പ്രതീകാത്മക ചിത്രം
നാം വളർത്തുന്ന അരുമകൾ, ഇന്നു നായകളും പൂച്ചകളും മാത്രമല്ലെന്ന് നമുക്ക് അറിയാവുന്നതാണ്. പക്ഷികൾ, മീനുകൾ, പാന്പുകൾ, എലികൾ അങ്ങനെ പലതുമാണ്. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം- നിയമാനുസൃതം വളർത്താവുന്നവയെതന്നെയാണോ വളർത്തുന്നതെന്ന് ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്.
മുൻ കാലങ്ങളിൽ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർക്ക് സേവനങ്ങൾ നൽകിയിരുന്നത് സർക്കാർ മൃഗാശുപത്രികളിൽനിന്ന് മാത്രമായിരുന്നു. ഇന്നത്തെ പെറ്റ് പാരന്റ്സിന് ആ സേവനങ്ങൾ മാത്രം മതിയാകാറില്ല.
സ്വകാര്യ മേഖലയിൽ ധാരാളം സ്ഥാപനങ്ങൾ വളർന്നുവന്നിട്ടുണ്ട്. ആശുപത്രികൾ, ഗ്രൂമിംഗ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, പെറ്റ് ഫുഡിന്റെയും മറ്റ് അനുബന്ധസാമഗ്രികളുടെയും ഷോപ്പുകൾ എന്നിവയെല്ലാം അനിവാര്യമായി മാറിയിരിക്കുന്നു.
മാറിയ സാഹചര്യത്തിൽ, സർക്കാർ മൃഗാശുപത്രികളിൽ അധിക തസ്തികകൾ സൃഷ്ടിച്ചു സ്പെഷലിസ്റ്റ് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുകയും രോഗനിർണയ-ചികിത്സാസൗകര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
വളർത്താൻ അനുവദനീയമായ അരുമകളെ ഓമനിക്കുകയും സ്നേഹിക്കുകയുമാകാം. എന്നാൽ, ഇന്ന് നാം അഭിമുഖീകരിക്കേണ്ടിവരുന്ന കുറെയധികം രോഗങ്ങൾ ജന്തുജന്യമാണെന്നത് ഓർക്കാതിരിക്കരുത്.
വളർത്തുന്ന ഓമനമൃഗങ്ങൾക്കും പക്ഷികൾക്കും രോഗബാധകളേൽക്കാതിരിക്കാനുള്ള പ്രതിരോധകുത്തിവയ്പുകൾ നൽകാനും രോഗബാധയേറ്റവയെ മറ്റുള്ളവയിൽനിന്നു മാറ്റിപ്പാർപ്പിച്ചു കൃത്യമായി ചികിൽസിക്കാനും കൂടും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്താനും മൃഗങ്ങളെ കൈകാര്യം ചെയ്യുന്പോഴും ശേഷവും വ്യക്തിശുചിത്വം കൃത്യമായി പാലിക്കാനും അതീവ ജാഗ്രത കാണിച്ചേ മതിയാവൂ.
പേവിഷബാധ, എലിപ്പനി, വട്ടച്ചൊറി, വിരബാധകൾ തുടങ്ങിയവ നായകളിൽനിന്നും, ടോക്സോപ്ലാസ്മോസിസ്, പേവിഷബാധ, ബാർടോനെല്ലോസിസ് തുടങ്ങിയവ പൂച്ചകളിൽനിന്നും, സിറ്റകോസിസ്, സാൽമൊണെല്ലോസിസ്, ക്രിപ്റ്റോകോക്കോസിസ് എന്നിവയെല്ലാം അരുമപ്പക്ഷികളിൽനിന്നും മനുഷ്യരിലെത്താവുന്ന രോഗങ്ങളാണ്. ഇതെല്ലാം നമ്മെ ഓർമിപ്പിക്കുന്നത്, അരുമകളെ ഓമനിക്കുന്പോഴും കരുതൽ വേണമെന്നതാണ്.
നായകളെ വളർത്തുന്നവരിൽ പലരും വിലകൂടിയ ഇനങ്ങളെ വളർത്തുന്നവരാണ്. എന്നാൽ, നമ്മുടെ തെരുവുകളിലുള്ള നായകളുടെ എണ്ണം വർധിക്കുന്നത് വലിയ പ്രശ്നമായി നാം ചർച്ചചെയ്യാറുമുണ്ട്.
