മ്യൂണിക്: സാന്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ജർമൻ സ്പോർട്സ്വെയർ ബ്രാൻഡായ പ്യൂമയെ സ്വന്തമാക്കാൻ ചൈനീസ് സ്പോർട്സ് വെയർ കന്പനികളായ ആന്റാ സ്പോർട്സും ലി നിംഗും രംഗത്ത്.
ആന്റാ സ്പോർട്സും ലീ നിംഗും ഹോങ്കോംഗ് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ രണ്ടു കന്പനികളും ഒരു ബിഡ് വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ വർഷം പ്യൂമയുടെ വിപണി മൂല്യം പകുതിയായി കുറഞ്ഞതിനാൽ, പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ആർട്ടെമിസുമായി ഒരു ഇടപാടിന്റെ മൂല്യംനിർണയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഏറ്റെടുക്കലിനായി രണ്ടു ചൈനീസ് കന്പനികളും സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായി ചേർന്ന് പ്രവർത്തിക്കാം.
ആന്റാ സ്പോർട്സും ലി നിംഗും ബിഡ് വിലയിരുത്തുന്നുണ്ടെന്ന റിപ്പോർട്ട് ബ്ലൂംബെർഗ് ന്യൂസ് പുറത്തുവിട്ടതോടെ ജർമൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്യൂമ ഓഹരികൾ 15 ശതമാനം ഉയർന്നു. ജാപ്പനീസ് സ്പോർട്സ്വെയർ കന്പനി അസിക്സും പ്യൂമയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അസിക്സ് പ്യൂമ ഏറ്റെടുക്കുന്ന കാര്യം നിഷേധിച്ചിട്ടുണ്ട്.
പുതിയ ബ്രാൻഡുകൾ കൂടുതൽ പ്രചാരമായതും സ്പോർട്സ് വെയർ വിപണിയിലെ കടുത്ത മത്സരവും പ്യൂമയ്ക്കു തിരിച്ചടിയായി. ഓണ്റണ്ണിംഗ്, ഹോക്ക തുടങ്ങിയ പുതിയ ബ്രാൻഡുകൾ കൂടുതൽ ജനപ്രിയമായി മാറി.
ഒപ്പം മുഖ്യ എതിരാളിയായ അഡിഡാസിനോടും മത്സരിച്ച് സ്പോർടസ് വെയർ വിപണിയിൽ പ്യൂമയ്ക്ക് സ്ഥാനം നഷ്ടമായി. വില്പന വലിയ തോതിൽ ഇടിഞ്ഞതോടെ ഏപ്രിലിൽ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർനെ ഫ്രോയിഡിനെ പുറത്താക്കി അഡിഡാസിൽ സെയിൽസ് ചീഫ് ആയിരുന്ന അർതർ ഹോയൽഡിനെ ആ സ്ഥാനത്തെത്തിച്ചു.
Tags : Puma Anta sports LI Ning