പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.
ചെന്നായ്പ്പാറ സ്വദേശിനി മംഗലത്ത് ആലീസിന്റെ വീടിനു പിൻഭാഗത്തെ മതിലിടിഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തുടർന്ന് ഇവരെ വീട്ടിൽനിന്നു മാറ്റിപ്പാർപ്പിച്ചു.
ചെന്നായ്പ്പാറ ആശ്രമത്തിന് സമീപം തോട് കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ വീടുകളിൽ വെള്ളംകയറി. കൊട്ടാരവളപ്പിൽ സ്വരാജ്, സഹദേവൻ എന്നുവരുടെ വീടുകളിലാണ് വെള്ളം കയറിയത്. താമരവെള്ളച്ചാൽ സ്വദേശി മോഹനന്റെ വീട്ടിൽ വെള്ളം കയറിയതോടെ വാർഡ് മെമ്പർ അജിത മോഹൻദാസിന്റെ നേതൃത്വത്തിൽ നാട്ടുകാർചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾനടത്തി.
പുത്തൂർ: പുത്തൻകാട് തോട് കരകവിഞ്ഞതോടെ പ്രദേശത്തെ നിരവധി വീടുകളിലാണ് വെള്ളംകയറിയത്.
വേലുക്കാരൻ വിൻസെന്റ്, പാത്രക്കട നാരായണൻ, ഫ്രാൻസിസ് പൊർത്തൂർ, ബാബു കൊല്ലേലി, വിജയൻ ആന്താനി, എൽസി എലവുത്തിങ്കൽ, കൂമുള്ളി ശശി, ഔസേപ്പ് വില്ലൻ, ദാസൻ കള്ളാടത്തിൽ, സുബ്രഹ്മണ്യൻ വെളിയത്തുപറമ്പിൽ, നോബിൾ തച്ചേലിക്കര, ചിറയത്ത് ജോസ്, പഴുപ്പറമ്പിൽ റോയ് തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളംകയറിയത്. കൂടാതെ വെട്ടുകാട് സെന്റ് ജോസഫ് പള്ളിയുടെ എട്ടാംകല്ല് കപ്പോളയുടെ സംരക്ഷണഭിത്തിയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിഞ്ഞുതകർന്നു.
സ്വകാര്യ വ്യക്തികൾ തോട് കെെയേറി നിർമാണ പ്രവൃത്തികൾ നടത്തിയതാണ് ഇത്തരത്തിൽ തോട് കരകവിയാൻ കാരണമെന്നും ഇതിനെതിരേ പഞ്ചായത്തിൽ പരാതിനൽകുമെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ പ്രദേശവാസികൾ അനധികൃത കെെയേറ്റങ്ങൾ പൊളിച്ചുനീക്കുമെന്നും നാട്ടുകാർ പറഞ്ഞു.
പുത്തൂർ: പഞ്ചായത്ത് പരിധിയിലെ വിവിധസ്ഥലങ്ങളിൽ വ്യാപകമായി വെള്ളംകയറി. മിക്ക റോഡുകളും വെള്ളത്തിൽമുങ്ങിയ അവസ്ഥയാണ്. മലയോര പ്രദേശത്തെ തോടുകളെല്ലാം കരകവിഞ്ഞു. ഇതോടെ പ്രദേശത്തെ നിരവധി വീടുകളിലാണ് വെള്ളംകയറിയത്. പുത്തൂർ പഞ്ചായത്ത് പരിധിയിലെ വെട്ടുകാട്, ചെറുകുന്ന്, ഉദയനഗർ, ആശാദീപം, പുളിഞ്ചോട്, പുത്തൻകാട്, ആട്ടുപാലം, സ്നേഹാശ്രമം എന്നീ ഭാഗങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. പുത്തൂർ - മാന്ദാമംഗലം റൂട്ടിൽ വെട്ടുകാട് റോഡിൽ വെള്ളംകയറിയതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതവും ഏറെനേരം തടസപ്പെട്ടു.
വെട്ടുകാട് ഏഴാംകല്ല് സ്നേഹാശ്രമം റോഡിൽ ഉപ്പുമാക്കൻ തോമസിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞു. സമീപവാസി ആക്കാശേരി വർഗീസ്, തെക്കുംപുറം മേരി, ബാബു ആച്ചേരിക്കുടിയിൽ, ചൊള്ളാമാക്കൻ ഷിജു, യാക്കോബ് കൊച്ചുപുരയ്ക്കൽ എന്നിവരുടെ വീടിന് പിന്വശത്താണ് ഉരുൾപൊട്ടലിന് സമാനമായരീതിയിൽ മണ്ണ് ഇടിഞ്ഞുവീണത്. ഇതോടെ ഈ പ്രദേശത്തെ 20 ഓളം വീട്ടുകാർ ഭീതിയിലാണ്. മുരുക്കുംപാറ ഇളംപാറ റോഡിന്റെ സംരക്ഷണഭിത്തിയും കനത്തമഴയിൽ ഇടിഞ്ഞുവീണു. കൂടുതൽഭാഗം ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വിധത്തിൽ വിണ്ടുകീറിയ അവസ്ഥയിലാണ്. ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു.
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും താഴ്ന്നസ്ഥലങ്ങളിൽ വെള്ളംകയറി. മുള്ളൂർക്കര ആറ്റൂർ കമ്പനിപടി, ഓട്ടുപാറ, കുന്നംകുളം റോഡ്, തെക്കുംകര പനങ്ങാട്ടുകര എന്നി പ്രദേശങ്ങളിലാണ് വെള്ളംകയറി ജനജീവിതം സ്തംഭിച്ചത്. വിവിധ സ്ഥലങ്ങളിൽ ചെറിയതോതിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
വടക്കാഞ്ചേരി: അകമല റെയിൽവേട്രാക്കിൽ വെള്ളംകയറി ട്രെയിൻ ഗതാഗതം 20 മിനിറ്റ് തടസപ്പെട്ടു.
അധികൃതരത്തി ഏറെനേരം പണിപ്പെട്ടാണ് ട്രാക്കിൽനിന്നു വെള്ളത്തിന്റെ ശല്യം ഒഴിവാക്കിയത്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സപ്രസാണ് ട്രാക്കിൽ വെള്ളമെത്തിയതിനെ തുടർന്ന് പിടിച്ചിട്ടത്. അകമല കുന്നിനുമുകളിൽനിന്നു അതിശക്തമായി കുത്തിയൊലിച്ച് ഇറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതേതുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകളും വൈകിയാണ് ഓടിയത്. ഒരുമണിക്കൂറിനുള്ളിൽ ട്രാക്കിലെ തടസങ്ങൾ ഒഴിവാക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.