മൃഗശാല എന്നാല്‍ ഒരേ സമയം കൗതുകവും അപകടവും ഉള്ള ഒരിടം എന്ന് പറയാന്‍ കഴിയും. വിവിധയിനം വന്യമൃഗങ്ങള്‍ കൂടുകള്‍ക്കുള്ളിലും മറ്റുമാണെങ്കിലും അനാസ്ഥകളൊ അശ്രദ്ധയൊ വലിയ വിപത്ത് ഉണ്ടാക്കാറുണ്ട്.

അടുത്തിടെ ഡല്‍ഹിയിലെ ഒരു മൃഗശാലയിലുണ്ടായ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബി ആന്‍ഡ് എസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്ക് വച്ച വീഡിയോയില്‍ മൃഗശാല സന്ദര്‍ശിക്കുന്ന കുറച്ചാളുകളെയും ഒരു സെക്യൂരിറ്റി ജീവനക്കാരനെയും ഒരു ഹിപ്പോപൊട്ടമസിനെയും കാണാം.

ഈ ഹിപ്പോ വെള്ളത്തില്‍ നിന്ന് കയറിവരികയും അതിര്‍ത്തി ഭേദിച്ച് ആളുകള്‍ക്കിടയിലേക്ക് കടക്കാനൊരുങ്ങുകയുമാണ്. എന്നാല്‍ ഇത് മനസിലാക്കിയ ഒരു കാവല്‍ക്കാരന്‍ ഹിപ്പോയെ മെല്ലെ അടിക്കുന്നു. അതിനോട് താഴേക്കിറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഹിപ്പോ അത് കൂട്ടാക്കുന്നില്ല.

വീണ്ടും അയാള്‍ ഹിപ്പോയെ അടിക്കുമ്പോള്‍ അത് വാ തുറന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഒഴിഞ്ഞുമാറുന്ന സെക്യൂരിറ്റി വീണ്ടും അതിനെ തല്ലുകയാണ്. ഹിപ്പോ ഒടുവില്‍ തിരികെ വെള്ളത്തിലേക്ക് പോകുന്നു.

ഏതായാലും സംഭവം നെറ്റിസണില്‍ ചര്‍ച്ചയായി. സാധാരണയായി ഹിപ്പോ സൗമ്യനും ശാന്തനുമാണെന്ന് തോന്നുമെങ്കിലും അവര്‍ പെട്ടെന്ന് ആക്രമണകാരികളായി മാറും. അതിനാല്‍ത്തന്നെ കാവല്‍ക്കാരന്‍റെ ഇടപെടല്‍ ധീരവും സമയോചിതവും എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ കാട്ടിലും മറ്റും സ്വതന്ത്രമായി നടക്കേണ്ട ജീവികളെ ഇത്തരത്തില്‍ കൂട്ടിലിടുകയും തല്ലുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹം എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.