ബംഗളൂരു: ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകതയെത്തുടർന്ന് രാജ്യത്തെ സേവനമേഖല ഏപ്രിൽ മാസത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി.
മാർച്ചിൽ 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പോയ വളർച്ചാനിരക്ക്, ഏപ്രിലിൽ അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് തിരിച്ചെത്തിയതായി എച്ച്എസ്ബിസി പുറത്തുവിട്ട പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് വ്യക്തമാക്കുന്നു.
സേവനമേഖലയിലെ പ്രവർത്തനങ്ങൾ അളക്കുന്ന പിഎംഐ സൂചിക മാർച്ചിലെ 57.5ൽനിന്ന് ഏപ്രിലിൽ 58.8 ആയി ഉയർന്നു. 2021 പകുതി മുതൽ ഈ സൂചിക വളർച്ചയെ സൂചിപ്പിക്കുന്ന 50ന് മുകളിലാണ് തുടരുന്നത്.
ഉപഭോക്തൃ സേവനങ്ങൾ, ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിലെ മുന്നേറ്റമാണ് ഈ നേട്ടത്തിനു പ്രധാനമായും കരുത്തേകിയത്. ഇ-കൊമേഴ്സ് രംഗത്തെ കുതിപ്പും ലോജിസ്റ്റിക്സ് സേവനങ്ങൾക്കു ലഭിച്ച കൂടുതൽ ഓർഡറുകളും വളർച്ചയ്ക്ക് വേഗം കൂട്ടി.
എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിനോദസഞ്ചാര മേഖലയിലെ മാന്ദ്യവും കാരണം വിദേശത്തുനിന്നുള്ള ഓർഡറുകളിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ ഉപഭോക്താക്കളിൽനിന്നുള്ള ശക്തമായ ഡിമാൻഡ് ഈ കുറവ് നികത്തി.
ഭക്ഷ്യവസ്തുക്കൾ, പാചകവാതകം, തൊഴിൽ കൂലി എന്നിവയിലുണ്ടായ വർധന കമ്പനികളുടെ പ്രവർത്തന ച്ചെലവ് ഉയർത്തിയിട്ടുണ്ട്. എങ്കിലും ഇതിന്റെ ഭാരം പൂർണമായും ഉപഭോക്താക്കളിലേക്കു കൈമാറാൻ കമ്പനികൾ തയാറായിട്ടില്ല.
പുതിയ ഓർഡറുകൾ വർധിച്ചതോടെ തൊഴിൽ വിപണിയിലും ഉണർവ് പ്രകടമാണ്. കഴിഞ്ഞ പത്തു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിൽ നിയമനമാണ് ഏപ്രിൽ മാസത്തിൽ നടന്നത്. വരാനിരിക്കുന്ന മാസങ്ങളിലും സേവന മേഖലയിലെ ഈ ശുഭപ്രതീക്ഷ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Tags : service sector Great progress country domestic market