അന്യജാതിക്കാരനെ വിവാഹം ചെയ്തു; യുവതിയെകൊണ്ട് ഭർത്താവിനെ ചുമലിലേറ്റി നടത്തി നാട്ടുകാർ
Sunday, April 14, 2019 11:58 AM IST
അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് നാട്ടുകാരുടെ പ്രാകൃത ശിക്ഷ. ഗ്രാമീണർ യുവതിയെ കൊണ്ട് ഭർത്താവിനെ തോളിലേറ്റി നടത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ദേവിഗഡിലാണു സംഭവം.
ഒരു തരിശ് പാടത്ത് നടക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിറയ്ക്കുന്ന കാലുകളോടെ യുവതി ഭർത്താവിനെയും എടുത്ത് നടക്കുന്നതാണു കാണാൻ കഴിയുക. ഇടയ്ക്ക് യുവതി വീഴാനും തുടങ്ങുന്നുണ്ട്.
യുവതി ഭർത്താവിനെ ചുമക്കുന്പോൾ ആർപ്പുവിളിച്ച് നിരവധി പേർ അരികെ നിൽക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ചിലർ യുവതിക്കുനേരെ ആക്രോശിക്കുന്നതും ചിലർ നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.
മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത 33 സെക്കൻഡ് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിൻ പറഞ്ഞു.