വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ രചന, ഔഷധത്തോട്ട നവീകരണം എന്നീ പരിപാടികളും നടന്നു. പരിസ്ഥിതി ക്ലബിന്റെ ചുമതല വഹിക്കുന്ന അധ്യാപിക ബിൻസി ടോം പരിസ്ഥിതിദിന സന്ദേശം നല്കി.
സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം മാങ്കോസ്റ്റിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസ് ചിത്രക്കുഴി അധ്യക്ഷത വഹിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2022- 23 വർഷം എട്ട് വിദ്യാർഥികൾക്ക് നല്കിയ ആടുകളിലൊന്നിൽ നിന്നുണ്ടായ കുട്ടിയെ മറ്റൊരു വിദ്യാർഥിക്ക് നല്കി പദ്ധതിയുടെ തുടർച്ച ഉറപ്പാക്കി. പരിസ്ഥിതി പ്രവർത്തകൻ സണ്ണി പൈകട ബോധവത്കരണ ക്ലാസ് നടത്തി. മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി, സ്റ്റാഫ് സെക്രട്ടറി മെർലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കരിവുള്ളടുക്കം സെന്റ് ജോസഫസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണംമാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സ്കൂളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണ യൂണിറ്റ് മുഖ്യാധ്യാപിക സിസ്റ്റർ റെജീനാമ്മ മാത്യു ഉദ്ഘാടനം ചെയ്തു.കെ.വി. റോബർട്ട്, ഷോബി കുര്യൻ, എം. നിവേദ്യ എന്നിവർ പ്രസംഗിച്ചു.
ലോക പരിസ്ഥിതിദിനത്തിൽ വെള്ളരിക്കുണ്ടിലെ എൽസിസി എഡ്യൂക്കേഷൻ, എയിം അക്കാദമി, കിഡ്സ് കാസ്റ്റൽ പ്ലേ സ്കൂൾ സ്ഥാപനങ്ങളുടെ മുറ്റത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ആർ. വിനു അധ്യക്ഷത വഹിച്ചു. അക്കാദമി ഡയറക്ടർ ലിനു ജസ്റ്റിൻ, അധ്യാപകരായ ജിബിൻ മാത്യു, കവിത വേണുഗോപാൽ, അജിത എന്നിവർ പ്രസംഗിച്ചു.
കടുമേനി: സെന്റ് മേരീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം മാനേജർ ഫാ. മാത്യു വളവനാൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ എം.എ. ജിജി, പിടിഎ പ്രസിഡന്റ് ദിലീപ് ജോസഫ് തെങ്ങുംപള്ളിൽ, സാറ സോജൻ, ജെറാൾഡ് ജിജോ, ജാൻവി സുരേഷ് എന്നിവർ പ്രസംഗിച്ചു.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും എഡിഎസ് യു യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പൂച്ചെടികളും വിവിധ മരങ്ങളും നട്ടുപിടിപ്പിച്ചു.
കരിവേടകം: എയുപി സ്കൂളില്‍ കുറ്റിക്കോല്‍ പഞ്ചായത്തുതല പരിസ്ഥിതിദിന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി തോമസ്, മുഖ്യാധ്യാപിക സി.ജെ. എല്‍സമ്മ, വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍, പിടിഎ പ്രസിഡന്റ് സണ്ണി തോമസ്, സത്യ ബാബു, സോവിനോ ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ഈ വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങളും പുന്നക്കുന്ന് വികാരിയും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ. സന്തോഷ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ടീന ആലവേലിൽ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യർത്ഥികൾ നിർമിച്ച പരിസ്ഥിതി സൗഹൃദ വിത്തുപേനകളും വിത്ത് ബോളുകളും വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും വിതരണം ചെയ്തു.
മാലക്കല്ല്: ഔഷധസസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീർത്ത ഹരിതവേലിയും സ്കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീർത്ത മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. മുഖ്യാധ്യാപകൻ എം.എ.സജി, സ്കൂൾ അസി. മാനേജർ ഫാ. ടിനോ ചാമക്കലായിൽ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എ.സി. സജി, സ്വപ്ന ജോൺ, ബിജു പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും സംഗീത, നൃത്ത പരിപാടികളും നടന്നു. മാനേജർ ഫാ.മാത്യു തൈക്കൽ പരിസ്ഥിതിദിന സന്ദേശം നല്കി. മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് കെ.വി. മുരളി, ടി. നസീർ, കെ. മനീഷ് കുമാർ, എം. നിഷ എന്നിവർ പ്രസംഗിച്ചു.
ചെറുപനത്തടി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുവാനായി ഫ്ലാഷ് മോബ്, പച്ചക്കറി തോട്ടം നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തി. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ സിഎഫ്ഐസി നേതൃത്വം നൽകി.
ഉദിനൂർ: പരിസ്ഥിതി ദിനത്തിൽ ഉദിനൂർ എടച്ചാക്കൈ എയുപി സ്കൂളിൽ പടന്ന കൃഷിഭവന്റെ സഹകരണത്തോടെ അത്യുത്പാദന ശേഷിയുള്ള ഫലവൃക്ഷ തൈകൾ നട്ടു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ബുഷ്റ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, മുഖ്യാധ്യാപകൻ ഇ.പി. വത്സരാജൻ, കൃഷി അസിസ്റ്റന്റ് പി.പി. കപിൽ, കെ. സൽമത്ത് എന്നിവർ സംബന്ധിച്ചു.