കാസര്‍ഗോഡ്: സാമൂഹ്യമാധ്യമങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ തരിമ്പുപോലുമില്ലാത്ത റീലുകള്‍ പടച്ചുവിടുന്ന ആളുകളുടെ കേദാരമായി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് മാറിയിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്, നിപ്പ ഉള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ വിദഗ്ധ ചികിത്സക്കായി സര്‍ക്കാര്‍ ആശുപതികളില്‍ രോഗികള്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും അവശ്യ മരുന്നുകളുടെയും ഇല്ലായ്മയുടെ കേന്ദ്രമായി ആശുപത്രികള്‍ മാറിയിരിക്കുന്നു.
ഉന്നതരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സര്‍ക്കാരിന്റെ ഈ തണുപ്പന്‍ സമീപനത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖലയെ നിശ്ചലമാക്കിയ സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദ നിലപാടിനെതിരെ രണ്ടാംഘട്ട സമരപരിപാടിയുടെ ഭാഗമായി നാളെ രാവിലെ 10നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മഞ്ചേശ്വരം, കാസര്‍ഗോഡ്, വെള്ളരിക്കുണ്ട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നീ ആറു കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു. ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്, മീനാക്ഷി ബാലകൃഷ്ണന്, പി.ജി. ദേവ്, സാജിദ് മവ്വല്‍, ഹരീഷ് പി. നായര്‍, സി.വി. ജയിംസ്, സോമശേഖര ഷേണി, രാജു കട്ടക്കയം, ജോയ് ജോസഫ്, എം. രാജീവന് നമ്പ്യാര്‍, ഉനൈസ് ബേഡകം, എം.സി. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.