കോ​ഴി വി​ഭ​വ​ങ്ങ​ളു​മാ​യി കേ​ര​ള ചി​ക്ക​ന്‍ സ്റ്റോ​ര്‍ കോ​ഴി​ക്കോ​ട്ടും
Wednesday, August 6, 2025 5:26 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കാ​ല്‍, ബി​രി​യാ​ണി, ക​റി​ക​ഷ്ണ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ ശി​തീ​ക​രി​ച്ച ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ കേ​ര​ള ചി​ക്ക​ന്‍ വി​പ​ണി​യി​ലി​റ​ക്കി. ജി​ല്ല​യി​ലെ ന​ടു​വ​ണ്ണൂ​ര്‍, ഉ​ള്ളി​യേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഷോ​പ്പു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​യാ​ല്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കും.

കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കോ​ഴി​യി​റ​ച്ചി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.​ചി​ക്ക​ന്‍ ക​റി ക​ഷ്ണ​ങ്ങ​ള്‍ 900 ഗ്രാം, 450 ​ഗ്രാം എ​ന്നീ അ​ള​വു​ക​ളി​ല്‍ ല​ഭി​ക്കും. 900 ഗ്രാ​മി​ന്റെ പാ​ക്കി​ന് 299 രൂ​പ​യും 450 ഗ്രാ​മി​ന് 180 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കാ​ല്‍ അ​ഞ്ച് എ​ണ്ണ​ത്തി​ന് 210 രൂ​പ​യും എ​ല്ല് ഒ​ഴി​വാ​ക്കി​യു​ള്ള ചെ​സ്റ്റ് പീ​സി​ന് 450 ഗ്രാ​മി​ന് 230 രൂ​പ​യു​മാ​ണ് വി​ല.

നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് കേ​ര​ള ചി​ക്ക​ന്‍റെ ശി​തീ​ക​രി​ച്ച ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത് മ​റ്റ് ജി​ല്ല​ക​ളി​ല്‍ എ​ത്തി​ച്ചാ​ണ് വി​ല്‍​പ്പ​ന. കോ​ഴി ക​ര്‍​ഷ​ക​രാ​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് സ്ഥി​ര വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2019 ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ടും​ബ​ശ്രീ വ​ഴി കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ കോ​ഴി ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ഫാ​മി​ന്‍റെയും ഔ​ട്ട്‌ലന്‍റിന്‍റെയും ന​ട​ത്തി​പ്പ് ചു​മ​ത​ല.

സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം ശ​രാ​ശ​രി 50 ട​ണ്‍ ചി​ക്ക​ന്‍ വി​ല്‍​പ്പ​ന കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട്‌‌ലറ്റു​ക​ള്‍ വ​ഴി ന​ട​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ വി​ല്‍​പ്പ​ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ ഹോ​ട്ട്‌​ഡോ​ഗ്, ന​ഗ​ട്‌​സ് തു​ട​ങ്ങി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും കു​ടും​ബ​ശ്രീ വൈ​കാ​തെ ജി​ല്ല​യി​ല്‍ വി​പ​ണ​ത്തി​ന് എ​ത്തി​ക്കും. ചി​ല്‍​ഡ് ചി​ക്ക​നും ഫ്രോ​സ​ണ്‍ ചി​ക്ക​നും പ​ദ്ധ​തി​യി​ലു​ണ്ട്.

കേ​ര​ള ചി​ക്ക​ന് സം​സ്ഥാ​ന​ത്ത് 446 ഫാ​മു​ക​ളും 140 ഔ​ട്ട്‌​ലെ​റ്റു​ക​ളു​മാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ ജി​ല്ല​യി​ല്‍ കേ​ര​ള ചി​ക്ക​ന് 56 ഫാ​മു​ക​ളു​ണ്ട്. 19 ഔ​ട്ട്‌​‌ല​റ്റു​ക​ളും. കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട്‌ലറ്റു​ക​ള്‍ വ​ഴി മാ​ര്‍​ക്ക​റ്റ് വി​ല​യേ​ക്കാ​ള്‍ വി​ല കു​റ​ച്ചാ​ണ് കോ​ഴി​യി​റ​ച്ചി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്.