കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപത സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി.
നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികളുടെ നേർക്ക് ആൾക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. സന്യാസിനിമാര്‍ക്കുണ്ടായ ദുരനുഭവം മതസ്വാതന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്കുന്ന ഉറപ്പിന്മേല് വർഗീയവാദികൾ നടത്തിയ ആക്രമണമാണ്.
മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും പോലീസിന്റെ സാന്നിധ്യത്തിൽ പോലും ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുകയും ചെയ്തത് ന്യായീകരിക്കാനാവുന്നതല്ല. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്വപ്പെട്ട നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്നും പ്രതിഷേധക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീസമൂഹങ്ങളുടെ കൂട്ടായ്മയായ സിആര്ഐയും കാഞ്ഞിരപ്പള്ളി രൂപത അല്മായ സംഘടന ഏകോപനവേദിയും സന്യാസിനിമാര്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ഭരണഘടന നൽകുന്ന പരിരക്ഷ ലഭ്യമാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
നീതിനിഷേധം: എംസിഎ
പത്തനംതിട്ട: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു തുറുങ്കിലടച്ച പോലീസ് നടപടി നീതിനിഷേധമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട ഭദ്രാസന സമിതി.
സഞ്ചാര സ്വാതന്ത്ര്യവും മതേതരത്വവും ലംഘിക്കുന്ന നടപടിയാണിത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിനെ ന്യായീകരിക്കുന്നതാണ്. കന്യാസ്ത്രീകളുടെ കേന്ദ്രസർക്കാർ ഇടപെടണമെന്നും എംസിഎ രൂപത സമിതി ആവശ്യപ്പെട്ടു.
നിയമലംഘനം: മദേഴ്സ് ഫോറം
പത്തനംതിട്ട: സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുടെ അറസ്റ്റ് മതസ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും ജീവിതക്രമത്തിനും നേരേയുള്ള പ്രത്യക്ഷമായ നിയമലംഘനമാണെന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത മലങ്കര കാത്തലിക് മദേഴ്സ് ഫോറം.
മത ന്യൂനപക്ഷങ്ങൾക്കു ഭയമില്ലാതെ പ്രവർത്തിക്കാൻ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും നടപടിയെടുക്കണം. രൂപത പ്രസിഡന്റ് ഷീജ ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ. വർഗീസ് വിളയിൽ, അനിമേറ്റർ സിസ്റ്റർ അനന്ത എസ്ഐസി, അന്നമ്മ ചാക്കോ, ഡയാന സിനു, മേഴ്സി, ജെയ്സമ്മ ജോസഫ്, സുജ ബാബു, മേരിക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.
നടപടി പ്രാകൃതം: എൻസിഎംജെ
പത്തനംതിട്ട: കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചതും അറസ്റ്റ് ചെയ്തതും ഞെട്ടിക്കുന്നുവെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ പത്തനംതിട്ട ജില്ലാ കമ്മിറ്റി. നാഷണൽ ഹ്യൂമൺ റൈറ്റസ് കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടൽ നടത്തണമെന്നും ജില്ലാ പ്രസിഡന്റ് ഫാ. ബെന്യാമിൻ ശങ്കരത്തിൽ, സെക്രട്ടറി അനീഷ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.
മൗനം വെടിയണം: ഡി.കെ. ജോൺ
പത്തനംതിട്ട: ഭരണഘടനയെയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന അക്രമികൾക്കെതിരേ അധികാരികൾ മൗനം പാലിക്കുന്നത് മതേതര രാജ്യത്തിനു ഭൂഷണമല്ലെന്നു കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ.ഡി. കെ. ജോൺ. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്പോൾ അതിനെ ന്യായീകരിക്കുന്ന പ്രസ്താവനകളാണ് ഭരണകർത്താക്കൾ നടത്തുന്നതെന്നും ജോൺ അഭിപ്രായപ്പെട്ടു.
തിരുവല്ലയിൽ പ്രതിഷേധം
തിരുവല്ല: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരേ തിരുവല്ലയിൽ പ്രതിഷേധ കൂട്ടായ്മ. തിരുവല്ല അതിഭദ്രാസനത്തിലെ എംസിവൈഎം, എംസിഎ സംഘടനകൾ സംയുക്തമായി തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ടെർമിനലിലാണ് ഇന്നലെ വൈകുന്നേരം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ഐസക് പറപ്പള്ളിൽ നിർവഹിച്ചു. കെസിബിസി മുൻ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഏബ്രഹാം ഇരുമ്പിനിക്കൽ മുഖ്യപ്രഭാഷണം നടത്തി.
കെസിസി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ്, എംസിഎ അതിഭദ്രാസന പ്രസിഡന്റ് . ബിജു പാലത്തിങ്കൽ, തിരുവല്ല മേഖല പ്രസിഡന്റ് ബിജു ജോർജ്, നിരണം മേഖല പ്രസിഡന്റ് ബെന്നി സ്കറിയ, വെണ്ണിക്കുളം മേഖല പ്രസിഡന്റ് ഷാജി പൂച്ചേരിൽ, എംസിവൈഎം അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി. ജോൺ, തിരുവല്ല മേഖല പ്രസിഡന്റ് അഹിയ മേരി ബാബു, ബഥനി സന്യാസിനി സമൂഹ പ്രതിനിധി സിസ്റ്റർ സാഫല്യ, എജി പറപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ബിജെപി നിലപാട് ഇരട്ടത്താപ്പെന്ന്
തിരുവല്ല: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതുമായി ബന്ധപ്പെട്ട് എന്തു ന്യായീകരണമാണ് ഭരണകക്ഷിയായ ബിജെപിക്കു നൽകാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മതേതരത്വത്തെ ഇല്ലാതാക്കി സഞ്ചാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ് ഛത്തീസ്ഗഡ് സർക്കാരെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ജേക്കബ് മദിനഞ്ചേരി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് എം. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബെന്നി പാറേൽ, പി.സി. രാജു , മാമ്മൻ ശക്തിമംഗലം, മാത്യു ജോൺ, രാജൻ ജേക്കബ്, കെ.കെ.തോമസ് എന്നിവർ പ്രസംഗിച്ചു.