തെരുവിലുള്ള അനാഥനായകളെ ചെറുപ്രായത്തിൽ ദത്തെടുത്ത് ശരിയായ പരിചരണവും രോഗപ്രതിരോധ കുത്തിവയ്പുകളും പരിശീലനവും നൽകി വളർത്തിയാൽ മറ്റേതൊരു ജനുസിലുള്ള നായകളെപോലെതന്നെ നല്ല സുഹൃത്തായും നല്ല സംരക്ഷകനായും നമുക്കു കൊണ്ടുനടക്കാൻ സാധിക്കും.
അത്തരം നായകൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യതയും വളരെ കുറവാണ്. അനാഥനായ വിഷയം പരിഹരിക്കാനുള്ള വിവിധ നടപടികളിൽ ഒന്നാണ് അനാഥനായകളെ ദത്തെടുത്ത് വളർത്തുകയെന്നത്.
ശാസ്ത്രം വളരെവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, നൂതന ആശയങ്ങൾ ഉൾക്കൊള്ളേണ്ടതും അതിനനുസരിച്ചു ഓമനമൃഗങ്ങളുടെ പരിപാലനത്തിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്.
എന്നാൽ, വളർത്തുമൃഗങ്ങളെ നമ്മുടെ കിടക്കയിൽ കിടത്തുക, അവയ്ക്ക് ചുംബനം നൽകുക, അവയെ തൊട്ടതിനുശേഷം കൈ കഴുകാതെ ഭക്ഷണം കഴിക്കുക എന്നവയൊന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. അരുമകൾക്ക്, അവരുടേത് മാത്രമായ കൂടും തീറ്റപ്പാത്രങ്ങളും ഒരുക്കുകയാണ് വേണ്ടത്.
വളർത്തുന്നവർക്ക് ആനന്ദം നൽകുന്നതോടൊപ്പം, അരുമകൾ വലിയൊരു വരുമാനസ്രോതസായും മാറിയിട്ടുണ്ട്. നായകളുടെ പ്രജനന കേന്ദ്രം നടത്തുന്നതിനും ഓമനമൃഗങ്ങളുടേയും പക്ഷികളുടേയും വില്പനകേന്ദ്രങ്ങൾ നടത്തുന്നതിനും സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ അംഗീകാരവും തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിന്നുള്ള ലൈസൻസും അനിവാര്യമാണ്.
നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാലേ ഇത്തരം കേന്ദ്രങ്ങൾക്ക് അനുമതി ലഭിക്കുകയുള്ളൂ. രോഗബാധ സംശയിക്കുന്നവയെ മാറ്റി പാർപ്പിക്കാനും പുതുതായി കൊണ്ടുവരുന്നവയെ നിരീക്ഷിക്കാനുമുള്ള സൗകര്യങ്ങളെല്ലാം വേണ്ടതുണ്ട്.
സ്ഥാപനത്തിലെ മാലിന്യങ്ങൾ കൈയൊഴിയാനുള്ള സൗകര്യങ്ങളും കൃത്യമായി ഒരുക്കേണ്ടതാണ്. മൃഗങ്ങളുടെയും പക്ഷികളുടേയും വിലയും നാൾക്കുനാൾ വർധിക്കുന്നുണ്ട്. പരിപാലനത്തിലെ അപാകതകൾകൊണ്ടോ, രോഗങ്ങൾ മൂലമോ അവയുടെ ആരോഗ്യം ക്ഷയിക്കുന്നതോ, മരണം സംഭവിക്കുന്നതോ, സാന്പത്തിക നഷ്ടത്തിന് കരണമാകുമെന്നതിലുപരി, അവയ്ക്ക് അനാവശ്യ വേദനയ്ക്കും കാരണമാകും.
