കന്യാസ്ത്രീമാരുടെ ജയിൽ മോചനം ആശ്വാസകരം: സുമിത്ത് ജോർജ്
Saturday, August 2, 2025 4:24 PM IST
കോട്ടയം: ഛത്തീസ്ഗഡിൽ വ്യാജകുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീമാരായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിന്റെയും ജയിൽ മോചനം ആശ്വാസകരമാണെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് ജോർജ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കൻമാരായ അനൂപ് ആന്റണി, ഷോൺ ജോർജ് തുടങ്ങിയർ നടത്തിയ ഇടപെടലുകളാണ് മോചനം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ ഈ നിയമം കൊണ്ടുവരുകയും 2021ൽ അഞ്ച് വൈദികരെ ഉൾപ്പെടെ നിരവധി പേരുടെ അറസ്റ്റുകൾക്ക് നേതൃത്വം നൽകുകയും ചെയ്ത കോൺഗ്രസ് നേതൃത്വം ഇപ്പോൾ ഇരട്ടത്താപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഇടതു ഭരണകാലത്ത് കേരളത്തിലും സമാനമായ അറസ്റ്റ് ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ മൂന്നു വർഷത്തോളം ഒരു സന്ന്യസ്ത സമൂഹം നിയമ യുദ്ധം നടത്തിയതും ആരും മറന്നിട്ടില്ല.
കന്യാസ്ത്രീമാരുടെ മോചനം ഇവർ ആഗ്രഹിച്ചിരുന്നില്ല. വിഷയം കൂടുതൽ വഷളാക്കി രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമാണ് നടന്നതെന്നും സുമിത്ത് ജോർജ് കൂട്ടിച്ചേർത്തു.