കാഞ്ഞിരപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ. ചമ്പക്കര പള്ളിപ്പടിയിൽനിന്നും ആരംഭിച്ച പര്യടനം യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ജനജീവിതം ദുഃസഹമാക്കിയ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള പൂർണ ശ്രമത്തിലാണെന്ന് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. ജനങ്ങളെ ചേർത്തുപിടിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ജി. രാജ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ജനി, സേതു, ഷിൻസ് പീറ്റർ, കേരള കോൺഗ്രസ് നേതാവ് സി.വി. തോമസുകുട്ടി, മുസ്ലിം ലീഗ് നേതാവ് അബ്ദുൽ കരിം മുസലിയാർ, നൗഷാദ് കരിമ്പിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. കൂത്രപ്പള്ളി, കറുകച്ചാൽ, പള്ളിക്കത്തോട്, എരുമത്തല, കുറ്റത്തെക്കേൽ, ചിറക്കടവ് അമ്പലം, പേട്ട കവല വഴി കാഞ്ഞിരപ്പള്ളി ടൗണിൽ പര്യടനം സമാപിച്ചു.
തോമസ് ഐസക് അടൂരിൽ പര്യടനം നടത്തി
പന്തളം: എൽഡിഎഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പന്തളം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച സ്വീകരണപര്യടനം കേരളാ കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. വി.കെ. മുരളി അധ്യക്ഷത വഹിച്ചു.
പള്ളിക്കൽ, കടമ്പനാട്, ഏറത്ത്, ഏഴംകുളം, അടൂർ നഗരസഭ, കൊടുമൺ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ഐക്കാട് ഗാന്ധിസ്മാരകത്തിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിൽ എൽഡിഎഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ, പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, ഡി. സജി, മനോജ് മാധവശേരിൽ, ആർ. ജ്യോതികുമാർ, എ.എൻ. സലിം, എസ്. മനോജ്, വർഗീസ് പേരയിൽ ലസിതാ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
ഐസക് ഇന്ന് റാന്നിയിൽ
പത്തനംതിട്ട: എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് ഇന്ന് റാന്നി മണ്ഡലത്തിൽ സ്വീകരണ പര്യടനം നടത്തും. രാവിലെ എട്ടിന് ചെറുകോൽ പഞ്ചായത്തിലെ ചണ്ണമാങ്കൽനിന്നും ആരംഭിക്കുന്ന പര്യടനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. അങ്ങാടി, പഴവങ്ങാടി, റാന്നി, വടശേരിക്കര, പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകുന്നേരം മണിയാറിൽ സമാപിക്കും.
അനിൽ ആന്റണിക്ക്
മലയോര മേഖലയിൽ സ്വീകരണം
സീതത്തോട്: എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് ചിറ്റാർ, സീതത്തോട് മേഖലകളിൽ സ്വീകരണം നൽകി. രാവിലെ ആങ്ങമൂഴിയിൽനിന്നാരംഭിച്ച സ്വീകരണ പര്യടനം ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു.
സീതത്തോട്, വയ്യാറ്റുപുഴ, തണ്ണിത്തോട്, തേക്കുതതോട്, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ മലയോര മേഖലയിലായിരുന്നു സ്വീകരണം.
ഉച്ചകഴിഞ്ഞ് വെട്ടൂർ, മലയാലപ്പുഴ, മേക്കൊഴൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നലെ സ്വീകരണം ലഭിച്ചു. സ്വീകരണ പര്യടനം ഇന്ന് അയിരൂർ മണ്ഡലത്തിൽ നടക്കും. രാവിലെ പാടിമണ്ണിൽ നിന്നാരംഭിക്കും. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ, അയിരൂർ, ചെറുകോൽ, അങ്ങാടി പഞ്ചായത്തുകളിലൂടെ പുല്ലൂപ്രത്ത് സമാപിക്കും.