വളർത്താൻ ആരംഭിക്കുന്നതിന് മുന്പ്, ആവശ്യമായ പരിശീലനം നേടുകയെന്നത്, ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അനിവാര്യമാണ്. മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പരിശീലനകേന്ദ്രങ്ങളിൽ ഇത്തരം വിഷയങ്ങളിൽ സൗജന്യമായി പരിശീലനം നൽകുന്നുണ്ട്. ഓരോരുത്തരുടെ താല്പര്യമനുസരിച്ചു ആവശ്യമായ വിഷയങ്ങളിൽ പരിശീലനം നേടിയാൽ, അരുമകളുടെ പരിപാലനം ആനന്ദകരവും ആദായകരവുമായി നിലനിർത്താം.
ആനന്ദത്തിനായി നാം കൂടുതലായി വളർത്തുന്ന നായ, പൂച്ച തുടങ്ങിയ അരുമമൃഗങ്ങളുടെ ആയുർദൈർഘ്യം 12 മുതൽ 15 വർഷം വരെ മാത്രമാണെന്ന യാഥാർഥ്യം നാം മറക്കരുത്. അവ നമ്മെ വിട്ടുപോകുന്പോൾ, അത് ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം. ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നതെല്ലാം നമ്മെപ്പോലെ മൃഗങ്ങൾക്കും ബാധകമാണ്.
വാർധക്യത്തിൽ ബാഹ്യസൗന്ദര്യം കുറയുന്നതും, രോഗങ്ങൾ ബാധിക്കുന്നതും സാധാരണമാണ്. അത്തരം സാഹചര്യങ്ങളിലും അവയെ പരിചരിക്കാനുള്ള ഉത്തരവാദിത്വം വളർത്തുന്നവർക്കാണ്. ചൊറിയും, ചുണങ്ങും, മറ്റ് മാറാരോഗങ്ങളും ബാധിച്ചവയെ തെരുവിലുപേക്ഷിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അതൊരിക്കലും പാടില്ലാത്തതാണ്.
മനുഷ്യരിൽനിന്ന് വിഭിന്നമായി നിഷ്കളങ്കരാണ് മൃഗങ്ങൾ. അവയ്ക്ക് അർഹമായ കരുണയും സ്നേഹവും ഉറപ്പാക്കികൊണ്ട്, കരുതലോടെ അവയെ വളർത്തി നമുക്ക് ആനന്ദവും ആദായവും ഉറപ്പിക്കാം.
പൊങ്ങച്ചം കാട്ടാൻ മൃഗങ്ങളെ വളർത്തരുത്
ഓമനമൃഗങ്ങളെ വളർത്തുന്നതിനു മുന്പ് വീട്ടിലെ മറ്റ് അംഗങ്ങളുടെ താല്പര്യംകൂടി പരിഗണിക്കേണ്ടതുണ്ട്. ചില മൃഗങ്ങൾ രോമം കൂടുതലായുള്ളവയും നന്നായി രോമം പൊഴിക്കുന്നവയുമായിരിക്കും. കുടുംബാംഗങ്ങളിൽ ചിലർക്കെല്ലാം ഇതെല്ലാം അലർജിയുമായിരിക്കാം.
അത്തരം സാഹചര്യങ്ങളിൽ, കുടുംബാംഗങ്ങളുടെ താത്പര്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചു മാത്രമേ മൃഗങ്ങളെ വളർത്താൻ പാടുള്ളൂ. വിലകൂടിയ ഒരു ഓമനമൃഗം വീട്ടിൽ വേണമെന്ന പൊങ്ങച്ചത്തിന്റെ ഭാഗമായി ആരും മൃഗങ്ങളെ വളർത്തരുത്.
മൃഗങ്ങളെ പരിചരിക്കാനും സ്നേഹിക്കാനും സൗകര്യവും സമയവും ഉള്ളവർ മാത്രമേ വളർത്താനിറങ്ങാവൂ. അവയുടെ ശാരീരിക വലിപ്പത്തിനും സ്വഭാവത്തിനും അനുയോജ്യമായ കൂടൊരുക്കാനും, കൂട് വൃത്തിയായി സൂക്ഷിക്കാനും, അവയ്ക്ക് ആവശ്യമായ സഞ്ചാരസ്വാതന്ത്ര്യമൊരുക്കാനും വളർത്തുന്നവർക്ക് സാധിക്കേണ്ടതുണ്ട്.
Tags : PetCare ResponsiblePetOwnership PetHealth AnimalProtection AnimalLovers