സമൂഹത്തില്‍ പ്രതിഷേധം പല രൂപത്തില്‍ കാണാനാകും. പലരും ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും പിറകെ നടന്ന് സഹിക്കെടുമ്പോഴാണ് വേറിട്ട രീതിയില്‍ പ്രതികരിക്കാറ്. സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ഇത്തരം വേറിട്ട പ്രതിഷേധങ്ങള്‍ വൈറലാകാറുണ്ട്.

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഒരു പ്രതിഷേധത്തിന്‍റെ കാര്യമാണിത്. രാജൂ ഭാവു എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു യുവാവ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ ജീപ്പിന് സമീപത്തായി നിന്ന് കുരയ്ക്കുകയാണ്.

സംഭവം കോല്‍ക്കത്തയിലാണ്. ഇത്തരത്തില്‍ കുരച്ച് പ്രതിഷേധിക്കുന്നതിന് പിന്നിലൊരു കാര്യമുണ്ട്. ഈ യുവാവിന്‍റെ പേര്‍ ശ്രീകാന്ത് ദന്ത എന്നാണ്. എന്നാല്‍ അധികാരികള്‍ റേഷന്‍ കാര്‍ഡില്‍ ഇദ്ദേഹത്തിന്‍റെ പേര്‍ ദത്തയ്ക്ക് പകരം "കുത്ത' എന്നാക്കി.

ഇക്കാര്യം തിരുത്താനായി ഇദ്ദേഹം പലതവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെ ശ്രീകാന്ത് ഉദ്യോഗസ്ഥര്‍ തനിക്ക് ചാര്‍ത്തി തന്ന പേരു പോലൊന്നു പ്രവര്‍ത്തിച്ച് കാണിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ അദ്ദേഹം കുത്തയായി കുരച്ച് കാണിച്ചു. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ കുടുങ്ങിയ മട്ടാണ്. നിരവധിയാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

"പട്ടിയെന്ന് ആരെങ്കിലും ആളുകള്‍ക്ക് പേരിടുമൊ. ഇതുപോലും ചിന്തിക്കാന്‍ കഴിവില്ലാത്തവനൊക്കെയാണൊ ഉത്തരവാദിത്തം കാണിക്കേണ്ട ഇരിപ്പിടത്തില്‍ ഇരുത്തിയത്' എന്നാണൊരു ഉപയോക്താവ് ചോദിച്ചത്.