പുഷ്പയ്ക്ക് ചുവടുവച്ച് "കുഞ്ഞ് രശ്മിക'; ക്യൂട്ടെന്ന് നെറ്റിസണ്‍സ്
Saturday, June 8, 2024 12:11 PM IST
തെന്നിന്ത്യന്‍ താരം അല്ലു അര്ജുന് ഏറെ ആരാധകരുള്ള ഒരാളാണല്ലൊ. സ്റ്റെെലിഷ് സ്റ്റാര്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഏറെ ഹിറ്റായ ചിത്രമാണല്ലൊ പുഷ്പ. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂളിന്റെ റിലീസിനായി കാത്തിരിക്കുകയാണല്ലൊ ആരാധകര്‍.
അടുത്തിടെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തെത്തി ട്രെന്‍ഡിംഗ് ആയിരുന്നു. മാത്രമല്ല പലരും ഈ ഗാനങ്ങളില്‍ റീല്‍സ് ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ് ആവുകയാണ്.
ചിത്രത്തിലെ ജനപ്രിയ ഗാനമായ "സൂസെകി' എന്ന ഗാനത്തിന് ഒരു കൊച്ചുപെണ്‍കുട്ടി ചുവടുവച്ചതാണ് നെറ്റിസണ് നന്നേ ഇഷ്ടപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച ഈ കുട്ടി പാട്ടനനുസരിച്ച് നന്നായി നൃത്തം ചെയ്യുന്നു.
ക്യൂട്ടി പൈ റിവ എന്ന ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ രശ്മിക മന്ദാനയടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അവരടക്കം നിരവധിപേര്‍ കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. "അഭിനന്ദനം കുഞ്ഞുമിടുക്കി' എന്നാണൊരാള്‍ കുറിച്ചത്.