ഇൻസെറ്റ്: ഡോ. ഹരികൃഷ്ണൻ. എസ്
കോഴിവളർത്തൽ മേഖലയെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയമാണ് ചോളത്തിന്റെ വിലയിലുണ്ടാകുന്ന അസാധാരണമായ വർധനവ്. അഞ്ച് വർഷം മുൻപ് കിലോയ്ക്ക് ഏകദേശം 17 രൂപയായിരുന്ന ചോളത്തിന്റെ മൊത്തവില ഇന്ന് 38 രൂപയിലെത്തി നിൽക്കുന്നു.
അടുത്ത ആഴ്ച ലഭിക്കാനിരിക്കുന്ന പുതിയ സ്റ്റോക്കിന് വില 40 രൂപയാകുമെന്നാണ് സൂചന. അതായത് അഞ്ച് വർഷം കൊണ്ട് ചോളത്തിന്റെ വില ഇരട്ടിയിലധികമായി വർധിച്ചിരിക്കുന്നു!
കോഴിത്തീറ്റയുടെ പ്രധാന ഊർജസ്രോതസാണ് ചോളം. സാധാരണയായി കോഴിത്തീറ്റയുടെ ഫോർമുലേഷനിൽ ഗണ്യമായ അളവിൽ (50 ശതമാനത്തിലേറെ) ചോളം ഉൾപ്പെടുത്തുന്നതിനാൽ ചോളത്തിന്റെ വിലയിലുണ്ടാകുന്ന ചെറിയ വർധനവ് പോലും തീറ്റയുടെ ഉത്പാദനച്ചെലവിൽ വലിയ മാറ്റമുണ്ടാക്കും.
ഇപ്പോഴത്തെ വിലവർധനവ് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരാൻ കാരണമാകുമെന്നത് ഉറപ്പാണ്.
എന്തുകൊണ്ടാണ് ചോളവില ഇത്രയധികം ഉയരുന്നത്?
ഇതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
ഇ20 പെട്രോളും ചോളത്തിന്റെ വ്യാവസായിക ആവശ്യകതയും:
പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുന്ന ഇ20 പദ്ധതിയുടെ ഭാഗമായി എത്തനോൾ ഉത്പാദനത്തിന് ചോളം ഒരു പ്രധാന അസംസ്കൃത വസ്തുവായി മാറിയിട്ടുണ്ട്.
ഭക്ഷ്യധാന്യമായും കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും പ്രധാന ഘടകമായും ഉപയോഗിച്ചിരുന്ന ചോളത്തിന് ഇപ്പോൾ ഇന്ധന വ്യവസായത്തിൽ നിന്നും വലിയ ഡിമാൻഡാണ്.
അതോടെ കോഴിത്തീറ്റ വ്യവസായവും എത്തനോൾ വ്യവസായവും ഒരേ അസംസ്കൃത വസ്തുവിനായി മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നു.
എൽനിനോയും കാലാവസ്ഥാ വ്യതിയാനവും
എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളും മഴയുടെ കുറവും വിവിധ സംസ്ഥാനങ്ങളിലെ ചോളം കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കൃഷി വൈകുക, വരൾച്ച, വിളവെടുപ്പിലെ നഷ്ടം തുടങ്ങിയവ ഉത്പാദനത്തെ ബാധിക്കുമ്പോൾ വിപണിയിൽ ചോളത്തിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യുന്നു. വരും മാസങ്ങളിലും ചോളം ഉത്പാദനത്തിൽ കുറവുണ്ടാകുമെന്ന വിലയിരുത്തലുകൾ പുറത്തുവന്നിട്ടുണ്ട്
ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം
കോഴി, കന്നുകാലി തീറ്റ വ്യവസായങ്ങൾക്കു പുറമേ എത്തനോൾ, സ്റ്റാർച്ച് തുടങ്ങിയ വ്യവസായങ്ങളിൽ നിന്നും ചോളത്തിന് ആവശ്യകത വർധിക്കുന്നു. എന്നാൽ ഉത്പാദനത്തിലും ലഭ്യതയിലും ഉണ്ടാകുന്ന പ്രതിസന്ധികൾ ഈ ആവശ്യകതയെ തൃപ്തിപ്പെടുത്തുന്നില്ല. ഇതാണ് വിലവർധനവിന് കൂടുതൽ ആക്കം കൂട്ടുന്നത്.
കോഴിവളർത്തൽ മേഖലയെ കാത്തിരിക്കുന്നത് എന്ത്?
ചോളത്തിന്റെ വിലവർധനവ് കേവലം ഒരു കാർഷിക ഉത്പന്നത്തിന്റെ വിലവർധനവായി മാത്രം കാണാനാവില്ല. ഇത് കോഴിവളർത്തൽ മേഖലയിലെ ഉത്പാദനച്ചെലവിനെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്.
കോഴിത്തീറ്റയുടെ വില കൂടുമ്പോൾ ഒരു കിലോ ഇറച്ചിക്കോഴി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ്, മുട്ട ഉത്പാദനച്ചെലവ് എന്നിവ കൂടും. ആത്യന്തികമായി ഇതിന്റെ ഭാരം കോഴിവളർത്തൽ കർഷകരിലേക്കും പിന്നീട് ഉപഭോക്താക്കളിലേക്കും എത്തും.
ഇവിടെ ഉയരുന്ന ഒരു വലിയ ചോദ്യമുണ്ട്! ഭക്ഷ്യസുരക്ഷയ്ക്കും മൃഗസംരക്ഷണ മേഖലയ്ക്കും ഒരുപോലെ പ്രധാനപ്പെട്ട ഒരു കാർഷിക ഉത്പന്നം ഇന്ധന ഉത്പാദനത്തിനായി കൂടി ഉപയോഗിക്കുമ്പോൾ, അതിന്റെ ലഭ്യതയും വിലസ്ഥിരതയും എങ്ങനെ ഉറപ്പാക്കും?
ഇന്ത്യയിലെ കോഴിവളർത്തൽ വ്യവസായം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നായി ചോളത്തിന്റെ വിലവർധനവ് മാറുകയാണ്. കോഴിവളർത്തൽ മേഖലയിലെ എല്ലാവരും ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്.
വിവരങ്ങൾ: ഡോ. ഹരികൃഷ്ണൻ. എസ്
യൂണിവേഴ്സിറ്റി പൗൾട്രി ഫാം മേധാവി, വെറ്ററിനറി സർവകലാശാല, മണ്ണുത്തി
Tags : PoultryFarming CornPrices RisingCosts PoultryIndustry AnimalFeed