പ്രധാനമന്ത്രി ഇടപെടണം:
കേരള കർഷക യൂണിയൻ
കട്ടപ്പന: ഛത്തീസ്ഗഡിൽ മലയാളികളായ സിസ്റ്റേഴ്സിനെ അവർ നൽകിയ വിശദീകരണം പരിഗണിക്കാതെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സംഭവം ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റവും ന്യൂനപക്ഷാവകാശ ലംഘനവുമാണെന്ന് കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റി.
എംപിമാർ ആവശ്യപ്പെട്ടിട്ടും സിസ്റ്റേഴ്സിന്റെ പേരിലുള്ള കേസുകൾ പിൻവലിച്ച് ജയിലിൽനിന്നു പുറത്തിറക്കാനുള്ള സാഹചര്യം രൂപപ്പെടാത്തതിനാൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര- നിയമ - ന്യൂനപക്ഷ വകുപ്പ് മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്ന് കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാക്കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ബിനു ജോണ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, അലക്സ് പൗവ്വത്ത്, ബേബിച്ചൻ കൊച്ചുകരൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഐക്യദാർഢ്യ റാലി
രാജാക്കാട്: ഛത്തീസ്ഗഡിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ ആർ സിറ്റി സെന്റ് മേരീസ് ക്നാനായ പള്ളിയുടെ നേതൃത്വത്തിലുള്ള ക്നാനായ സംഘം,കെസിസി, കെസിവൈഎൽ,കെസിഡബ്ല്യുഎ,ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തി.
വികാരി ഫാ.ഷെറിൻ കുരിക്കേട്ട്, സംഘം പ്രസിഡന്റ് ബേബി കൊല്ലപ്പിള്ളി, ആനിമേറ്റർ ജിബി ബേബി, ജോസ് കോയിത്തറ, പി.സി.സണ്ണി, ജെയ്സൻ മച്ചാനിക്കൽ, ജോയി നെടുഞ്ചേരി, കെ.പി. ജെയിംസ്, ബെറ്റി ബൈജു, ഷൈനി ഷാജി, വി.യു സ്റ്റീഫൻ, ഷാജി ചേലമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
സിഎസ്എം പ്രതിഷേധിച്ചു
തൊടുപുഴ: കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ജയിലിൽ അടച്ചതിനെതിരേ തൊടുപുഴ ന്യൂമാൻ കോളജിലെ കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് പ്രതിഷേധിച്ചു. ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ മനുഷ്യത്വരഹിതമായും ഭരണഘടനാ വിരുദ്ധമായും നടക്കുന്ന ന്യൂനപക്ഷ അവകാശ ലംഘനത്തിൽ പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് ആശങ്ക പ്രകടിപ്പിച്ചു. സിഎസ്എം കോ- ഓർഡിനേറ്റർ സിസ്റ്റർ അമൽ മരിയ, എമിൽഡ സജി, മരിയ, ഏബ്രഹാം, മരിയ ജോ, ജസ്റ്റിൻ കെ. ജയിംസ് എന്നിവർ പ്രസംഗിച്ചു.
കേരള കോണ്ഗ്രസ് -എം
പ്രതിഷേധിച്ചു
ഇരട്ടയാർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരേയും ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങൾക്കെതിരേയും കേരള കോണ്ഗ്രസ്-എം പ്രതിഷേധം സംഘടിപ്പിച്ചു. ഉടുന്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസണ് വർക്കി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലാലിച്ചൻ വള്ളക്കട, സംസ്ഥാന കമ്മിറ്റി അംഗം ജോസുക്കുട്ടി കണ്ണമുണ്ട, ടി.കെ. അപ്പുകുട്ടൻ, ജോസഫ് മാത്യു കാരിമറ്റം, കെ.ജെ. വർക്കി കുളകാട്ട് വയലിൽ,സിനി മാത്യു, ജെറിസിനോ കൊല്ലംപറന്പിൽ, ജോയി വെട്ടികുഴ തുടങ്ങിയവർ നേത്യത്വം നൽകി.
പ്രതിഷേധ റാലിയും സംഗമവും
ചെറുതോണി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കെസിഎസ്എൽ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. തടവിൽ പാർപ്പിച്ചിട്ടുള്ള രണ്ടു കന്യാസ്ത്രീകളെയും മോചിപ്പിച്ച് സർക്കാർ തെറ്റ് തിരുത്തണമെന്ന് പ്രമേയത്തിലൂടെ സംഘടന ആവശ്യപ്പെട്ടു.
കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് കുട്ടികളും അധ്യാപകരും പ്രതിഷേധ റാലിയിൽയിൽ പങ്കെടുത്തു. സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച റാലി തങ്കമണി ടൗൺ ചുറ്റി സ്കൂൾ മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സ്കൂൾ പ്രിൻസിപ്പൽ സാബു കുര്യൻ, ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, കെസിഎസ്എൽ ആനിമേറ്റർമാരായ സിസ്റ്റർ ടെസിന, ഇ.ഒ. റെനി, അധ്യാപകരായ സിസ്റ്റർ റോസ്മി, ജോഷി ജോസഫ്, ജോബിൻ കളത്തിക്കാട്ടിൽ, ജിജി തോമസ്, ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
പിതൃവേദി പ്രതിഷേധിച്ചു
കരിമണ്ണൂർ: ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ പിതൃവേദി കരിമണ്ണൂർ യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് പോൾ കുഴിപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു. ചെറിയാൻ വെളിയത്ത്, ജോസ് കുന്നപ്പിള്ളി, ബിജു കൈതവേലിൽ, ടോമി പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു.
മൂലമറ്റത്ത് പ്രതിഷേധം
മൂലമറ്റം: ഛത്തീസ്ഗഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരേ കത്തോലിക്ക കോണ്ഗ്രസ് മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അജിൽ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. കുര്യൻ കാലായിൽ ഉദ്ഘാടനം ചെയ്തു.
വെള്ളിയാമറ്റം പള്ളി വികാരി ഫാ.ജെയിംസ് വെട്ടുകല്ലേൽ , അറക്കുളം പുത്തൻപള്ളി അസി. വികാരി ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസണ് പിണക്കാട്ട്, ജോർജ് വേങ്ങശേരിയിൽ, ഫ്രാൻസീസ് കരിന്പാനി , റോയ്. ജെ. കല്ലറങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാസ്റ്ററൽ കൗണ്സിലംഗം കുരുവിള ജേക്കബ് പ്രമേയം അവതരിപ്പിച്ചു.