മക്ഡൊണാള്‍ഡ്സില്‍ എട്ട് വയസുകാരനെ എലി കടിക്കുന്നു; വീഡിയോ
Saturday, March 11, 2023 3:52 PM IST
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സ് എല്ലാവര്ക്കും അറിയാവുന്നതാണല്ലൊ. പലരും ഇവിടങ്ങളില്‍ മിക്കപ്പോഴും സന്ദര്‍ശനം നടത്തുന്നവരുമായിരിക്കും.
എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവോടെ എത്ര വലിയ ഇടങ്ങളായാലും അനാസ്ഥ സംഭവിച്ചാല്‍ ഉടനടി അത് എല്ലാവരും അറിയുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴിതാ ഇത്തരത്തിലൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തെലങ്കാനയിലെ മക്ഡൊണാള്‍ഡ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ഒരു എട്ട് വയസുകാരനെ എലി കടിക്കുകയുണ്ടായി. കുട്ടിയുടെ തുടയിലായാണ് ഈ എലി കടിച്ചത്. റെസ്റ്റോറന്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.
ദൃശ്യങ്ങളില്‍ ഈ എലി ശുചിമുറിയില്‍ നിന്ന് ഡൈനിംഗ് ഏരിയയിലേക്ക് ഓടുന്നത് കാണാം. ഏതായാലും എലിയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി ടെറ്റനസ് കുത്തിവയ്പ്പിനൊപ്പം പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പും നല്കി.
കുട്ടിയുടെ കുടുംബം മക്ഡൊണാള്‍ഡ്സിനെതിരേ പോലീസില്‍ പരാതി നല്കിയിരിക്കുകയാണിപ്പോള്.