കെജിഎസ്എംഎ
കൊച്ചി: ഉയര്‍ന്ന ഇറക്കുമതി തീരുവ, സ്വര്‍ണം - വെള്ളി കള്ളക്കടത്തിന് ആക്കം കൂട്ടുമെന്നതിനാല്‍ തീരുവ പുനഃപരിശോധിക്കണമെന്നു കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ).
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചതിനു പിന്നാലെ സ്വര്‍ണം, വെള്ളി കള്ളക്കടത്ത് കേസുകളില്‍ വലിയ വര്‍ധനയുണ്ടായി.
കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും നിയമവിരുദ്ധ ഇറക്കുമതി തടയാന്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന തീരുവ കള്ളക്കടത്തിന് സാമ്പത്തിക പ്രോത്സാഹനമാകുന്ന സാഹചര്യം നിലനില്‍ക്കുന്നതായി അസോസിയേഷന് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര - ആഭ്യന്തര വിപണിയിലെ വില വ്യത്യാസം ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം വര്‍ധിക്കുന്നതിനാല്‍ നിയമവിരുദ്ധ ഇറക്കുമതി കൂടുതല്‍ ലാഭകരമാകുന്നു. ഇതിന്റെ പ്രത്യാഘാതം നിയമാനുസൃതമായി വ്യാപാരം നടത്തുന്ന ആഭരണ വ്യാപാരികളാണ് ഏറ്റുവാങ്ങുന്നത്.
മിതമായ തീരുവ നിരക്ക് നടപ്പാക്കുന്നതിലൂടെ നിയമപരമായ ഇറക്കുമതി വര്‍ധിപ്പിക്കാനും, സര്‍ക്കാര്‍ നികുതി വരുമാനം മെച്ചപ്പെടുത്താനും കള്ളക്കടത്ത് ഗണ്യമായി കുറയ്ക്കാനും രാജ്യത്തെ ബുള്ളിയന്‍ ആഭരണ മേഖലയെ കൂടുതല്‍ സുതാര്യവും ആരോഗ്യകരവുമാക്കാനും കഴിയുമെന്ന് അസോസിയേഷന് അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ ആവശ്യപ്പെട്ടു.
Tags : KGSMA review ImportDuties Business