ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചെറുപ്പത്തിലേ കൃഷിയോട് സ്നേഹവും മണ്ണിനോടുള്ള കരുതലും വളർത്തുക എന്ന ലക്ഷ്യത്തോടെ വയനാട് മുട്ടിൽ വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് എഎൽപി സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം വൈവിധ്യത്തിന്റെ വിസ്മയമാകുന്നു.
43 ഇനം പച്ചക്കറികൾ വിളയുന്ന തോട്ടം കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ കതിർ പദ്ധതിക്കും മാതൃകയാവുകയാണ്.
മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്കൂളിൽ 2026 - 27 അധ്യയനവർഷത്തേക്കുള്ള കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് വേനൽക്കാല പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന കാർഷിക വകുപ്പ് ആവിഷ്കരിച്ച കതിർ പദ്ധതിയുടെ ഒൗദ്യോഗിക സംസ്ഥാനതല ഉദ്ഘാടനത്തിന് മുൻപേ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൃഷിയിലൂടെ അറിവും അനുഭവവും പകർന്നുനൽകുന്നതിനൊപ്പം പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചുവപ്പുചീര, പച്ചച്ചീര, കടുംചുവപ്പ് ചീര, അകത്തിച്ചീര, കാന്താരിമുളക്, കൊമ്പൻമുളക്, ക്യാപ്സിക്കം, ബജിമുളക്, തക്കാളി, മല്ലിയില, ബ്രോക്കോളി, കോളിഫ്ളവർ, ചുവന്ന കാബേജ്, വെള്ളക്കാബേജ്, മത്തൻ, വെണ്ട, മുള്ളങ്കി, ചൗചൗ, കോവൽ, വയലറ്റ് വഴുതന, പച്ച വഴുതന, ചുരക്ക, കുമ്പളം, വെള്ളരി, ചേമ്പ്, അമരപ്പയർ, പപ്പായ, ബീൻസ്, വള്ളിപ്പയർ, കുറ്റിപ്പയർ, ചതുരപ്പയർ, ചോളം, നിത്യവഴുതന, മുരിങ്ങ, ക്യാരറ്റ്, പീച്ചിങ്ങ, കറിവേപ്പില തുടങ്ങി വൈവിധ്യമാർന്ന വിളകളാണ് തോട്ടത്തിലുള്ളത്.
കുട്ടികൾക്ക് കൃഷിയുടെ പ്രായോഗിക പാഠങ്ങൾ പകർന്നുനൽകുന്ന ഈ സംരംഭത്തിന് സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കുന്നത്ത്, പ്രധാനാധ്യാപിക സിസ്റ്റർ ജിന്നി മേരി ജോസ്, അധ്യാപകരായ ഷൈജു എം.ടി., വിജിഷ എം, ആർഷ ആന്റോ, സൗമ്യ പി.ഡി, പിടിഎ പ്രസിഡന്റ് ആദർശ, പിടിഎ അംഗങ്ങളായ ചന്ദ്രൻ, മിനി, ക്ലബ് കണ്വീനർമാരായ ഷിബിലി, ഹാനി എന്നിവർ നേതൃത്വം നൽകുന്നു.
സ്കൂളിലെ കതിർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനായി സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പച്ചക്കറിത്തോട്ടം സന്ദർശിച്ചു. കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി ആവശ്യമായ പ്രോത്സാഹനവും പിന്തുണയും വാഗ്ദാനം ചെയ്തു.
പാഠപുസ്തകങ്ങൾക്കപ്പുറം മണ്ണിൽനിന്ന് അറിവ് നേടാനും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയാനും കുട്ടികൾക്ക് അവസരമൊരുക്കുന്ന ഈ പച്ചക്കറിത്തോട്ടം, സ്കൂൾതല കാർഷിക വിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകയായി മാറുകയാണ്.
Tags : kuttikarshakan Agriculture Karshakan