"ഞെട്ടലും വിസ്മയവും’; വൈറലായി സിംഹത്തെ എടുത്തുകൊണ്ടുവരുന്ന സ്ത്രീ
Friday, January 13, 2023 12:12 PM IST
പലരും പലതരം മൃഗങ്ങളെ ഇണക്കി വളര്‍ത്താറുണ്ടല്ലൊ. സാധാരണയായി ഒരു നായയൊ പൂച്ചയൊ പക്ഷികളൊ ഒക്കെയാണല്ലൊ ഈ ഗണത്തില്‍ പെടാറുള്ളത്. എന്നാല്‍ ഒരാള്‍ സിംഹത്തെ സ്വന്തം കുഞ്ഞിനെപ്പോലെ എടുത്തുകൊണ്ടു വന്നാല്‍ ആരാണൊന്നു ഞെട്ടാത്തത്.
അത്തരമൊരു സംഭവമാണ് അനിമല്‍സ് പവേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ചിരിക്കുന്നത്. 10 നിമിഷങ്ങള്‍ മാത്രുള്ള വീഡിയോയില്‍ ഒരു റോഡിലൂടെ സിംഹത്തെ എടുത്തുകൊണ്ട് നടന്നുവരുന്ന സ്ത്രീയെ കാണാനാകും.
ദൃശ്യങ്ങളില്‍ ഒരുകാറിന് സമീപത്തുകൂടി ഈ സ്ത്രീ നടന്നുവരികയാണ്. അവരുടെ കൈകളില്‍ വലിയൊരു സിംഹം ഇരിക്കുന്നു. ഒരുപൂച്ചയെ പോലെയാണവര്‍ ആ സിംഹത്തെ എടുത്തുകൊണ്ടുവരുന്നത്.
ഇക്കാഴ്ച നെറ്റിസണെ ശരിക്കും ഞെട്ടിച്ചു. കുവൈറ്റില്‍ സംഭവിച്ച ഇക്കാര്യത്തിന് ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും കമന്‍റുകള്‍ ലഭിക്കുന്നുണ്ട്. "അവന്‍ ഒരു സിംഹമാണെന്ന് ആരെങ്കിലും ആ സിംഹത്തോടൊന്നു പറയണം’ എന്നാണൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.