നെന്നു വിനീത പറഞ്ഞു.

23 ദിവസമെടുത്തായിരുന്നു പര്‍വതാരോഹണം പൂര്‍ത്തിയാക്കിയത്. 11 ദിവസം ട്രെക്കിംഗ്. ബജറ്റ് ചുരുക്കിയായിരുന്നു യാത്ര. ഉയരങ്ങള്‍ കീഴടക്കാനുള്ള ആഗ്രഹം തീവ്രമായിരുന്നു. യാത്ര അത്ര എളുപ്പവും സുഗമവുമായിരുന്നില്ല. റിസ്ക് എടുത്താണ് പോയത്. 23,000 രൂപ ചെലവു വന്നു.

യാത്രകള്‍ അത്രയേറെ ഇഷ്ടപ്പെടുന്നവര്‍ അവരുടെ യാത്ര ഒരിക്കലും മാറ്റി വയ്ക്കില്ലെന്ന അഭിപ്രായമാണ് വിനീതക്കുള്ളത്. അതെത്ര ഉയരത്തിലായാലും. ഇതിനു മുന്‍പും നിരവധി വനിതകള്‍ ബേസ് ക്യാമ്പില്‍ എത്തിയിട്ടുണ്ട്. അവിടെ വരുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നു.

ബംഗളൂരുവില്‍ നിന്നുള്ള വനിതകള്‍, 60-70 വയസുള്ള സ്ത്രീകള്‍, ഒറ്റക്കുവരുന്ന സ്ത്രീകള്‍ എന്നിവരെയൊക്കെ കണ്ടുമുട്ടാനായി. പര്‍വതങ്ങള്‍ സംരക്ഷിക്കുന്നതില്‍ വനിതകളുടെ പങ്ക് വലുതാണ്. എവറസ്റ്റ് പരിസരം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വിനീത വാചാലയായി. മിഠായി കടലാസ്, പ്ലാസ്റ്റിക് എന്നിവ യാത്രയില്‍ നിരവധി കാണാനുണ്ടായിരുന്നു. അതല്ലാം പെറുക്കി തിരിച്ചുകൊണ്ടുപോകുന്നവരേയും കണ്ടു. പ്ലാസ്റ്റിക് മാലിന്യം മാക്സിമം തിരിച്ചുകൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം.

തന്‍റെ യാത്രകള്‍ സ്ത്രീകളടക്കമുള്ളവര്‍ക്കു പ്രചോദനമാകണമെന്ന ആഗ്രഹവും വിനീതയ്ക്കുണ്ട്. എവറസ്റ്റ് കയറണമെങ്കില്‍ 35 ലക്ഷം രൂപയാണ് ചെലവ്. താങ്ങാന്‍ പറ്റാത്ത ചെലവാണ്. ഗൈഡ് അടക്കമുള്ള സംഘമായിട്ടാണ് പോകേണ്ടത്. എവറസ്റ്റ് കൊടുമുടി കയറണമെന്ന ആഗ്രഹം അതുകൊണ്ടുതന്നെ ആഗ്രഹം മാത്രമായി ഒതുങ്ങുന്നു. പലവട്ടം ശ്രമം നടത്തിയെങ്കിലും അവസരം വന്നിട്ടില്ല.

കുട്ടിക്കാലം മുതല്‍ യാത്ര ഏറെ ഇഷ്ടമായിരുന്നു. കോളജില്‍ എന്‍സിസിയില്‍ പരിചയം, സൈക്കിളിംഗ് എന്നിവ മുതല്‍ക്കൂട്ടായി. സൈക്കിള്‍ സവാരി ഏറെ ഇഷ്ടമായിരുന്നു. തിരുവനന്തപുരം വരെ സൈക്കിളില്‍ പോയി വന്നിട്ടുണ്ട്.

താനൂര്‍ ചന്തപ്പറമ്പിലെ പതിയമ്പാട്ട് സുനില്‍ കുമാര്‍-ഉഷ ദമ്പതികളുടെ മകളാണ് വിനീത. സഹോദരന്‍ വിവേക്. എംഎസ്ഡബ്ല്യു ബിരുദധാരിയായ വിനീത അടുത്ത സാഹസികയാത്രകളുടെ പ്ലാനിംഗിലാണ്. അതിരുകളില്ലാത്ത യാത്രയാണ് വിനീതയുടെ സ്വപ്നലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.