ന്യൂഡൽഹി: ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും സന്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം കൈവരിച്ച് ചൈനീസ് വ്യവസായിയും ബൈറ്റ്ഡാൻസ് സ്ഥാപകനുമായ ഷാംഗ് യീമിംഗ്. 117.4 ബില്യണ്‍ ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നൻ. 86.90 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി.
ബ്ലൂംബെർഗ് ആണ് പുതിയ പട്ടിക പുറത്തുവിട്ടത്. ബ്ലൂംബെർഗിന്റെ പുതിയ പട്ടിക പ്രകാരം 92.8 ബില്യണ്‍ ഡോളറാണ് നാല്പത്തിയൊന്നുകാരനായ ഷാംഗ് യീമിംഗിന്റെ ആസ്തി. ചൈനീസ് സംരംഭകനും പ്രശസ്ത ടെക് കന്പനിയായ ബൈറ്റ്ഡാൻസിന്റെ സ്ഥാപകനുമാണ് ഷാംഗ് യീമിംഗ്. ചൈനയിലെ ഏറ്റവും വലിയ സന്പന്നനും യീമിംഗ് ആണ്.
ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ വൻവിജയത്തെ തുടർന്ന് ബൈറ്റ്ഡാൻസിന്റെ മൂല്യം ഉയർന്നതാണ് ഷാംഗ് യീമിംഗിന്റെ സന്പത്ത് കുതിച്ചുയരാൻ പ്രധാന കാരണം. നിർമിതബുദ്ധിരംഗത്ത് നിക്ഷേപം വർധിച്ചതും കന്പനിക്ക് നേട്ടമായി.
കന്പനിയുടെ എഐ ചാറ്റ്ബോട്ടായ ‘ഡൗബാവോ’ 30 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളോടെ ചൈനയിലെ ഏറ്റവും ജനപ്രിയ എഐ ചാറ്റ്ബോട്ടായി മാറി. ഇത് കൂടാതെ എഐ രംഗത്ത് വലിയ നിക്ഷേപത്തിനാണ് ബൈറ്റ്ഡാൻസ് ഒരുങ്ങുന്നത്. യുഎസ് ടെക് കന്പനികളോട് മത്സരിക്കുന്നതിനായി ഈ വർഷം 70 ബില്യണ്‍ ഡോളർ വരെ എഐ മേഖലയിൽ നിക്ഷേപിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഷാംഗ് യീമിംഗിന്റെ സന്പത്തിൽ അടുത്തിടെ 24 ബില്യണ്‍ ഡോളറിലധികം വർധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സ് തുടങ്ങിയ നിക്ഷേപകരിൽ നിന്നുള്ള കണക്കുകൾ.
2025-ൽ മാത്രം ബൈറ്റ്ഡാൻസ് ഏകദേശം 50 ബില്യണ്‍ ഡോളർ ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ബിസിനസ് ഘടനയിൽ മാറ്റങ്ങൾ വരുത്തിയതിലൂടെ ടിക് ടോക് അവിടെ നിരോധിക്കപ്പെടുമെന്ന ആശങ്ക നീങ്ങിയതും കന്പനിയുടെ മൂല്യം വർധിക്കുന്നതിൽ അനുകൂല ഘടകമായി.
ടിക് ടോക്കിന്റെ യുഎസ് ബിസിനസ് പൂർണമായും നിരോധിക്കുന്നത് ഒഴിവാക്കാൻ, അതിന്റെ ചില ഭാഗങ്ങൾ അമേരിക്കൻ നിക്ഷേപകർക്ക് (ഒറാക്കിൾ, സിൽവർ ലേക്ക്, എംജിഎക്സ് എന്നിവരടങ്ങുന്ന കണ്‍സോർഷ്യം) ബൈറ്റ്ഡാൻസ് വിജയകരമായി കൈമാറിയിരുന്നു. ഇതോടെയാണ് കന്പനിക്കുണ്ടായിരുന്ന നിയമപരമായ പ്രതിസന്ധികൾ അവസാനിച്ചത്. 2019ൽ അദ്ദേഹത്തിന്റെ ആസ്തി വെറും 13 ബില്യണ്‍ ഡോളർ മാത്രമായിരുന്നു.
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ജനിച്ച ഷാംഗ് യീമിംഗ്, നങ്കായ് യൂണിവേഴ്സിറ്റിയിൽനിന്നാണ് സോഫ്റ്റ്വേർ എൻജിനിയറിംഗ് പഠിച്ചത്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കന്പനികളിൽ ജോലി ചെയ്ത ശേഷം 2012-ൽ ബെയ്ജിംഗിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് അദ്ദേഹം ബൈറ്റ്ഡാൻസിന് തുടക്കം കുറിച്ചത്.
2021-ൽ അദ്ദേഹം ബൈറ്റ്ഡാൻസിന്റെ സിഇഒ, ചെയർമാൻ സ്ഥാനങ്ങളിൽനിന്ന് രാജിവച്ചു. വ്യക്തിപരമായ പഠനങ്ങളിലും കന്പനിയുടെ ദീർഘകാല തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണു രാജിയെന്നാണ് അദ്ദേഹം രാജിയുടെ കാരണത്തെക്കുറിച്ച് പറഞ്ഞത്. കന്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായി അദ്ദേഹം തുടരുന്നു.
ചൈനയിലെ ടിയാൻജിനിലുള്ള നാൻകായ് യൂണിവേഴ്സിറ്റിയിൽ ഒന്നിച്ചു പഠിച്ച തന്റെ സഹപാഠിയെയാണ് ഷാംഗ് യീമിംഗ് വിവാഹം കഴിച്ചത്. പഠനകാലത്ത് കംപ്യൂട്ടറുകൾ കേടുപാടുകൾ തീർക്കാൻ സഹായിച്ചതിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ, തന്റെ വ്യക്തിജീവിതവും കുടുംബാംഗങ്ങളുടെ വിവരങ്ങളും അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കാൻ താത്പര്യപ്പെടുന്ന ആളായതിനാൽ ഭാര്യയുടെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം പൊതുവേദിയിൽ പങ്കുവച്ചിട്ടില്ല.
Tags : Zhang Yiming Ambani falls richest person Asia