44ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണല്ലൊ. ഈ മേള നടക്കുന്ന ചെന്നൈ നഗരം ആവേശത്തിമിര്‍പ്പിലാണ്. മുമ്പ് നഗരത്തിലെ ഐതിഹാസികമായ നേപ്പിയര്‍ പാലം ചെസ് ബോര്‍ഡിനോട് സാമ്യമുള്ള തരത്തില്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ ചായം പൂശിയത് വലിയ വാര്‍ത്തയായിരുന്നു.

പുതുക്കോട്ട ജില്ലയില്‍ അവതരിപ്പിച്ച നൃത്തപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നൃത്തത്തില്‍ ക്ലാസിക്കല്‍, നാടോടി, ആയോധന കല ഘടകങ്ങള്‍ സംയോജിപ്പിച്ച പ്രകടനം, ചെസ് ബോര്‍ഡില്‍ വിവിധ ചെസ് പീസുകള്‍ ജീവസുറ്റതും യുദ്ധത്തില്‍ ഏര്‍പ്പെടുന്നതും കാണിച്ചു.

ഇപ്പോളിതാ ആവേശം വാനോളമുയര്‍ത്തി ആഴത്തിലുള്ള ചെസ് കളി വീഡിയോയും വന്നിരിക്കുകയാണ്. വൈറലായ വീഡിയോയില്‍ ആറ് സ്കൂബ ഡെെവര്‍മാരുടെ സംഘം വെള്ളത്തിനടിയില്‍ ചെസ് കളിക്കുന്നത് കാണാം.

സ്കൂബ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ എസ്.ബി അരവിന്ദ് തരുണ്‍ശ്രീയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ചെസ് മത്സരം അരങ്ങേറിയത്. കടലിനടിയില്‍ 60 അടി ഉയരത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ചെസ് ഒളിമ്പ്യാഡിന്‍റെ ഭാഗ്യചിഹ്നം തമ്പിയും കളിക്കാര്‍ക്കൊപ്പമുണ്ട്. കലാസംവിധായകന്‍ ശരവണനാണ് തമ്പി എന്ന ലോഗോയുടെ പകര്‍പ്പ് ഉണ്ടാക്കി നല്‍കിയത്.

പ്രത്യേകം രൂപകല്പന ചെയ്ത ഭാരമുള്ള നാണയങ്ങളാണ് ചെസ് കരുക്കളായി സംഘം ഉപയോഗിച്ചത്. ഏതായാലും ഈ വേറിട്ട ചെസ് മത്സരം ലോകശ്രദ്ധ നേടി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിയാളുകള്‍ ഇവരെ പുകഴ്ത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

അതിനിടെ, ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമുകള്‍ തങ്ങളുടെ വിജയ കുതിപ്പ് തുടരുന്നത് ഇന്ത്യാക്കാരെ സംബന്ധിച്ച് ആഹ്ലാദകരമായ വാര്‍ത്തകൂടിയാണ്.