തൃശൂർ: അരിസ്റ്റോ റോഡ് ഉദ്ഘാടനം മേയർ എം.കെ. വർഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി അടക്കം എൽഡിഎഫ് ബഹിഷ്കരിച്ചെങ്കിലും ഡെപ്യൂട്ടി മേയർ എം.എൽ. റോസി നാടമുറിച്ച് റോഡ് വാഹനഗതാഗതത്തിനു തുറന്നുകൊടുത്തു.
തീയതിയും സമയവും ഉദ്ഘാടകനെയും തീരുമാനിച്ചശേഷം രാഷ്ട്രീയലക്ഷ്യത്തിനായി തലേന്നാൾ ഉദ്ഘാടനം നീട്ടിയതിൽ പ്രതിപക്ഷ കൗൺസിലർമാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ഉയർന്നിരുന്നു. 12നു മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിക്കുമെന്നാണു കഴിഞ്ഞ ദിവസം മേയർ അറിയിച്ചിരുന്നത്. എന്നാൽ മുൻകൂട്ടി തീരുമാനിച്ചപ്രകാരം ഇന്നലെത്തന്നെ റോഡ് ഉദ്ഘാടനം നടത്താൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയായിരുന്നു.
വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്നും അരിസ്റ്റോ റോഡ് യാഥാർഥ്യമാക്കാൻ ഡിവിഷൻ കൗൺസിലർമാരായ ലീല വർഗീസും സിന്ധു ആന്റോ ചാക്കോളയും ആത്മാർഥമായി ശ്രമിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
കൗൺസിലർ ലീല വർഗീസ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ മുഖ്യാതിഥിയായി. പൗരസമിതി പ്രസിഡന്റ് ജോസ് മുണ്ടാടൻ, ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക, മുൻ കൗൺസിലർ ബൈജു വർഗീസ്, കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ലാലി ജെയിംസ്, ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ, ഇ.വി. സുനിൽരാജ്, എബി വർഗീസ്, എൻ.എ. ഗോപകുമാർ, അഡ്വ. വില്ലി ജിജോ, സുനിതാ വിനു, ആൻസി ജേക്കബ്, റെജി ജോയ്, നിമ്മി റപ്പായി, വി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.