ബാങ്ക് ഓഫ് ബറോഡ
മുംബൈ: ബാങ്ക് ഓഫ് ബറോഡയുടെ സെർവറുകളിൽ നിന്ന് വൻതോതിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ. ബാങ്കിന്റെ ഉപഭോക്താക്കളുടെയും ആഭ്യന്തര പ്രവർത്തനങ്ങളുടെയും സുപ്രധാന രേഖകൾ ഉൾപ്പെടെ ഏകദേശം 1 ടെറാബൈറ്റ് (1 ടിബി) ഡാറ്റ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ട് പ്രകാരം ബാങ്ക് ഓഫ് ബറോഡയുടെ വ്യക്തിഗത-കോർപറേറ്റ് ബാങ്കിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രേഖകളാണ് പരസ്യമാക്കപ്പെട്ടിട്ടുള്ളത്. ആധാർ നന്പറുകൾ, പേരുകൾ, സേവിംഗ്-കറന്റ് അക്കൗഡ് വിവരങ്ങൾ, വായ്പാ രേഖകൾ, നെറ്റ് ബാങ്കിംഗ് യൂസർ വിവരങ്ങൾ, എൻആർഐ-കോർപറേറ്റ് ബാങ്കിംഗ് സേവന രേഖകൾ, കസ്റ്റമർ സപ്പോർട്ട് വിവരങ്ങൾ, കൂടാതെ ഇന്ത്യയിലുടനീളമുള്ള വിവിധ ശാഖകളിൽനിന്നുള്ള എംടിഎം, വായ്പാ സംബന്ധമായ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബ്രാഞ്ച് ഓഡിറ്റ് റിപ്പോർട്ടുകൾ, വായ്പാ വിലയിരുത്തൽ രേഖകൾ, വിജിലൻസ് അന്വേഷണ രേഖകൾ, ബോബ് വേൾഡ് (bobWorld) ഓഡിറ്റ് റിപ്പോർട്ടുകൾ, വിവിധ ശാഖകളിലെ അപേക്ഷ ഫോമുകൾ ഉൾപ്പെടെയുള്ള ഉപഭോക്തൃ വിവരങ്ങൾ എന്നിവയും വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിഷയത്തിൽ ഒൗദ്യോഗിക പ്രസ്താവനയുമായി ബാങ്ക് ഓഫ് ബറോഡ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിലെ ഒരു ജീവനക്കാരന്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നും സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാങ്ക് ആവശ്യമായ തടസപ്പെടുത്തൽ നടപടികൾ സ്വീകരിച്ചതായും ബാങ്ക് വ്യക്തമാക്കി.
ബാങ്കിന്റെ കോർ ബാങ്കിംഗ് സിസ്റ്റങ്ങളെ (Core Banking Systems) ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അവ പൂർണമായും സുരക്ഷിതമായി തുടരുന്നുവെന്നും അറിയിച്ച അധികൃതർ, സംഭവത്തിൽ സമഗ്രമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഒൗദ്യോഗിക ഏജൻസികളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു.
വിവരങ്ങൾ ചോർത്തിയതിന്റെ ഉത്തരവാദിത്വം ഒരു ഹാക്കർ ഗ്രൂപ്പും ഇതുവരെ ഒൗദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. ട്രിപ്പിൾ എക്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആദ്യമായല്ല ട്രിപ്പിൾ എക്സ് ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത്. ഈ വർഷം മേയിൽ ഇന്തോനേഷ്യയുടെ പൊതുമേഖല ബാങ്കായ ബാങ്ക് നെഗാര ഇന്തോനേഷ്യയിൽനിന്ന് ഏകദേശം രണ്ട് ടിബി ഡാറ്റ മോഷ്ടിച്ചതിന്റെ ഉത്തവരാദിത്വം ഈ ഗ്രൂപ്പ് ഏറ്റെടുത്തിയരുന്നു.
അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചോർന്ന വിവരങ്ങളുടെ വിശ്വസനീയത ഇനിയും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാസ്വേഡുകളോ എടിഎം/യുപിഐ പിൻ നന്പറുകളോ ഒടിപികളോ നിലവിൽ പുറത്തുവന്ന ഡാറ്റാ ഗണത്തിൽ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
Tags : BankofBaroda Data Leak Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash