കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകം, പഠന സാമഗ്രികള്‍, ലഘു പാനീയങ്ങള്‍, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്കൂള്‍ മുറ്റത്ത് എത്തിക്കുന്നതിനു കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള മാകെയര്‍ കഫേക്കു സംസ്ഥാനത്ത് തുടക്കമായി. ഉച്ചയ്ക്ക് സദ്യ, ബിരിയാണി, കുഴിമന്തി, ചപ്പാത്തി എന്നീ വിഭവങ്ങളും മറ്റ് സമയങ്ങളില്‍ ചെറുകടി, കാപ്പി, ലൈം ജ്യൂസ്, ചായ എന്നിവയും കഫേയില്‍ ലഭിക്കും. ലഹരി മാഫിയയുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ വിദ്യാര്‍ഥികളെ പരമാവധി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്ത്തന്നെ നിലനിര്‍ത്തുക എന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്.
മിക്ക ജില്ലകളിലും ഏതാനും സ്കൂളുകളില്‍ സ്കൂകഫേ എന്ന പേരില്‍ കഫേ സംവിധാനം നടത്തിവരുന്നുണ്ട്. ചെറിയ കിയോസ്കുളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അവ സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിച്ച് ഒരു കുടക്കീഴിലാക്കുകയാണ് ഇപ്പോള്‍. സംസഥാനത്ത് 1000 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടുള്ളത്.
ചില സ്കൂളുകളില്‍ ഇപ്പോള്‍ തന്നെ മില്‍മയുടെ ബൂത്തുകളും പിടിഎ നടത്തുന്ന ടീ കഫേകളും ഉണ്ട്. അത്തരം സ്കൂളുകളില്‍ മാകെയര്‍ കഫേ ഉണ്ടാവില്ല. ഭക്ഷണസാധനങ്ങള്‍ക്കു പുറമേ നോട്ട്ബുക്കുകള്‍, പേപ്പര്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ കഫേയില്‍ ലഭിക്കും. കുട്ടികള്‍ക്ക് സ്കൂള്‍ േകാമ്പൗണ്ട് വിട്ട് പുറത്തുപോകുന്ന സ്ഥിതി വിശേഷം ഒഴിവാക്കും. പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കവും കുറയും.
കോഴിക്കോട് ജില്ലയില്‍ 21 വിദ്യാലയങ്ങളില്‍ സ്കൂകഫേയുണ്ട്. ഓണത്തിനു മുമ്പായി ഇതു 50 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. ഇനി മുതല്‍ സ്കൂകെയര് കഫേയായിട്ടായിരക്കും ഇവ അറിയപ്പെടുക. ചോറോട് ഹയര്‍ സെക്കന്‍ഡറി, ചാത്തമംഗലം ആര് ഇ സി സ്കൂള്‍, പെരുമണ്ണ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, കുറ്റിക്കാട്ടൂര്‍ സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്.
ചായ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ സ്കൂളുകളില്‍ കഫേ തുറന്നു പ്രവര്‍ത്തിക്കും. ഒരു കഫേയില്‍ രണ്ട് അയല്‍ക്കൂട്ടങ്ങളിലെ വനിതകളാണ് ജോലി ചെയ്യുന്നത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂഫേയെ ആശ്രയിക്കാം.