കൊച്ചി: ഇന്ധന വിതരണത്തിൽ ക്രമക്കേട് നടത്തിയ 53 വിതരണക്കാർക്കെതിരേ നടപടിയെടുത്തെന്നു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).
20 ഏജൻസികളുടെ വിതരണാവകാശം സസ്പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി. രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിലാണ് ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി സ്വീകരിച്ചതെന്നു കമ്പനി അറിയിച്ചു.
സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പെട്രോളിന്റെയും എൽപിജിയുടെയും വിതരണം സുഗമമായി നടക്കുന്നതായി എച്ച്പിസിഎൽ അറിയിച്ചു. കുപ്രചാരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്പിസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്.
ഏപ്രിൽ നാലിനു മാത്രം വ്യാപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കണക്കിലെടുത്തു ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി വിതരണം കാര്യക്ഷമമാക്കിയതായും എച്ച്പിസിഎൽ അറിയിച്ചു.
Tags : fuel supply HPCL 53 agencies Irregularities Gas cylinder